House Of The Disappeared (2017) - 100 min

March 27, 2018

"വർഷങ്ങൾക്കിപ്പുറവും വേട്ടയാടുന്ന ഓർമകളും മറനീങ്ങാത്ത സത്യങ്ങളും."


💢25 വർഷം. അതായിരുന്നു അവളുടെ ശിക്ഷാകാലാവധി. തന്റെ ഭർത്താവിനെയും മകനെയും വധിച്ച കുറ്റത്തിന് മി ഹി എന്ന യുവതിക്ക് ലഭിച്ച ശിക്ഷ. താനല്ല അത്ചെയ്തത് എന്ന പൂർണ്ണബോധം അവൾക്കുണ്ട്. എന്നാൽ തെളിവുകൾ അവളുടെ വിരലടയാളങ്ങളുടെ രൂപത്തിൽ തന്നെ ശിക്ഷയോട് അടുപ്പിക്കുമ്പോൾ നീതിന്യായ വ്യവസ്ഥക്ക് മി ഹിയെ ശിക്ഷിക്കാതെ തരമുണ്ടായില്ല.

എന്നാൽ എന്താണന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്. മി ഹിയുടെ വാക്കുകൾ കേട്ടാൽ അതൊരു മുത്തശ്ശിക്കഥയാണെന്നേ ആർക്കും തോന്നൂ. അത്ര അതിശയോക്തി നിറഞ്ഞ വാക്കുകളാണ് ആ സംഭവത്തെ പറ്റി മി ഹി രേഖപ്പെടുത്തുന്നത്. ഒരുപക്ഷെ ആ വാക്കുകളിൽ യാഥാർഥ്യം എന്തെങ്കിലും കാണുമോ. അതായി ചെയ്ത കുറ്റം മറക്കുവാനുള്ള ഒരു കടമ്പ മാത്രമാണോ അത്.

25 വർഷങ്ങൾക്കിപ്പുറം തന്നിൽ ബാധിച്ച രോഗത്തിന്റെ പേരിൽ ഇളവ് ചെയ്യപ്പെടുന്ന, എന്നാൽ ഒരു ജയിലിൽ നിന്ന് മറ്റൊരു ജയിലിലേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ശിക്ഷാകാലം വിധിക്കപ്പെടുമ്പോൾ മി ഹിയുടെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉള്ളൂ. വാർദ്ധക്യത്തിന്റെ മൂർധതയിൽ എത്തുമ്പോഴും തന്റെ മകനെ എങ്ങനെയും കണ്ടുപിടിക്കുക. അന്ന് രാത്രി അവിടെ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുക.

💢ഹൊറർ മൂഡിലാണ് ചിത്രം തുടങ്ങുന്നത്. ആദ്യം തെല്ല് പതുക്കെ സഞ്ചരിച്ച് തുടങ്ങുന്ന കഥാവിവരണം കൂടെക്കൂടെ പേസ് കൂട്ടുന്നു. ഭീതി നിറക്കുന്ന അന്തരീക്ഷവും കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ നിമിഷവും കാണികളെ ഉദ്വെഗത്തിലാക്കുന്നു. അതോടൊപ്പം തന്നെ ഇടയ്ക്കിടെ വരുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങൾ പാസ്റ്റും പ്രെസെന്റും ഏത് പോയിന്റിൽ കൂട്ടിമുട്ടുമെന്ന ചോദ്യവും ഉണർത്തുന്നു.

💢മുഴുനീള ഹൊറർ പ്രതീക്ഷയിൽ കണ്ടിരുന്ന ചിത്രം പൊടുന്നനെ ഒരു വഴിത്തിരിവിൽ പെടുമെന്ന് പ്രതീക്ഷിച്ചതല്ല. പിന്നീടങ്ങോട്ട് പുത്തൻ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. പല ചിത്രങ്ങളിലും ഇതിന്റെ തന്നെ മറ്റു തരത്തിലുള്ള ട്രീറ്റ്മെന്റുകൾ കണ്ടിട്ടുണെങ്കിലും ഇതൊരു നവീനമായ കൂട്ടിച്ചേർക്കലായിരുന്നു. അതുവഴി കാണികളെ കുഴപ്പിക്കുന്നുമുണ്ട് പലപ്പോഴും.

💢ഒരു വീടിനുള്ളിലാണ് ഭൂരിഭാഗവും ചിത്രീകരണം നടന്നിരിക്കുന്നത്. ആ വീടും പരിസരവും അതിനകവുമൊക്കെ പരമാവധി ഭീതി സൃഷ്ടിക്കുന്ന അന്തരീക്ഷം ഉണർത്തുകയാണ്. ക്യാമറ വർക്കുകളും എഡിറ്റിങ്ങും അത്ര മികവ് പുലർത്തുന്നുണ്ട്. ആദ്യഭാഗങ്ങളിൽ പാശ്ചാത്തലസംഗീതം അധികം ഉപയോഗിക്കുന്നില്ലെങ്കിലും അവസാന 30 മിനിറ്റ് ഒരേയൊരു ട്യൂൺ കൊണ്ട് ഗംഭീര അനുഭൂതി സമ്മാനിക്കുന്നു. ആകെ ഓരോ നെഗറ്റിവ് ആയി തോന്നിയത് നായികയുടെ മേക്കപ്പ് ആണ്. കൃത്രിമത്വം നിഴലിക്കുന്നതായിരുന്നു വൃദ്ധയായപ്പോഴുള്ള രൂപം.

🔻FINAL VERDICT🔻

ഹൊറർ സിനിമകൾ ജനിപ്പിക്കുന്ന ഭീതിയേക്കാൾ പലപ്പോഴും ഭീകരമാവുന്നുണ്ട് ചിത്രത്തിന്റെ അന്തരീക്ഷം. വികാരങ്ങളെ അതിന്റെ പരമോന്നതിയിൽ കാണിക്കാനുള്ള കൊറിയൻ സിനിമകളുടെ കഴിവ് ഇതിലും പ്രകടമാവുന്നു. മിസ്റ്ററി-ത്രില്ലർ എന്ന ലേബലിനോട് പരിപൂർണ്ണ നീതി പുലർത്തുന്ന, പ്രേക്ഷകർക്ക് പുതു അനുഭവം സമ്മാനിക്കുന്ന, കാഴ്ചക്ക് ശേഷവും ചിന്തിപ്പിക്കുന്ന ചിത്രമാവുന്നു ഇത്.

MY RATING :: ★★★½

You Might Also Like

0 Comments