Tombiruo (2017) - 115 min

March 25, 2018

"കാട്ടിലകൾ അവന് ജീവനേകി. കാട്ടുവള്ളികൾ അവന് രക്ഷയേകി. കാടിന്റെ മകനായി അവൻ വളർന്നു."


💢അവന്റെ ജനനം തന്നെ ആസ്വാഭാവികത നിറഞ്ഞതായിരുന്നു. മുഖം മറ്റാർക്കും തൃപ്തിയോടെ നോക്കുവാൻ തന്നെ സാധിക്കാത്ത വണ്ണം വികൃതമായിരുന്നു. എന്നാൽ കാട് മുഴുവൻ അവനോടൊപ്പമായിരുന്നു. അവന്റെ കരവലയങ്ങളിൽ കാട് മുഴുവൻ അവനായി വഴങ്ങി. എന്നാൽ അനിയന്ത്രിതമായി അവനിൽ കഴിവുകൾ വളർന്നുകൊണ്ടിരുന്നു. അതിനെല്ലാം അവന് ആശ്വാസമായി നിന്നത് അച്ഛന്റെ ലാളനയായിരുന്നു.

ഒരു ഡാമിന്റെ നിർമ്മാണാവശ്യത്തിനാണ് അവർ കാട്ടിലേക്ക് കയറിയത്. എന്നാൽ അവിടെ വസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന നിർദ്ദേശം വന്നതോടെ അവർ ആ പ്രോജക്റ്റ് ഉപേക്ഷിച്ചു. ആ സമയം തന്നെ കാട്ടിനുള്ളിൽ ഒരു കൂട്ടർ അക്രമം അഴിച്ചുവിടുന്നു. തുടർന്ന് ടോംബിരുഓക്ക് പ്രതികാരത്തിന്റെ നാളുകളായിരുന്നു. ആ ആക്രമത്തിൽ തന്റെ അച്ഛനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള പ്രതികാരം.

💢1998ൽ രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കേജാണ് ചിത്രം കാഴ്ചവെക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമാണ് ഓരോ രംഗങ്ങളും. അതിനൊപ്പം തന്നെ വൈകാരികമായ ചില രംഗങ്ങളും മികച്ചുനിൽക്കുന്നുണ്ട്.

💢സാധാരണ കഥപറയുന്ന രീതിയോടൊപ്പം തന്നെ കാല്പനികത നിറഞ്ഞ ചില കൂട്ടിച്ചേർക്കലുകൾ കൂടി ചിത്രത്തിലുണ്ട്. ഒരു ഫാന്റസി മോഡിലുളള കഥപറച്ചിലുകൾ ചിലയിടങ്ങളിൽ ദർശിക്കാനാവും. എന്നാൽ അവ ആസ്വാദനത്തിന് ഭംഗം വരുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടെ മികച്ച ക്യാമറവർക്കുകളും ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫിയും കൂടിയാവുമ്പോൾ ആസ്വദിച്ചിരിക്കാൻ പറ്റുന്ന ചിത്രമാവുന്നു Tombiruo.


🔻FINAL VERDICT🔻

ആക്ഷൻ പ്രേമികൾക്ക് യഥേഷ്ടം ആസ്വദിക്കാനുള്ള ചേരുവകൾ ചേർത്തൊരുക്കിയ മികച്ച ആക്ഷൻ ചിത്രം. ചിലയിടങ്ങളിൽ ഫാന്റസി കൂടി കലർത്തുമ്പോൾ കഥാപാത്രത്തിന്റെ കെട്ടിപ്പടുക്കലിന് അത് സഹായകമാവുന്നുമുണ്ട്. ചെറിയ ചില വഴിത്തിരിവുകളും സസ്പെൻസുമൊക്കെയായി തൃപ്തി നൽകുന്ന ഒന്നായി അവസാനിക്കുന്നു ഈ ചിത്രം.

MY RATING :: ★★★½

You Might Also Like

0 Comments