Mucize 2 : Ask
July 22, 2020🔻'മോഹിപ്പിക്കുന്ന സിനിമ' എന്ന് വിശേഷിപ്പിക്കാൻ തോന്നുന്ന അനുഭവമായിരുന്നു തുർക്കിഷ് ചിത്രമായ 'Mucize' സമ്മാനിച്ചത്. അത്രമേൽ അതിമനോഹരമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥയും അവതരണവും പ്രകടനവും സംഗീതവും ക്യാമറയുമെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തുന്ന സിനിമ. അതിൽ അസീസിന്റെ തിരിച്ചുവരവോടെയാണ് സിനിമ അന്ത്യം കുറിക്കുന്നത്. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് ഈ രണ്ടാം ഭാഗത്തിൽ.
Year : 2019
Run Time : 2h 9min
🔻ജന്മനാ വൈകല്യമുള്ള അസീസിന് ഏറെക്കുറെ രോഗം ഭേദമായിട്ടാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. അതെങ്ങനെയെന്ന് ചോദിക്കുമ്പോൾ സ്നേഹമാണ് തന്റെ രോഗം മാറ്റിയതെന്ന് അസീസ് മറുപടി നൽകുന്നുണ്ട്. സ്നേഹിക്കാൻ മാത്രമറിയുന്ന നാട്ടുകാരുടെ കഥയാണ് മുസൈസ് രണ്ടാം ഭാഗം നമുക്ക് കാട്ടിത്തരുന്നത്.
🔻ആദ്യഭാഗം പോലെ തന്നെ നന്മയും മനുഷ്യത്വവും തുളുമ്പുന്ന കഥയാണ് ഈ ചിത്രത്തിനും. മിസ്‌ഗിന്റെ നറേഷനിലൂടെയാണ് കഥയുടെ മുന്നോട്ട് പോക്ക്. അസീസ് മാഹിറിനൊപ്പം നാട് വിടുന്നതും മാഹിറിന്റെ നാട്ടിൽ എത്തുചേരുന്നതും മുതൽ കഥ തുടങ്ങുന്നു. ആ നാട്ടിൽ തന്റേതായ സ്ഥാനം അസീസ് കണ്ടെത്തുന്നതും തന്റെ വൈകല്യം മറികടക്കാനുള്ള പരിശ്രമത്തിൽ ഏർപ്പെടുന്നതും മിസ്‌ഗിനുമായുള്ള പ്രണയവുമെല്ലാം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം അതിനിടയിൽ നേരിടേണ്ടി വരുന്ന യാതനകളും ബുദ്ധിമുട്ടുകളും നമുക്ക് കാണാം. നാട്ടുകാരുടെ സിനിമാപ്രേമവും മാഹിറിനോടുള്ള സമീപനവുമെല്ലാം ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ പല കൂടിച്ചേരലുകളും നമ്മിൽ സന്തോഷം പകരുന്നുണ്ട്. മാഹിറിനെ പോലെ തന്നെ കാണികൾക്കും ഊർജ്ജം നൽകുന്നുണ്ട്. വൈകാരികമായ രംഗങ്ങൾ അതിന്റെ തീവ്രത ചോരാതെ തന്നെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ വീണ്ടും ഫുൾ മാർക്ക് കൊടുക്കാം.
🔻ആദ്യഭാഗവുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ അൽപ്പം പോരായ്മകൾ കൂടി പ്രകടമാവുന്നതാണ് രണ്ടാം വരവ്. മാഹിറിൽ തുടങ്ങി അസീസിന്റെ ജീവിതത്തിൽ അവസാനിക്കുന്നതായിരുന്നു മുസൈസ് ആദ്യഭാഗം. മാഹിറിൽ നിന്ന് അസീസിലേക്ക് കഥ വഴുതുന്നത് പോലും നമ്മൾ അറിയാതെ പോയിടത്താണ് സംവിധായകൻ എന്ന നിലയിൽ മഹ്‌സുൻ വിജയിച്ചത്. മാഹിറിൽ തുടങ്ങുന്ന കഥ അവസാനിക്കേണ്ടത് മാഹിറിൽ തന്നെയാണ്. മുസൈസ് 2ൽ സംഭവിച്ചിരിക്കുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ അസീസിന്റെ കഥ തീരുന്നതിന് ശേഷവും മാഹിറിലേക്ക് നീളുന്നത് ചെറിയൊരു കല്ലുകടിയായി തോന്നി. അല്ലെങ്കിൽ കഥയിലെ ആ മാറ്റം പ്രകടമായി കാണാൻ സാധിക്കുന്നിടത്ത് ഇത്രയും വലിച്ചുനീട്ടേണ്ട കാര്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി എന്നതാണ് വാസ്തവം. പിന്നെ നാട്ടുകാരെ മൊത്തം നന്മയുടെ ഹോൾസെയിൽ കച്ചവടക്കാരായി വാഴ്ത്തിപ്പാടുന്നതും ഒരു പരിധി കവിഞ്ഞപ്പോൾ വിരസത നൽകി.
🔻പതിവ് പോലെ ഗംഭീര പ്രകടനങ്ങളും അതിമനോഹരമായ പശ്ചാത്തലസംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യമികവും സിനിമ വാഗ്ദാനം ചെയ്യുന്നു. കാഴ്ചയിൽ ഏറെ ആകർഷിക്കപ്പെടുന്നതും ഈ ഘടകങ്ങൾ തന്നെയാണ്. ഒപ്പം ഡയലോഗുകളിലെ ചില റഫറൻസുകളും നന്നായിരുന്നു.
🔻FINAL VERDICT🔻
ആദ്യഭാഗത്തോളം മികവ് പുലർത്തിയതായി തോന്നിയില്ലെങ്കിലും ഡീസന്റായ ഒരവസാനമാണ് മുസൈസ് പോലെയൊരു സിനിമക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. മറ്റെല്ലാ ഘടകങ്ങളും ആദ്യഭാഗത്തോളം മികവ് പുലർത്തുമ്പോഴും തിരക്കഥയിൽ ഒരൽപം അശ്രദ്ധ അല്ലെങ്കിൽ പുതുമയില്ലായ്‌മ കാണാൻ സാധിക്കും. ഒരുപക്ഷെ പ്രതീക്ഷകൾ മാറ്റിവെച്ച് കാണാൻ ശ്രമിച്ചാൽ കൂടുതൽ ഇഷ്ടമായേക്കും. ആദ്യഭാഗം കണ്ടിട്ടുള്ളവർ തീർച്ചയായും കാണുക.
AB RATES ★★★☆☆
0 Comments