The Best Of Youth (La Meglio Gioventu) (2003) - 6h 6m

March 04, 2018

""ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം.അതാണ് യൗവനം.ഒരുവന്റെ ശേഷിക്കുന്ന ജീവിതം ഏത് ദിശയിലേക്ക് സഞ്ചരിക്കണമെന്ന രൂപരേഖ മനസ്സിൽ തയ്യാറാക്കപ്പെടുന്ന സമയം."




🔻STORY LINE🔻

മാത്യുവും (matteo) നിക്കോളയും സഹോദരങ്ങളാണ്.തങ്ങളുടെ ഭാവിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന രണ്ട് പേർ.പഠനത്തിലും സൗഹൃദങ്ങളിലുമൊക്കെ വളരേയേറെ കൂറ് പുലർത്തുന്നവർ.ആ സമയത്താണ് ജോർജിയ മാത്യുവിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽ വെച്ച് പരിചയപ്പെട്ടതാണവളെ.ഭ്രാന്തിയെന്ന് മുദ്ര കുത്തി അവിടെ തളക്കപ്പെട്ട ഒരുവൾ.അവളെ അവിടെ നിന്ന് എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹം മാത്രമാണ് മാത്യുവിന്റെ മനസ്സിൽ.അവളുടെ അച്ഛന്റെ പക്കൽ ഭദ്രമായി അവളെ എത്തിക്കുക.അങ്ങനെ ഒരു യാത്ര പുറപ്പെടാനിരിക്കവേ അതിൽ നിക്കോളയും പങ്കാളിയാവുന്നു.എന്നാൽ ആ യാത്ര അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നതായിരുന്നു എന്ന് അവർ കരുതിയിരുന്നില്ല.

🔻BEHIND SCREEN🔻

ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചടുത്തോളം സിനിമയുടെ ദൈർഘ്യം അവന്റെ കാഴ്ച്ചയെ സ്വാധീനിക്കുന്ന ഒന്നാണ്.ദൈർഘ്യം കൂടുന്തോറും കാണാനുള്ള താല്പര്യം കുറയാറാണ് പതിവ്.ആ മെന്റാലിറ്റിയും വെച്ച് നടക്കുന്ന ഒരുവന് 6 മണിക്കൂർ ഉള്ള സിനിമ കാണുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് എന്നതിൽ സംശയമില്ല.അത്തരത്തിൽ ഒന്നാണ് Marco Tullio സംവിധാനം ചെയ്ത The Best Of Youth എന്ന ഇറ്റാലിയൻ ചിത്രം.

ഒരു കുടുംബത്തിൽ നിന്ന് കഥ പറഞ്ഞ് തുടങ്ങി ഒരു വലിയ സമൂഹത്തിലേക്ക് മുഴുവൻ ഇറങ്ങിച്ചെന്ന് നോക്കിക്കാണുന്ന ചിത്രമാണ് ഇത്.യുവത്വത്തിന്റെ ആവേശത്തിൽ താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ, അതോ തന്നെക്കൊണ്ട് നടപ്പിലാക്കാൻ സാധിക്കുമോ എന്ന് പോലും അറിയാത്ത ദൗത്യത്തിനാണ് മാത്യു ഇറങ്ങിത്തിരിച്ചത്.നിക്കോള അതിലൊരു ഭാഗമായി മാറിയെന്ന് മാത്രം.എന്നാൽ തങ്ങൾ സ്വപ്നം കണ്ട ജീവിതവും പഠനവും ജോലിയുമെല്ലാം ക്ഷണനേരം കൊണ്ട് ഇല്ലാതാവുമെന്ന് അവർ വിചാരിച്ചിരുന്നില്ല എന്നതാണ് സത്യം.

1966ൽ കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് 2003 കാലഘട്ടത്തിലാണ്.മാത്യുവിന്റെയും നിക്കോളയുടെയും ജീവിതം പറഞ്ഞുതുടങ്ങി അതിലേക്ക് മറ്റ് കഥാപാത്രങ്ങളെയും മനോഹരമായി കോർത്തിണക്കി കഥ മെനഞ്ഞിരിക്കുകയാണ് സംവിധായകൻ.ക്ഷണനേരം കൊണ്ടുണ്ടാവുന്ന ഭാവമാറ്റങ്ങളും പെട്ടെന്നുണ്ടാവുന്ന സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളും എങ്ങനെ ഒരുവന്റെ ശേഷകാലത്തെ ബാധിക്കുമെന്ന് സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കാട്ടിത്തരുന്നത് സമർത്ഥമായാണ്.കൂടെ പൂർണ്ണമായും റിയലിസ്റ്റിക്ക് രീതിയിലുള്ള ആഖ്യാനം അവലംബിച്ചിരിക്കുന്നത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

ആദ്യം മാത്യുവിൽ കേന്ദ്രീകരിച്ച് തുടങ്ങുന്ന കഥപറച്ചിൽ അവസാനിക്കുന്നത് നിക്കോളയിലാണ്.അതിനിടക്ക് അനേകം കഥാപാത്രങ്ങൾ വന്ന് ചേരുന്നുണ്ട്.അവയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് എന്തെന്നാൽ പേരിന് വേണ്ടി വന്നുപോവുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല അവരാരും.ഒരു പോയിന്റിൽ അല്ലെങ്കിൽ മറ്റൊന്നിൽ വീണ്ടും വന്ന് ചേരുന്ന ലിങ്കിങ്ങ് ഗംഭീരമായിരുന്നു.അതുകൊണ്ട് തന്നെ ഓരോരുത്തർക്കും വേരുറപ്പുള്ള വ്യക്തിത്വം പ്രദാനം ചെയ്യുന്നുണ്ട് ചിത്രം.

കഥയെ പറ്റി കൂടുതൽ പരാമർശിക്കാത്തത് ആസ്വാദനത്തെ ബാധിക്കും എന്നതിനാലാണ്.കണ്ടറിയേണ്ട കഥയും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിൽ ഉള്ളത്.കണ്ട് കഴിയുമ്പോൾ തീർച്ചയായും മനസ്സിൽ ഓരോരുത്തരോടും സ്നേഹം അവശേഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.കഥയെക്കാളേറെ കഥാപാത്രങ്ങൾക്കാണ് ചിത്രം മുൻഗണന നൽകിയിരിക്കുന്നത്.

🔻ON SCREEN🔻

ഗംഭീര പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട് സ്ക്രീനിൽ കണ്ട എല്ലാവരും.മാത്യുവും ജോർജിയയും നിക്കോളയും കാർലോയും മികച്ചതായത്തിന്റെ ക്രെഡിറ്റ് അഭിനേതാക്കൾക്ക് കൂടി അവകാശപ്പെട്ടതാണ്.

🔻MUSIC & TECHNICAL SIDES🔻

സുന്ദരമായാണ് ഇറ്റലിയുടെ ഭൂപ്രകൃതി ക്യാമറയിൽ പകർത്തിയിരിക്കുന്നത്.ഒരുപാട് ദൃശ്യമനോഹരമായ കാഴ്ചകൾ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.കൂടെ കലാപങ്ങളുടെ കാഴ്ചകളും മിഴിവുറ്റതായിരുന്നു.

🔻FINAL VERDICT🔻

അവാർഡുകൾ വാരിക്കൂട്ടിയത്തിന് യാതൊരു പഞ്ഞവുമില്ലായിരുന്ന ചിത്രം ദൈർഘ്യം കൂടിയതിന്റെ പേരിൽ മാറ്റിവെക്കേണ്ട ഒന്നല്ല.സുന്ദരമായ ഒരു അനുഭവം ഉറപ്പായും ചിത്രം പ്രദാനം ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.യൗവനം അതിന്റെ ഏറ്റവും മനോഹരമായി തന്നെ പകർത്തിയെടുത്തിട്ടുണ്ട് ചിത്രം.

MY RATING :: ★★★★☆

You Might Also Like

0 Comments