Split (2016) - 123 min

March 01, 2018

"മാനസികസംഘർഷങ്ങളിൽ വിള്ളലേല്പിക്കുന്ന ബൗളിങ്ങ് ഗെയിം.പക്വതയോടെ അത്യുന്നതിയിൽ എത്തിയ സംവിധാനമികവിൽ തിളങ്ങുന്ന ചിത്രം."





🔻STORY LINE🔻

ടെൻ പിൻ ബൗളിംഗിൽ അതികായനായിരുന്നു ചെയോൽ.കൈവെച്ച ടൂർണമെന്റുകളിലും ഗെയിമുകളിലുമെല്ലാം വിജയം കൊയ്ത കളിക്കാരൻ.തൊട്ടതെല്ലാം പൊന്നാക്കി എന്ന വാക്കാവും ഏറ്റവും പ്രായോജികം.

പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് കടത്തിന്റെ പടുകുഴിയിലേക്ക് വീഴാൻ ചെയോലിന് അധികം സമയം വേണ്ടി വന്നില്ല.ദുരന്തങ്ങൾ വരുമ്പോൾ ഒന്നിന് പുറകെ ഒന്നായി ഓരോന്ന് ഓട്ടോ പിടിച്ച് വരുമെന്ന് പറഞ്ഞത് പോലെയായിരുന്നു അയാളുടെ അവസ്ഥ.

ഇപ്പൊൾ ചെയോൽ ബെറ്റിങിന്റെ ലോകത്താണ്.തനിക്ക് ടെൻ പിന്നിലുള്ള കഴിവ് പരമാവധി ഉപയോഗിച്ച് കടക്കാരിൽ നിന്ന് രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അയാളുടെ മനസ്സിൽ.എന്നാൽ അതിന് പറ്റിയ കൂട്ടാളിയെ സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നില്ല.ആ സമയത്താണ് ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനെ അവിചാരിതമായി പരിചയപ്പെട്ടത്.തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം തന്നെ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു.വർഷങ്ങളായി ചുരുളഴിയാതെ കിടന്ന പല രഹസ്യങ്ങളും അന്ന് പുറത്ത് വന്നു.

🔻BEHIND SCREEN🔻

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൾ സാധിച്ചില്ലെങ്കിൽ സ്പോർട്ട്സ് മൂവികൾ കൊണ്ട് യാതൊരു ഗുണവുമില്ല എന്ന് തന്നെ പറയാം.എന്നാൽ തീർത്തും അപരിചിതമായ ഒരു കളിയിൽ ഇത്രയേറെ ശ്രദ്ധ പതിപ്പിച്ച് കാണാൻ സാധിച്ചതിൽ മുഴുവൻ ക്രെഡിറ്റും ചിത്രത്തിന്റെ സംവിധായകൻ Choi Kook heeക്ക് അവകാശപ്പെട്ടതാണ്.

നായകന്റെ ജീവിതത്തിലേക്ക് കാണികളെയും വലിച്ചിട്ട് കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിന്റേത്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൂതകാലവും വർത്തമാനകാലവും ഇടപഴകി കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പോക്ക്.അതിനാൽ അദ്ദേഹത്തിന്റെ കരിയറിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ജിജ്ഞാസ കാണികളിൽ ഉദിക്കുന്നുമുണ്ട്.

ആദ്യഘട്ട ഗെയിമിങ്ങ് മുതൽ ആവേശം മൂക്കുന്നുണ്ട് പ്രേക്ഷകരിൽ.അത്ര ഗംഭീര അവതരണമാണ് ആ രംഗങ്ങൾ.ഓരോ ബൗളിങ്ങ് രംഗം കഴിയുന്തോറും മികവ് കൂടുകയല്ലാതെ കോട്ടം തട്ടുന്നില്ല.ചിത്രത്തിലെ ഒരു പ്ലസ് പോയിന്റ് ഗെയിമിങ്ങിൽ പുലർത്തുന്ന അവതരണമികവാണ്.
പതിയെ തുടങ്ങി മെല്ലെ ക്ലച്ച് പിടിച്ച് വരുന്ന ആഖ്യാനരീതി ഒരു പരിധി എത്തുമ്പോൾ വേറൊരു തലത്തിലേക്ക് ഉയരുന്നു.അവസാന അരമണിക്കൂർ..!! ഒരുപക്ഷേ ഇത്രയേറെ ടെൻഷൻ അടിച്ച് കണ്ട ഒരു സിനിമ ഈയടുത്തില്ല എന്ന് തന്നെ പറയാം.ഉദ്വേഗഭരിതമായ നിമിഷങ്ങൾ തുടരെത്തുടരെ നിരത്തി ആസ്വാദനത്തിന്റെ മറ്റൊരു ലോകത്തേക്ക് നയിച്ചു ഈ ചിത്രം.

ത്രിൽ മാത്രമല്ല, ചിത്രം കണ്ടുകഴിയുമ്പോൾ ഒരു പുഞ്ചിരിയും ചുണ്ടിൽ അവശേഷിക്കും എന്ന് തീർച്ച.നമ്മുടെ ജീവിതവും മറ്റൊരാളിൽ സ്വാധീനം ചെലത്തുന്നുണ്ട് എന്നറിയുമ്പോഴുള്ള കൗതുകവും സന്തോഷവും നമ്മളിലും മികച്ച അനുഭൂതി സൃഷ്ടിക്കും.

ഒരു ഫീൽ ഗുഡ് മൂവി എന്ന ലേബലിൽ കണ്ട് തുടങ്ങി, എന്നാൽ ത്രില്ലറിന് പോലും പലപ്പോഴും സാധിക്കാത്ത രീതിയിൽ ത്രില്ലടിപ്പിച്ചും ടെൻഷൻ പടർന്നും ഈയടുത്ത് കണ്ട കൊറിയൻ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് മാറി ഈ സ്പ്ലിറ്റ്.

🔻ON SCREEN🔻

Old Boyൽ ഞെട്ടിച്ച Ji Tae-Yu വീണ്ടും ഒരിക്കൽ കൂടി അമ്പരപ്പിച്ചു.കൂടെ ഓട്ടിസം ബാധിച്ച ചെറുപ്പക്കാരന്റെ വേഷം ഗംഭീരമാക്കി, Da Wit leeയും.ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ കണ്ടിരിക്കാൻ വല്ലാത്ത ഫീൽ ആയിരുന്നു.ഏറ്റവുംഓടിവത്തെ രംഗം എടുത്ത്പറയേണ്ടതാണ്.വില്ലനായി  വന്ന നടന്റെ ചിരി പലപ്പോഴും വേട്ടയാടുന്ന ഒന്നാവുന്നുണ്ട്.

🔻MUSIC & TECHNICAL SIDES🔻

വിശേഷിപ്പിക്കാൻ വാക്കുകളില്ല ക്യാമറയേയും എഡിറ്റിങ്ങിനെയും.ഇത്ര ത്രില്ലടിച്ചിരുന്ന് ഗെയിമിങ്ങ് ആസ്വദിച്ചതിന്റെ ഏറിയ പങ്കും അവർക്ക് സ്വന്തം.സംവിധായകന്റെ ആഗ്രഹങ്ങൾക്കൊപ്പം മികവ് പുലർത്തി എല്ലാ വിഭാഗങ്ങളും.

🔻FINAL VERDICT🔻

ഈയടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട കൊറിയൻ ചിത്രം ഏതെന്ന് ചോദിച്ചാൽ ആലോചിക്കുക പോലും ചെയ്യാതെ പറയാൻ സാധിക്കും അത് Split ആണെന്ന്.ഇത്രയേറെ മാനസികപിരിമുറുക്കം സൃഷ്ടിച്ച ഒരു ചിത്രം ഈ വർഷം കണ്ടിട്ടില്ല.ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടുതീർക്കത്തക്ക വിധം അതിഗംഭീരമാണ് ചിത്രം.നിരാശപ്പെടേണ്ടി വരില്ല എന്ന് വാക്ക് തരുന്നു.

MY RATING :: ★★★★☆

You Might Also Like

0 Comments