S ദുർഗ (2018) - 90 min

March 26, 2018

"രാജ്യാന്തര മേളകളിൽ വൻ ശ്രദ്ധ നേടിയിട്ടും സ്വന്തം നാട്ടിൽ തിരസ്കരിക്കപ്പെട്ട ചിത്രം."


ദുർഗ. ദേവിയുടെ പേരാണ്. കേൾക്കുമ്പോൾ ഭക്തിസാന്ദ്രമായ നാമം. ദേവിയെ പ്രീതിപ്പെടുത്താൻ ഏതറ്റം വരെയും പോകുന്ന ഒരുകൂട്ടം ആളുകൾ. വായിലൂടെയും നാവിലൂടെയും വേദന പോലും മറന്ന് ശൂലം കുത്തിയിറക്കിയും ഗരുഡൻ തൂക്കം ആടിയും കനലിലൂടെ നടന്നും തൃപ്തിപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഒരുകൂട്ടം. എന്നാൽ ദുർഗ വെറുമൊരു പെണ്ണിന്റെ പേരാണെങ്കിലോ.?

പകലിന്റെ വെളിച്ചത്തിൽ നിന്ന് രാത്രിയുടെ അന്ധകാരത്തിലേക്ക് ഒരു പറിച്ചുനടൽ. റോഡരികിലായി ഒരു സ്ത്രീ ആരെയോ കാത്തുനിൽക്കുന്നു. കുറച്ച് നേരം നീളുന്ന കാത്തിരിപ്പിന് ശേഷം കബീർ എന്ന യുവാവ് ദുർഗ്ഗയുടെ അടുത്തേക്ക് എത്തിച്ചേരുന്നു. ശേഷം ഇരുവരും രക്ഷപെടാനുള്ള തത്രപ്പാടിലാണ്. അതിനായി അവർക്ക് കിട്ടിയതാവട്ടെ അതുവഴി വന്ന ഒരു ഓമ്നി വാനും. എന്നാൽ അത് അവർക്ക് സുരക്ഷിതമായ ഒരു രക്ഷപെടൽ ആയിരിക്കുമോ.?

ദുർഗയെന്ന പേരാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. ഒരു വശത്ത് അത് ദൈവമാണെങ്കിൽ മറ്റൊരു വശത്ത് അതൊരു പെണ്ണാണ്. അപ്പോൾ നോട്ടത്തിന്റെ നിർവചനവും മാറും. ഒരിടത്ത് ഭക്തിയാണെങ്കിൽ അപ്പുറത്ത് കാമമാണ്. ഒരേപേരുള്ള രണ്ട് പേരുടെ വ്യത്യസ്തമായ അവസ്ഥകൾ. ചിന്തിപ്പിക്കുന്ന പ്രമേയം തന്നെ..!

ഭക്തജനങ്ങൾ രാവിലെ മുതൽ ഭുർഗാദേവിയുടെ സന്നിധിയിലാണ്. ദേവിയെ പ്രീതിപ്പെടുത്താനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മറുവശത്ത് ദുർഗയെന്ന പെൺകുട്ടി തെരുവിലേക്കിറങ്ങിയത് മുതൽ ആണുങ്ങളുടെ നോട്ടങ്ങളാലും വാക്കുകളാലും വേട്ടയാടപ്പെടുകയാണ്. സ്വയം സദാചാരപ്പോലീസ് ചമയുന്നവർക്ക് മുന്നിലും എന്തെന്നറിയാതെ, ഒരു സുരക്ഷിതത്വവും ഇല്ലാതെ പേടിച്ചിരിക്കുകയാണ് അവൾ. എന്തുകൊണ്ട് ഒരു സമൂഹത്തിൽ തന്നെ ഇത്തരം വ്യത്യസ്ത ചിന്താഗതികൾ. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഇതാണ്.

ചിത്രത്തിന്റെ പേര് വരുത്തിവെച്ച വിവാദങ്ങൾ ചില്ലറയല്ല. മറ്റു ചലച്ചിത്രോത്സവങ്ങളിൽ വൻ ശ്രദ്ധയും അവാർഡുകളും നേടിയിട്ടും സ്വന്തം നാട്ടിൽ മാത്രം പേരിനെ ഉയർത്തി വന്ന വിവാദങ്ങളാൽ തഴയപ്പെട്ട ചിത്രം. ആദ്യചിന്തയിൽ ആ പേരിന്റെ ആവശ്യം എന്താണെന്ന് തോന്നിയെങ്കിലും പിന്നീട് അത്ര മോശമായ ഒന്നായി തോന്നിയില്ല. വ്യാഖ്യാനങ്ങൾ പല തലത്തിലാവുമ്പോൾ പേരിന്റെ പ്രസക്തികളും മാറുക സ്വാഭാവികം.

ഒരുപറ്റം മനുഷ്യരുടെ കാഴ്ചപ്പാടുകൾ, അല്ലെങ്കിൽ നോക്കിക്കാണലുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രക്ഷകരുടെ വേഷം അണിയുന്നവർ പോലും പിന്നീട് ശത്രുക്കളായി മാറുന്ന ഭീതി സൃഷ്ടിക്കുന്ന കാഴ്ച. ഒരാണിനെയും പെണ്ണിനേയും രാത്രി റോഡരികിൽ കണ്ടാൽ സദാചാര പോലീസ് ചമയുന്ന കാഴ്ച്ച. ഓംനിയിൽ അവർക്ക് ബുദ്ധിമുട്ടുകൾ തന്നെയാണ് സഹിക്കേണ്ടി വരുന്നതെങ്കിലും പലപ്പോഴും പുറംലോകം അതിനേക്കാൾ ഭീകരമായ ഒന്നാണെന്ന ചിന്ത അവരെപ്പോലെ നമ്മളെയും അലട്ടുന്നുണ്ട്. കൂടെ വഴിയിൽ ഒരു അക്രമം നടക്കുമ്പോൾ അതിനോട് കണ്ണടക്കുന്നു ഒരു കൂട്ടരെയും നമുക്ക് കാണാം. ഇതെല്ലാം ഇന്നിന്റെ കാഴ്ചകളാണ്. കണ്ണുതുറപ്പിക്കുന്ന കാഴ്ചകൾ.

ഒരു നായക-നായിക കേന്ദ്രീകൃത കഥയല്ല ചിത്രം മെനഞ്ഞിരിക്കുന്നത്. എല്ലാവരും വെറും കഥാപാത്രങ്ങൾ മാത്രമാണ്. പതിവ് ചട്ടക്കൂടുകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രങ്ങളിൽ പെടുത്താവുന്ന ഒന്നാണ് ദുർഗയും. കണ്ണൻ നായരും രാജശ്രീയും കബീറിന്റെയും ദുർഗ്ഗയെയും മികച്ചതാക്കിയപ്പോൾ മറ്റുള്ള കഥാപാത്രങ്ങളെല്ലാം കാണികളിൽ ഭയം സൃഷ്ടിക്കുന്നതിൽ മുന്നിട്ട് നിന്നു.

പൂർണ്ണമായും നാടകീയത ഒഴിവാക്കിയുള്ള സ്വാഭാവിക സംഭാഷണങ്ങളും ഛായാഗ്രഹണവുമൊക്കെ അവതരണത്തിന് മികച്ച കെട്ടുറപ്പ് നൽകുന്നുണ്ട്. സിംഗിൾ ഷോട്ടുകലളിൽ തല്പരനാണെന്ന് ഒഴിവുദിവസത്തെ കളിയിൽ നിന്ന് തന്നെ ബോധ്യമായതാണ്. അത് ഇവിടെയും പ്രാവർത്തിമാക്കുന്നുണ്ട് സംവിധായകൻ. പലപ്പോഴും അവ ചിത്രത്തിന് നെടുന്തൂൺ ആവുന്നുണ്ട്. അതുപോലെ തന്നെയാണ് അവസാനത്തെ ആ ഗാനവും. ഡെത്ത് മെറ്റൽ മോഡിൽ തയ്യാറാക്കിയിരിക്കുന്ന ആ ഗാനം ആ സാഹചര്യത്തിൽ സമന്യയിപ്പിച്ചത് ഗംഭീരമായ ഒരു നീക്കം തന്നെയായിരുന്നു.

🔻FINAL VERDICT🔻

ചിന്തിപ്പിക്കുന്ന കോറിയിടലുകൾ മനസ്സിൽ നിറച്ചുകൊണ്ടാണ് ചിത്രം നിർത്തുന്നത്. എന്നാൽ അവിടെ എന്ത് സംഭവിച്ചെന്ന് അവ്യക്തം. അതും നമ്മുടെ ലോകത്തേക്ക് വിട്ടുതന്നിരിക്കുന്നു സംവിധായകൻ. സ്ത്രീ ശക്തിയുടെ പര്യായമായ ദുർഗയെ ദൈവമായി കണക്കാക്കുമ്പോൾ സ്ത്രീകൾക്ക് സമൂഹത്തിൽ എന്താണ് വില. അവരെ നോക്കിക്കാണുന്നത് എങ്ങനെയാണ്. ഒരുപിടി ചോദ്യങ്ങൾ മുന്നോട്ട് വെക്കുകയാണ് ചിത്രം.

പ്രോത്സാഹിപ്പിക്കേണ്ട പല കാര്യങ്ങളും ചിത്രം കാട്ടിത്തരുന്നുണ്ട്. ചട്ടക്കൂടുകളുടെ പൊളിച്ചെഴുത്തും പതിവായി ശീലിച്ചുവന്ന ശൈലികളെ വേരോടെ പിഴുതെറിയുന്ന അവതരണവും അഭിനന്ദനം അർഹിക്കുന്നത് തന്നെ. രാത്രിയുടെ ഭീകരത നിറച്ചുകൊണ്ടുള്ള ദുർഗ്ഗയുടെ യാത്ര മോശമല്ലാത്ത ഒരനുഭവം തന്നെയായിരുന്നു.

MY RATING :: ★★★½

You Might Also Like

0 Comments