Brothers Of The Wind (2015) - 98 min

April 01, 2018

"അതിരുകളില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു ഭാഷ്യം"


💢ആൽപ്സ് പർവ്വതനിരകളിലാണ് ആ പക്ഷിക്കൂട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് പരുന്തുകൾ തങ്ങളുടെ മുട്ട വിരിയുന്നതും കാത്തിരിപ്പാണ്. അങ്ങനെയൊരു ദിവസം ആ മുട്ട വിരിയുന്നു. അതോടൊപ്പം തന്നെ ഒരു മത്സരബുദ്ധി കൂടി അവിടെ ഉണരുകയാണ്.

അതെ സമയം തന്നെ താഴ്വാരത്ത് താമസിക്കുന്ന ലൂക്കാസ് ഏകാന്തനാണ്. തന്റെ അമ്മയുടെ മരണത്തിന് ശേഷം അച്ഛനോട് പോലും ഒരു വാക്ക് അവൻ മിണ്ടിയിട്ടില്ല. അമ്മയുടെ ഓർമ്മകൾ തങ്ങുന്ന ആ വീട്ടിൽ ഒറ്റക്ക് വസിക്കാൻ ഇഷ്ടപ്പെടുന്ന ലൂക്കാസിന്റെ അടുക്കലേക്ക് ഒരു ദിവസം ആ പരുന്തിൻ കുഞ്ഞ് എത്തിപ്പെടുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള സമ്പർക്കമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

💢മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹസഹവാസത്തിന്റെ കഥകൾ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. ഹാച്ചിയും How To Train Your Dragonഉമൊക്കെ ഇഷ്ടചിത്രങ്ങളായതും പ്രമേയത്തിലെ വ്യത്യസ്തതയും ലാളിത്യവും കൊണ്ടാണ്. അത്തരത്തിൽ അതെ പ്രമേയത്തിൽ ഓസ്ട്രിയയിൽ നിന്ന് പിറവിയെടുത്ത ചിത്രമാണ് Brothers Of The Wind.

"To learn takes courage. And to teach, patience of a mother."

💢സുന്ദരമായ വരികളാണ് മേൽ പറഞ്ഞിരിക്കുന്നത്. ഒരുപക്ഷെ സിനിമയുടെ പല സന്ദർഭങ്ങളെയും ഈ വാക്കുകളുമായി കോർത്തിണക്കാൻ സാധിക്കും. ഒരു മനുഷ്യനും പരുന്തും തമ്മിലുള്ള സഹവാസം വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വർഗ്ഗം തങ്ങളുടെ വളർച്ചക്കനുസരിച്ച് സ്വഭാവവ്യതിയാനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. അവിടെ ഈ ചിത്രത്തിന്റെ പ്രസക്തിയും ഉയരുന്നു.

💢മനോഹരമായ ഒരു ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യവിഷയം. കണ്ട് പരിചിതമായതാണെങ്കിൽ കൂടി സംവിധായകന്റെ കയ്യടക്കത്തോടുകൂടിയ അവതരണം പല സന്ദർഭങ്ങൾക്കും മാറ്റേകുന്നുണ്ട്. അതിനൊപ്പം തന്നെ എക്കോളജിയിലൂടെയും അതിലെ പല കാഴ്ചകളിലൂടെ, പല സ്വഭാവങ്ങളിലൂടെ നമ്മെ കൊണ്ടുപോവുന്നുണ്ട്. അത് ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണ്.

💢സ്‌ക്രീനിൽ പതിയുന്ന കാഴ്ചകളുടെ മനോഹാരിത കണ്ടറിയേണ്ടത് തന്നെയാണ്. കണ്ണഞ്ചിപ്പിക്കുന്ന പല കാഴ്ചകളും സന്ദർഭങ്ങളോട് ഇഴുകിച്ചേരുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

🔻FINAL VERDICT🔻

ഒരു സെമി ഡോക്യൂമെന്ററി എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം. മനസ്സിൽ പതിക്കുന്ന ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പതിവ് രീതികളിൽ നിന്ന് മാറി human-animal relation എന്നതിനപ്പുറം പല മനോഹരമായ കാഴ്ചകളും അറിവുകളും സമ്മാനിക്കുന്നുമുണ്ട് ഈ സുന്ദരസഹവാസം. തീർച്ചയായും ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.

MY RATING :: ★★★★☆

You Might Also Like

0 Comments