Seven Psychopaths (2012) - 110 min

March 29, 2018

"രണ്ട് വാടകക്കൊലയാളികൾ ഒരു പാലത്തിന് മുകളിലിരുന്ന് ചർച്ചയിലാണ്. ഒരാളെ ഐബോളിൽ വെടിവെച്ച് കൊല്ലുന്നതിനെ പറ്റി എന്താണഭിപ്രായം. തങ്ങളുടെ അടുത്ത ഇരയെ കാത്തിരിക്കുന്നതിനിടക്ക് അവർക്കിടയിൽ ചർച്ച തകൃതിയായി നടക്കുകയാണ്. പെട്ടെന്നേതോ മുഖമൂടി അവരുടെ പുറകിലൂടെ നടന്നുവരുന്നു. ശേഷം ഭാഗം സ്‌ക്രീനിൽ..."


💢ഒരു സിനിമയുടെ ടൈറ്റിൽ ഉണ്ട്. പക്ഷെ അതിന് പറ്റിയ പ്ലോട്ട് കിട്ടുന്നില്ല. അതാണ് മാർട്ടിയുടെ കുഴപ്പം. 7 psychopaths. അതാണ് അദ്ദേഹത്തിന്റെ ടൈറ്റിൽ. വെറുതെ ഏഴ് സൈക്കോപാത്തുകളെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല. പതിവ് രീതികളിൽ നിന്ന് അവർക്കൊരു വ്യത്യസ്തത വേണം. അതാവട്ടെ അദ്ദേഹത്തിന് കിട്ടുന്നുമില്ല. അങ്ങനെ ആകെ കുഴുഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് മാർട്ടി.

അവിടെയാണ് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ ബില്ലിയുടെ ബുദ്ധി തെളിഞ്ഞത്. ഒന്നും നോക്കിയില്ല. പത്രത്തിൽ  പരസ്യം കൊടുത്തുകളഞ്ഞു. സൈക്കോപാത്തുകൾ ഉണ്ടെങ്കിൽ ഈ അഡ്രസ്സിൽ വന്ന് അനുഭവങ്ങൾ പങ്കുവെക്കുക. അതിനിടക്ക് വേറൊരു ട്വിസ്റ്റ്. തന്റെ പട്ടിയെ നഷ്ടപ്പെട്ടതിൽ വിഷമിക്കുന്ന ഒരു ഡോൺ. തന്റെ കുട്ടിക്ക് വല്ലതും പറ്റിയാലും കുഴപ്പവില്ല. പക്ഷെ പട്ടിക്ക് വല്ലതും പറ്റിയാൽ അങ്ങേര് സഹിക്കില്ല. അങ്ങനെ ഓരോരോ കഥാപാത്രങ്ങളായി സ്ക്രീനിലേക്ക് വന്നുകൊണ്ടേയിരുന്നു.

💢ഒരു കഥയുമില്ല. അതാണ് ഈ സിനിമയുടെ കഥ. എന്താണ് സംഭവിക്കുന്നതെന്നോ ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്നോ ഒരു പിടിയും തരാതെ മുന്നേറുന്ന കഥ. കൂടെക്കൂടെ ചിരിപ്പിക്കുകയും ചിലയിടത്ത് ഞെട്ടിക്കുകയും ചെയ്യുന്ന പ്രതീതി. പല സിനിമകളുടെയും ഒരു മിക്സ് എന്ന് വേണമെങ്കിൽ തോന്നിയേക്കാം. അതോ ഒരു സ്പൂഫ് ആണോ. ആ..

💢സാം റോക്ക്‌വെല്ലിന്റെ കലക്കൻ പ്രകടനമാണ് ഹൈലൈറ്റ്. എന്തൊരു എനർജിയാണോ പുള്ളിക്കാരന്. കൂടെ ഹാരെത്സണും തകർത്തു. അടി ഇടി വെടി എല്ലാം ഉണ്ട്. ആകെമൊത്തത്തിൽ  രസകരമായ ഒരനുഭവമാകുന്നു 7 സൈക്കോപ്പാത്തുക്കളുടെ കൂടെയുള്ള കറക്കം.

🔻FINAL VERDICT🔻

പല സിനിമകളിൽ നിന്നും അനുരൂപീകരണം കടമെടുത്തപോലെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്നപോലെ കഥയില്ലായ്മയാണ് എന്റെ കഥ എന്ന് വേണ്ടമെങ്കിൽ ചിത്രം കഴിയുമ്പോൾ തോന്നും. പ്രതീക്ഷിക്കാത്ത, വളരെ വ്യത്യസ്തമായ ഒരനുഭവമാണ് കരുതി വെച്ചിരിക്കുന്നത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്ക് ഹരം പകരുന്ന ഒന്ന്.

MY RATING :: ★★★½

You Might Also Like

0 Comments