Una (2016) - 94 min

March 27, 2018

"അന്ന് ബീച്ചിൽ വെച്ച് എനിക്കൊരു വാഗ്ദാനം നൽകിയത് നീ ഓർക്കുന്നുണ്ടോ. നമ്മൾ മാത്രമുള്ള ഒരു ജീവിതം."


💢സന്തോഷകരമായിരുന്നില്ല അവളുടെ ജീവിതം. ചെറുപ്പത്തിൽ തന്നെ ഒരു വലിയ ദുരന്തം അവളെ തേടിയെത്തിയപ്പോൾ പിന്നീടുള്ള വളർച്ചയിൽ സന്തോഷം കണ്ടെത്താനായില്ല. എന്നാൽ അവൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. തന്റെ ജീവിതം തകർത്തെന്ന് അവൾ വിശ്വസിക്കുന്ന ആളെ കണ്ടെത്തുക.

ഒരു പത്രപ്പരസ്യം കണ്ടാണ് അവൾ ആ ഫാക്ടറിയിൽ എത്തിയത്. ആ ഫോട്ടോയിൽ കാണുന്ന ആളെ എല്ലാവരും വിളിക്കുന്നത് പീറ്റർ എന്നാണ്. പക്ഷെ യഥാർത്ഥ ഐഡന്റിറ്റി അറിയാവുന്നത് അവൾക്ക് മാത്രം. കാണാൻ പാടുപെട്ടുവെങ്കിലും കണ്ടമാത്രയിൽ ഇരുവരും ഒരു നടുക്കം രേഖപ്പെടുത്തി. പിന്നീട് അവരുടെ യാത്ര ഭൂതകാലത്തേക്കായിരുന്നു. താൻ ആഗ്രഹിച്ചതും നടക്കാതെപോയതുമായ നിമിഷങ്ങൾ നിറഞ്ഞ ഭൂതകാലത്തേക്ക്.

💢ഒരു സ്റ്റേജ് പ്ളേയെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്ളേ എഴുതിയ ആൾ തന്നെയാണ് അത് രചിച്ചതും. മാനസികസംഘർഷങ്ങൾ നിറഞ്ഞ ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയുന്നത്. 13ആം വയസ്സിൽ താൻ സ്നേഹിച്ചിരുന്ന റേ ഒരു നിമിഷം പൊടുന്നനെ തന്നെ വിട്ട് പോവുക. അദ്ദേഹവുമൊത്തുള്ള ഒരു പുത്തൻ ജീവിതം സ്വപ്നം കണ്ടിരുന്ന ഉനക്ക് താങ്ങാൻ പോലുമാവുമായിരുന്നില്ല ആ അവസ്ഥ. 

💢പിന്നീടെപ്പോഴോ അതിൽ നിന്ന് കരകയറിയെങ്കിലും അദ്ദേഹത്തെ അന്വേഷിച്ചുനടക്കുക അവളുടെ പതിവായിരുന്നു. എന്നാൽ ഇരുവരും കണ്ടുമുട്ടുന്ന സന്ദർഭത്തിൽ എന്താവും മനസ്സിലൂടെ കടന്നുപോവുക. അന്ന് ആ ദിവസം ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചതെന്താണ്. ഓരോ നിമിഷവും ടെൻഷൻ നിറക്കുന്ന കാഴ്ചകളാണ് പിന്നെ തേടിയെത്തുന്നത്.

💢പിടിച്ചിരുത്തുന്ന പല സന്ദർഭങ്ങൾക്കും ശേഷം സംവിധായകന്റെ കൈയിൽ നിന്ന് പിടിവിട്ടു പോവുന്നത് പോലെയാണ് തോന്നിയത്. ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന കൃത്യമായ ലക്ഷ്യമില്ലാതെ, നിശ്ചിതമായ ഒരുത്തരം നൽകാനാവാതെ, അത്ര നേരം അനുഭവിച്ച പിരിമുറുക്കങ്ങൾക്ക് പര്യാപ്തമായ ഒരു ഉപസംഹാരം നൽകാതെ പോയത് പോരായ്മയായി നിഴലിച്ചു.

🔻FINAL VERDICT🔻

പെഡോഫൈൽ എന്ന പ്രമേയത്തിൽ പടുത്തുയർത്തിയ, മാനസികസംഘർഷങ്ങൾ ഉണർത്തുന്ന സഞ്ചാരമായിരുന്നു ചിത്രത്തിന്റേത്. എന്നാൽ അത്ര നേരം അനുഭവിച്ചത് ഒന്നുമല്ലാതാക്കിയ ഉപസംഹാരം ആസ്വാദനത്തെ പിന്നോട്ട് വലിക്കുന്നു. എങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാവുന്നു ഉന.

MY RATING : ★★★☆☆

You Might Also Like

0 Comments