സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (2018) - 137 min

March 31, 2018

"ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ കഥയുടെ പേരാണ് "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ"


🔻STORY LINE🔻

ഒരു കൊലപാതകക്കേസിൽ തിരയുന്ന പ്രതി ജേക്കബ് തന്റെ കാമുകിയുമായി മൈസൂരിലേക്ക് രക്ഷപ്പെടുന്നു. എന്നാൽ അധികം വൈകാതെ തന്നെ അവൻ പോലീസ് പിടിയിലാവുന്നു. അതോടൊപ്പം തന്നെ കാമുകിയും ഒരു ദുർഘടസാഹചര്യത്തിൽ പെടുന്നു.

ഇനി അവന്റെ മുന്നിൽ ഒറ്റ ലക്ഷ്യമേ ഉള്ളൂ. ജയിൽ ചാടി പുറത്തിറങ്ങുക. എന്നാൽ മാത്രമേ അവന്റെ എല്ലാ പ്രശങ്ങൾക്കും പരിഹാരം ആവുകയുള്ളൂ. തുടർന്ന് ജയിൽ ചാടാനായി അവൻ പല പദ്ധതികളും ആവിഷ്കരിക്കുന്നു.

🔻BEHIND SCREEN🔻

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യൻ. ടിനു പാപ്പച്ചനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും എളുപ്പം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന് കേൾക്കുമ്പോൾ പുതുമ പ്രതീക്ഷിക്കുന്നത് തെറ്റല്ല. പുതുമയുള്ള പ്രമേയം തന്നെയാണ് അദ്ദേഹം ആദ്യചിത്രത്തിനായി തെരഞ്ഞെടുത്തത്. ജയിൽബ്രേക്ക്.

മോസയിലെ കുതിരമീനുകളിൽ സമാന പ്രമേയം തന്നെയായിരുന്നുവെങ്കിലും സിനിമയുടെ ഒരു ഭാഗം മാത്രമായിരുന്നു ആ ജയിൽ ചാടൽ. എന്നാൽ ദിലീപ് കുര്യൻ തിരക്കഥ രചിച്ച ചിത്രത്തിൽ പൂർണ്ണമായും ലക്ഷ്യം വെക്കുന്നത് ജയിൽബ്രെക്ക് എന്ന പ്രമേയത്തിലേക്കാണ്.

ആദ്യ കുറച്ച് രംഗങ്ങളിൽ ജേക്കബിന്റെ ഇപ്പോഴുള്ള ജീവിതവും ബുദ്ധിമുട്ടുകളും കാണിച്ച ശേഷം പിന്നീട് ഫ്രെയിമുകൾ പൂർണ്ണമായും ജയിലിനുള്ളിലാണ്. അതുകൊണ്ട് തന്നെയാണ് പ്ലോട്ട് ആ എരിയയിലേക്ക് മാത്രം മുറുകുന്നതും. ഒരുപക്ഷേ പിടിച്ചിരുത്തുന്ന ഘടകവും അത് തന്നെയാണ്. ജയിലിലുള്ള കഥാപാത്രങ്ങളെ ചെറിയ തോതിൽ പരിചയപ്പെടുത്തുന്നതൊഴിച്ചാൽ പിന്നീടൊരിക്കലും തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നില്ല. പൂർണമായും പിടിച്ചിരുത്തുന്നുണ്ട് കഥയും അവതരണവും.

ആദ്യപകുതി അല്പം പതിഞ്ഞ താളത്തിലാണ് തുടങ്ങുന്നത്. ജയിലിലേക്ക് പറിച്ചുനടുന്നത് വരെ അങ്ങനെ തന്നെയാണ്. അവിടേക്ക് വന്നതിന് ശേഷം ആവശ്യത്തിന് മാസ്സ് എലമെന്റ്സും ത്രില്ലിങ്ങ് ചേരുവകളുമുള്ള ചലനത്തിലേക്ക് കടക്കുന്നു. കൂടെ നർമങ്ങൾക്ക് പര്യാപ്തമായ ചില കഥാപാത്രങ്ങളും. അതിലും അവിശ്വസനീയമായി ഒന്നും തോന്നുകയെ ഇല്ല. അവയൊക്കെ പിന്നീട് കഥയിലെ അഭിവാജ്യഘടകങ്ങളാവുന്നുണ്ട്.

നിരാശപ്പെടുത്തിയത് എന്തെന്ന് വെച്ചാൽ പ്രതീക്ഷിച്ച ചില കഥാപാത്രങ്ങൾക്ക് അവരുടേതായ സ്പേസ് കുറവായിരുന്നു എന്ന തോന്നൽ ഉണ്ടാക്കി. വിനായകനും ടിറ്റോയും ആ ലിസ്റ്റിൽ ഉൾപ്പെടും. എന്നാലും ബാക്കിയുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ വിജയിച്ചിട്ടുണ്ട്. ചെറിയ റോളിൽ വന്നവർക്ക് വരെ കയ്യഫി ലഭിക്കുന്ന രംഗങ്ങൾ ചിലത് പ്ലേസ് ചെയ്ത വിധം മികച്ചതായിരുന്നു.
കാണികൾക്ക് മുന്നിൽ വെച്ച പ്രമേയത്തോട് നീതിപുലർത്തുന്ന കഥയും അവതരണവും. ത്രസിപ്പിക്കുന്ന രണ്ടാം പകുതിയും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സും തൃപ്തി സമ്മാനിക്കുന്നവയാണ്. എന്നാൽ ടെയിൽ എന്റ് അത്ര മികച്ചതായി തോന്നിയില്ല എന്നതൊഴിച്ചാൽ പ്രതീക്ഷകൾക്ക് കോട്ടം വരുത്താത്ത അനുഭവമാകുന്നു ഈ സ്വാതന്ത്ര്യം.

ഇനിയും മികച്ച സിനിമകൾ തന്നിൽ നിന്ന് പ്രതീക്ഷിക്കാം എന്ന സംവിധായകന്റെ അടയാളപ്പെടുത്താൽ കൂടിയാണ് ഈ ചിത്രം. കയ്യടികൾ.

🔻ON SCREEN🔻

ആന്റണി വർഗീസിന്റെ കട്ട മാസ്സ് പ്രകടനം കയ്യടി വാരിക്കൂട്ടുന്നുണ്ട്. അത്ര മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട് ജേക്കബിന്റെ വേഷം. കൂടെ ചെമ്പനും വിനായകനും ടിറ്റോയും തങ്ങൾക്ക് കിട്ടിയ വേഷം ഭംഗിയായി അവതരിപ്പിച്ചു. അങ്കമാലിയിലെ പല മുഖങ്ങളും ചിത്രത്തിലും കാണാൻ സാധിച്ചു. ലിജോ ജോസും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.


🔻MUSIC & TECHNICAL SIDES🔻

ഗംഭീരമായിരുന്നു ക്യാമറ വർക്കുകൾ. ജയിൽ ചാടുന്ന രംഗങ്ങളിലെയൊക്കെ വർക്കുകൾ എടുത്ത് പറയാതെ തരമില്ല. അത്ര മികച്ചുനിന്നു അവ. അങ്കമാലിക്ക് ശേഷം ഗിരീഷ് ഗംഗാധരൻ വീണ്ടും അഭിനന്ദനം അർഹിക്കുന്നു ഈ ചിത്രത്തിലെ മിഴിവിന്.

ഉണ്ടായിരുന്ന ഒരു ഗാനം പറയത്തക്ക നല്ലതല്ലെങ്കിലും ബാക്കി ഭാഗത്തെ പശ്ചാത്തലസംഗീതം സന്ദർഭങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ജേക്ക്സ ബിജോയിയുടെ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു ചിത്രത്തിലൂടെ.

ആദ്യ പകുതിയിൽ സ്ലോ മോഷൻ രംഗങ്ങളുടെ ആധിക്യം ഒഴിച്ചാൽ എഡിറ്റിങ്ങും നന്നായിട്ടുണ്ട്.രണ്ടാം പകുതിയും ക്ളൈമാക്സും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളുടെ കോറിയോഗ്രാഫി ശരിക്കും തകർത്തു. അതും ഒരു പൊസിറ്റിവ് ഘടകമാണ്.

🔻FINAL VERDICT🔻

മലയാളസിനിമക്ക് അത്ര പരിചിതമല്ലാത്ത ഒരു പ്രമേയത്തെ ആദ്യചിത്രത്തിനായി തിരഞ്ഞെടുത്തതിൽ തന്നെ അഭിനന്ദനം അർഹിക്കുന്നുണ്ട് സംവിധായകൻ. അതോടൊപ്പം തന്നെ അത് മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനും കയ്യടികൾ. തീയേറ്ററിൽ തന്നെ ആസ്വദിക്കുക. ഒരു പുതുഅനുഭവമായേക്കും ഈ സ്വാതന്ത്ര്യം.

MY RATING :: ★★★½

You Might Also Like

0 Comments