ഇര (2018) - 139 min

March 18, 2018

"എല്ലാ കൊലപാതകങ്ങളും ഒരു ലൂപ്പ്ഹോൾ ഉണ്ടായിരിക്കും.എന്നാൽ ഇതിൽ നിന്ന് ദൈവം തമ്പുരാൻ വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ പറ്റില്ല."




🔻STORY LINE🔻


നഗരത്തെ പ്രമുഖ ആശുപത്രിയിൽ റെഗുലർ ചെക്കപ്പിനായി വന്ന മന്ത്രി ചാണ്ടി ഹാർട്ട്അറ്റാക്ക് മൂലം മരണപ്പെട്ടു.എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം അതൊരു സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് പോലീസ് വിലയിരുത്തുന്നു.പ്രതിസ്ഥാനത്താവട്ടെ അവിടെ ജോലി ചെയ്യുന്ന ഡോക്റ്റർ ആര്യനും.

ഈ കേസ് അന്വേഷിക്കാൻ നിയമിക്കുന്ന വിദഗ്ധ സമിതിയിലെ രാജീവ് എന്ന ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ കഥ മുന്നോട്ട് പോവുന്നു.

🔻BEHIND SCREEN🔻

ഹിറ്റുകൾ മാത്രം മലയാളസിനിമക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് വൈശാഖ്-ഉദയകൃഷ്ണ എന്നിവരുടേത്.ഏറ്റവും ഒടുവിൽ പുലിമുരുകന്റെ വമ്പൻ വിജയവും അവരുടെ കൂട്ടുകെട്ടിന്റെ ബലത്തിൽ സൃഷ്ടിക്കുകയുണ്ടായി.അവർ ഇരുവരും ആദ്യമായി നിർമ്മാതാക്കളുടെ കുപ്പായം അണിയുന്ന ചിത്രമാണ് ഇര.ചിത്രം ഒരുക്കിയിരിക്കുന്നത് പുതുമുഖ സംവിധായകൻ സൈജുവാണ്.തിരക്കഥ നവീൻ ജോണിന്റേതും.

ഒരു കൊലപാതക വാർത്തയിൽ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം.അഴിമതി ആരോപിതനായ മന്ത്രി ചാണ്ടിയുടെ കൊലപാതകം.അതിന് കുറ്റാരോപിതനായിരിക്കുന്നത് ആശുപത്രിയിലെ ജൂനിയർ ഡോക്റ്ററായ ആര്യനും.അങ്ങനെ കൗതുകം ജനിപ്പിക്കുന്ന ആദ്യരംഗവും ടൈറ്റിൽ കാർഡും കഴിഞ്ഞ് ചിത്രത്തിന്റെ പോക്ക് പലയിടങ്ങളിലും പാളം തെറ്റിപ്പോവുന്നുണ്ട്.ത്രില്ലർ എന്ന ലേബലിനോട് ചേരാത്ത വിധത്തിലുള്ള കോമഡികളും ചളികളും പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്.അവയിൽ നിന്ന് ഇടക്കിടക്ക് പിടിച്ചുകയറാൻ നോക്കുന്നുണ്ടെങ്കിലും അതിന് പൂർണ്ണമായി സാധിച്ചത് ഇടവേളക്ക് തൊട്ടുമുമ്പാണ്.

രണ്ടാം പകുതിയിൽ മറ്റൊരു കേസന്വേഷണം കൂടി കൂട്ടിക്കലർത്തിയാണ് കഥയുടെ പോക്ക്.രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ കാണികളെ പിടിച്ചിരുത്താൻ തിരക്കഥക്കും സംവിധാനമികവിനും സാധിച്ചിട്ടുണ്ട്.തുടക്കത്തിലുള്ള പ്രണയം മനോഹരമായി തന്നെ പകർത്തിയിട്ടുണ്ട്.അതിന് ശേഷമുള്ള കോടതി സീനുകളും ക്ളൈമാക്സിലെ ട്വിസ്റ്റുകളുമൊക്കെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.സാധാരണപ്രേക്ഷകർക്ക് തൃപ്തി നൽകുന്ന രണ്ടാം പകുതി തന്നെയായിരുന്നു ചിത്രത്തിന്റേത്.

നായികാകഥാപാത്രങ്ങളെ വെറും നോക്കുകുത്തികളായി പ്രതിഷ്ഠിക്കാതെ അവർക്ക് ആവശ്യമുള്ള റോളും സ്‌പേസും ചിത്രത്തിൽ നൽകിയിട്ടുണ്ട്.മീഡിയകൾക്കിട്ടുള്ള കൊട്ടൽ ചില രംഗങ്ങളിൽ രസകരമായി ആവിഷ്കരിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ 'ഇര' എന്ന പരാമർശം വരുന്ന ഡയലോഗും നന്നായിരുന്നു

ക്ളീഷേകളും അനാവശ്യ രംഗങ്ങളും ഒരാവശ്യവുമില്ലാത്ത കഥാപാത്രങ്ങളും അനവധിയാണ് ചിത്രത്തിൽ.അവയൊക്കെ സഹിച്ചിരിക്കാൻ ലേശം ബുദ്ധിമുട്ട് തന്നെയായിരുന്നു.അത് തന്നെയാണ് ആസ്വാദനത്തിന് തിരിച്ചടിയായതും.അവയൊക്കെ ഒഴിവാക്കി ഒന്നുകൂടി ട്രിം ചെയ്ത് വെടിപ്പാക്കിയിരുന്നെങ്കിൽ നല്ലൊരു ത്രില്ലർ സമ്മാനിച്ചേനെ ചിത്രം.

ഊഹിക്കാൻ പറ്റുന്ന ട്വിസ്റ്റുകൾ ആണെങ്കിൽ കൂടി ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാത്ത നല്ലൊരു സംവിധാനസംരംഭം തന്നെയാണ് ഇര.ഇനിയും മികച്ച സിനിമകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം.

🔻ON SCREEN🔻

ഉണ്ണി മുകുന്ദന്റെയും ഗോകുൽ സുരേഷിന്റെയും തൃപ്തികരമായ പ്രകടങ്ങൾ ദർശിക്കാനാവും ഇരയിൽ.കൂടെ മിയയും അലൻസിയറും ശങ്കർ രാമകൃഷ്ണനുമടക്കം എല്ലാവരും നല്ല പ്രകടനങ്ങൾ തന്നെ കാഴ്ചവെച്ചു.പാഷാണം ഷാജിയും നെൽസനുമടക്കം എന്തിനോ വേണ്ടി വന്ന കഥാപാത്രങ്ങളെ കൂടി ഈ സന്ദർഭത്തിൽ സ്മരിക്കുന്നു.

🔻MUSIC & TECHNICAL SIDES🔻

മികച്ച രീതിയിലുള്ള പശ്ചാത്തലസംഗീതവും ഗാനങ്ങളും ഛായാഗ്രഹണവും ചിത്രത്തിന്റെ ട്രീറ്റ്മെന്റിന് ഗുണം ചെയ്തിട്ടുണ്ട്.ഉണ്ടായിരുന്ന രണ്ട് ഗാനങ്ങളും സുന്ദരമായിരുന്നു.അതുപോലെ തന്നെ പശ്ചാത്തലസംഗീതവും മികച്ചുനിന്നു.എന്നാൽ ക്ളൈമാക്സിലെ bgm അൻവറിലേതുമായി സാദൃശ്യം തോന്നി.സ്വാഭാവികം.

ഛായാഗ്രഹണം വളരെ മികവ് പുലർത്തിയിട്ടുണ്ട് ചിത്രത്തിൽ.പ്രത്യേകിച്ച് രണ്ടാം പകുതിയിലെ വനാന്തരരംഗങ്ങളിൽ.സുന്ദരമായിരുന്നു അവ.

🔻FINAL VERDICT🔻

ചിലപ്പോൾ കഥകൾ കോർത്തിണക്കി ആലോചിച്ചാൽ ട്വിസ്റ്റുകൾ കുറച്ചെങ്കിലും മനസ്സിലായേക്കാം.എങ്കിലും അവ പറഞ്ഞുവരുന്ന രീതിയിലെ മികവ് കണ്ടിരിക്കാൻ തോന്നിപ്പിക്കുന്നതിനാൽ നിരാശ സമ്മാനിക്കാത്ത അനുഭവമാക്കി മാറ്റുന്നുണ്ട് ഇരയെ.പ്രതീക്ഷയില്ലാതെ പോയാൽ തൃപ്തി നൽകുന്ന നല്ലൊരു ത്രില്ലർ.

MY RATING :: ★★★☆☆

You Might Also Like

0 Comments