വികടകുമാരൻ -(2018) - 131 min

March 30, 2018




🔻STORY LINE🔻

തമിഴ്നാട്ടിൽ ഒരു പെൺകുട്ടി മൂന്നംഗസംഘത്താൽ ബലാത്സംഗം ചെയ്യപ്പെടുന്നു.അത് കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് കഥ കൊണ്ടുവരുന്നത് കേരളത്തിലേക്ക്. വക്കീലായി പ്രാക്ട്ടീസ് ചെയ്യുന്ന ബിനുവും ഗുമസ്തനും പേരെടുത്ത വക്കീലുമാരാവാൻ പരിശ്രമിക്കുന്നതാണ് കാണാൻ കഴിയുക.

ഒരു സാഹചര്യത്തിൽ പ്രമാദമായ ഒരു കേസ് അവരുടെ മുന്നിലേക്ക് എത്തിപ്പെടുന്നു. തുടർന്നുള്ള ബിനുവിന്റെ ജീവിതവും കേസുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻BEHIND SCREEN🔻

ഷാജഹാനും പരീക്കുട്ടിയും, റോമൻസ്. സംവിധായകൻ ബോബൻ സാമുവലും തിരക്കഥാകൃത്ത് Y.V രാജേഷും ചേർന്നൊരുക്കിയ ചിത്രങ്ങളാണ്. ഒരെണ്ണം നിലവാരം പുലർത്തിയപ്പോൾ മറ്റൊന്ന് അസഹനീയമായ ഒന്നായി. ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വികടകുമാരൻ.

ഒരു കോമഡി-കോർട്ട് ഡ്രാമ എന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പേരെടുത്ത വക്കീലാവാൻ പരിശ്രമിക്കുന്ന നായകന്റെയും ഗുമസ്ഥന്റെയും കോടതിനർമ്മങ്ങളുമായി അല്പം രസിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്. അതോടൊപ്പം നായകന്റെ പ്രണയത്തിന്റെ മറ്റൊരു ട്രാക്കും. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ മുന്നേറുമ്പോഴാണ്‌ ഒരു സംഭവം അരങ്ങേറുന്നത്.തുടർന്ന് ചിത്രത്തിന്റെ ട്രാക്ക് മാറുന്നു.

ത്രില്ലർ പരിവേഷം സ്വീകരിക്കുന്ന ഒരു ചിത്രമാണ് പിന്നെ കാണാനാവുക. കോമഡിയും ചളികളും നിറഞ്ഞ ആദ്യപകുതിയിൽ നിന്ന് വ്യത്യസ്തമായ ഒരു റൂട്ടിലാണ് പിന്നീടുള്ള സഞ്ചാരം. ഇന്റർവെല്ലിന് മുമ്പുള്ള കുറച്ച് രംഗങ്ങളും ഇന്റർവെൽ ബ്ലോക്കും അതിന് ശേഷം പൂർണ്ണമായും ത്രില്ലിലാകുന്ന കഥാഗതിയും പിടിച്ചിരുത്തുന്നത്. അതിനിടക്ക് പുട്ടിന് പീര പോലെ ചില കോമഡികളും ചേർത്തിട്ടുണ്ട്.

തെല്ലും ബോറടിപ്പിക്കാതെ, കാണികളെയും കഥയിലേക്ക് ലയിപ്പിച്ചിരുത്തുന്ന തരത്തിലാണ് കോർട്ട് രംഗങ്ങളുടെ അവതരണം. എന്നാൽ ക്ലൈമാക്സ് സ്വല്പം നിരാശയാണ് സമ്മാനിച്ചതെന്ന് പറയാതെ വയ്യ. അവതരണത്തിലെ പോരായ്മയാണ് അതിൽ ഏറിയ പങ്കും വഹിച്ചിരുന്നത്. ആ ട്വിസ്റ്റ് തന്നെ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്ന തോന്നലും ഉണ്ടായി. എങ്കിലും സീരിയസ് മൂഡിലേക്ക് കടന്നതിന് ശേഷം ഒടുക്കം വരെ ആ ത്രിൽ ഫാക്റ്റർ ചിത്രം കാത്തുസൂക്ഷിക്കുന്നതിനാൽ നിരാശപ്പെടുത്തിയേക്കില്ല ചിത്രം. മാത്രമല്ല തിരക്കാഥാകൃതിന്റെയും സംവിധായകന്റെയും മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിൽ ഗ്രാഫ് ഉയരുകയാണ്. എന്നാൽ ലോജിക്കില്ലായ്മ ഇവിടെയും തുടരുന്നുണ്ട്.

🔻ON SCREEN🔻

കട്ടപ്പനയിലെ ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണുവും ധർമജനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിലെ ഹൈലൈറ്റ് ആണ്. അവരുടെ കൂട്ടുകെട്ട് തന്നെയാണ് ആദ്യ പകുതിയിൽ രസിപ്പിക്കുന്നതും. നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് ഇരുവരും. നായിക മാനസ എന്തിനോ വന്ന് പോയി. ബൈജുവിന്റെ രസകരമായ വക്കീൽ വേഷം പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. കൂടെ കട്ട വില്ലനിസവുമായി ജിനുവും തകർത്തു.

🔻MUSIC & TECHNICAL SIDES🔻

ഒരു ഗാനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അത്ര ഇമ്പമുള്ളതായി തോന്നിയതുമില്ല. അതിലെ കൊറിയോഗ്രാഫി പരാമബോറായിരുന്നു. പശ്ചാത്തലസംഗീതവും ക്യാമറയും വേണ്ടവിധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.


🔻FINAL VERDICT🔻

മുൻചിത്രങ്ങൾ പോലെ തന്നെ ലോജിക്കില്ലായ്‌മയുടെ പ്രേതം ഇവിടെയും വികടനെ വേട്ടയാടുന്നുണ്ട്. എന്നാൽ അത്തരത്തിൽ താത്വികമായ അവലോകനത്തിന് മുതിരാതിരുന്നാൽ തൃപ്തി നൽകുന്ന ത്രില്ലർ ആയേക്കാം ഈ കൊച്ചുചിത്രം. പ്രതീക്ഷയുടെ ഭാരമില്ലാതെ കാണാൻ കയറിയാൽ കൊടുത്ത കാശ് മുതലായേക്കാം.

MY RATING :: ★★★☆☆

You Might Also Like

0 Comments