Vanishing Time : A Boy Who Returned (2016) - 130 min

March 01, 2018

ചുറ്റുമുള്ളതെല്ലാം നിശ്ചലം.അവർ ഒഴുകിയൊഴുകി നടന്നു.വർഷങ്ങളോളം.കൊതി തീരുവോളം.




🔻STORY LINE🔻

തന്റെ രണ്ടാനച്ഛനോടൊപ്പം ജീവിക്കുകയാണ് സൂ റിൻ.ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട അവൾ പൊതുവേ ഉൾവലിഞ്ഞ പ്രകൃതമാണ്.തന്റെ ആവശ്യത്തിനായി ഒരു ഗ്രാമത്തിലേക്ക് ചേക്കേറിയ രണ്ടാനച്ഛനോടൊപ്പം സൂ റിനും യാത്രയാവുന്നു.പുതിയ അന്തരീക്ഷം.പുതിയ സ്ഥലം.

കൂട്ടുകാർ ആരുമില്ലാത്ത അവൾക്ക് ഒരു ബ്ലോഗ് ഉണ്ട്.താൻ മനസ്സിൽ സൃഷ്ടിച്ചിരിക്കുന്നു ഫാന്റസി ലോകം മറ്റുള്ളവർക്കായി തുറന്ന് കാട്ടിയിരിക്കുന്ന പൊതു ഇടം.ഭ്രാന്തമായ ചിന്തകൾ പതിവായി ബ്ലോഗിലൂടെ പങ്കുവെച്ചിരുന്ന അവൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച കൂട്ടുകാരനാണ് സുംഗ്-മിന്.സൗഹൃദത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് അവർ പരസ്പരം എടുക്കാൻ അധികം സമയം വേണ്ടി വന്നില്ല.

ഒരിക്കൽ സൂ റിനും സുംഗ് മിനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് കാട്ടിലേക്ക് ഒരു യാത്ര പോയി.എന്നാൽ തിരിച്ചെത്തിയത് സൂ റിൻ മാത്രമായിരുന്നു.എന്താണ് സത്യത്തിൽ അവിടെ സംഭവിച്ചത്.സൂ റിൻ പിന്നീട് പറഞ്ഞതൊക്കെയും സത്യമാണോ.അതോ ബ്ലോഗിൽ കുറിച്ചിരുന്ന അവളുടെ കാൽപ്പനികത നിറഞ്ഞ ഭ്രാന്തമായ ചിന്തകളിൽ നിന്ന് ഉരിതിരിഞ്ഞതാണോ.നിഗൂഢത നിറഞ്ഞ ആ സംഭവങ്ങൾ ഇന്നും അവളെ വേട്ടയാടുന്നു.

🔻BEHIND SCREEN🔻

സമയബന്ധിതമായ കഥകൾ പലവുരു കണ്ടതും കേട്ടതുമാണ്.ചില ചിത്രങ്ങൾ അത്ഭുതപ്പെടുത്തിയപ്പോൾ മറ്റ് ചിലത് ഇന്നും വ്യാഖ്യാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.ആ ഗണത്തിലേക്ക് കൂട്ടാവുന്നതാണ് Tae Hwa Eom സംവിധാനം ചെയ്ത ഈ ചിത്രം.

തന്റേതായ മനോരാജ്യത്ത് ജീവിക്കുന്നവരിൽ ഭൂരിഭാഗവും സ്വന്തമായി കഥകൾ നെയ്യുവാനും കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനും കഴിവുള്ളവരാണ്.ഒരുപക്ഷേ പേരിന് പോലും ഒരു കൂട്ടില്ലാത്ത സൂ റിനെ ആ ഗണത്തിൽ ചേർക്കാൻ സാധിക്കും.അതുകൊണ്ട് തന്നെയാവണം പുസ്തകം എഴുതാൻ സമീപിച്ച ആ സ്ത്രീയോട് അവൾ പറയുന്ന കഥ പൂർണ്ണമായും വിശ്വാസയോഗ്യമാണോ അല്ലയോ എന്ന സംശയം കാണികളിലും നിലകൊള്ളുന്നത്.അങ്ങനെയല്ലെങ്കിൽ ഒരുപക്ഷേ അവളെ സമീപിച്ച ആ മധ്യവയസ്കൻ പറഞ്ഞ കഥ പൂർണ്ണമായും അവൾക്ക് വിശ്വാസയോഗ്യമായിരിക്കണം.മറ്റൊരു തലത്തിൽ നോക്കിയാൽ അവളുടെ കൂട്ടിച്ചേർക്കലുകളും ആ കഥയിൽ വന്നുപോയിട്ടുണ്ടാവാം.അങ്ങനെ സംശയങ്ങളുടെ ഒരു ഭണ്ടാരം മനസ്സിൽ ഇറക്കി വെച്ചുകൊണ്ടാണ് ചിത്രം അവസാനിച്ചത്.

നമുക്ക് ചുറ്റുമുള്ളതെല്ലാം നിശ്ചലമായിരിക്കുന്ന ഒരവസ്ഥ വന്നാൽ എങ്ങനെയാവും നമ്മുടെ ജീവിതം.സമയം നമ്മളെ മാത്രം ബാധിക്കുന്ന ഒരു ഘടകമാവുകയാണെങ്കിൽ ഏത് ദിശയിലാവും നമ്മുടെ ജീവിതത്തിന്റെ പോക്ക്.അവൾ പറഞ്ഞ കഥയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയാണ്.മറ്റുള്ളവർ എത്രത്തോളം ആ കഥയെ സ്വീകരിക്കുമെന്നറിയില്ല.എങ്കിലും അവളുടെ ചിന്തകളിൽ ആ സംഭവങ്ങൾ സത്യമാണ്.എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുകൂടാ.

ഇതുവരെ കണ്ടറിയാത്ത മായാലോകത്തേക്ക് കാണികളെ കൂട്ടികൊണ്ടുപോവുകയാണ് സംവിധായകൻ.ഒരുപാട് കാഴ്ചകൾ സമ്മാനിക്കാനും കുറെയേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ തോതിൽ മനസ്സിൽ ഒരു വിങ്ങൽ സമ്മാനിക്കാനും.

🔻ON SCREEN🔻

ഗംഭീര പ്രകടനങ്ങൾക്ക് സാക്ഷിയാവാം ഈ ചിത്രത്തിലൂടെ.കുറച്ച് കഥാപാത്രങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ചുള്ള കഥപറച്ചിൽ പല അഭിനേതാക്കളുടെയും മികവിൽ മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കുന്നുണ്ട്.

🔻MUSIC & TECHNICAL SIDES🔻

ഒരു ഗാനം കേൾക്കുന്ന അനുഭൂതിയാണ് പശ്ചാത്തലസംഗീതം പലയിടങ്ങളിലും വന്നുപോവുമ്പോൾ ഉണ്ടാവുക.കൂടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും ഗ്രാഫിക്സിന്റെ മനം മയക്കുന്ന വർണ്ണാഭമായ കരവിരുതും കൂടിയാവുമ്പോൾ മറ്റേതോ ലോകത്ത് ചെന്നെത്തിയ ഫീലാണ് ലഭിച്ചത്.

🔻FINAL VERDICT🔻

വ്യാഖ്യാനങ്ങൾ ഓരോ വ്യക്തികൾക്കതിഷ്ഠിതമാണ്.ഏത് തരത്തിലും ആലോചിച്ച് എടുക്കാവുന്ന, നിഗൂഢത മറയാക്കി നെയ്തിരിക്കുന്ന അതിമനോഹരമായ കഥ.കൂടെ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന മായാലോകത്തെ അവർണനീയ മനോഹാരിത കൂടിയാവുമ്പോൾ ഗംഭീര അനുഭൂതി സമ്മാനിക്കുന്നു ഈ ചിത്രം.

MY RATING :: ★★★½

You Might Also Like

0 Comments