🔻വെറും 12 വയസ്സുകാരന്റെ കാഴ്ചയും കാഴ്ചപ്പാടും ആയിരുന്നില്ല സെയിന്‍. തന്റെ ചുറ്റും നടക്കുന്ന എല്ലാ വിഷയങ്ങളിലും അവന് അറിവുണ്ടായിരുന്നു. വീട്ടുകാർക്ക് വേണ്ടി പണിയെടുക്കുമ്പോഴും അവന് പഠിക്കണമെന്ന മോഹമുണ്ടായിരുന്നു. പ്രായപൂർത്തിയാവുന്ന എല്ലാ പെൺകുട്ടികളെയും കല്യാണം കഴിച്ച് വിടുന്നത് പോലെയാവരുത് തന്റെ പ്രിയ പെങ്ങളുടെ ജീവിതമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതിനായി അവൻ പരിശ്രമിക്കുമ്പോഴൊക്കെയും തോറ്റ് പിന്മാറേണ്ടി വരികയാണ് ചെയ്തിരുന്നത്. തീർച്ചയായും സെയിൻ ഒരു പോരാളിയാണ്. നല്ലൊരു നാളെ സ്വപ്നം കാണുന്ന പോരാളി.
🔻തങ്ങളുടെ സാമൂഹ്യ വ്യവസ്ഥകളിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു സെയിന്‍ അവിടുന്നുള്ള വണ്ടി കയറൽ. തന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം സംഭവിക്കുമെന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ എത്തിച്ചേർന്നതോ തന്നേക്കാളേറെ കഷ്ടതകൾ അനുഭവിക്കുന്ന, അഭയാർഥികളുടെ വിളനിലമായ ഒരിടത്തും. സ്വന്തം ഐഡന്റിറ്റി പോലും മറ്റുള്ളവർക്ക് പണയം വെച്ച് ദിനേനയുള്ള ചിലവുകൾ തള്ളിനീക്കാൻ ബുദ്ധിമുട്ടുന്നവർ. അഭയാർഥികളുടെ പച്ചയായ ജീവിതത്തെ, Xenophobiaയുടെ രാഷ്ട്രീയത്തെ വരച്ചിടുകയാണ് സംവിധായിക.
Year : 2018
Run Time : 2h 6min
🔻സുഡാനി ഫ്രം നൈജീരിയ മുഖ്യമായി മുന്നോട്ട് വെച്ച വിഷയങ്ങളിൽ ഒന്നായിരുന്നു അഭയാർത്ഥികളുടെ ജീവിതം. സുഡുവിന്റെ നാടും വീടും വിട്ട് കേരളത്തിലേക്കുള്ള ചേക്കേറലും ഇവിടെയുള്ള ജീവിതവുമൊക്കെ മനസ്സിൽ ഒരേയൊരു സ്വപ്നം മുൻ നിർത്തിയായിരുന്നു. 'A Better World'. ഇവിടെയും കാര്യങ്ങൾ വിഭിന്നമല്ല. ഒരു പുതിയ പ്രഭാതമാണ് ഏവരുടെയും മനസ്സിൽ. സ്വീഡനിലേക്ക് യാത്ര പോവുന്നതും സ്വപ്നം കണ്ട് ദിവസം തള്ളിനീക്കുന്ന മയ്സൂനും ഒരിക്കലും മാറില്ലെന്ന് വിശ്വസിക്കുന്ന സാമൂഹിക അന്തരീക്ഷങ്ങളിൽ ജീവിക്കുന്ന സെയിനും റാഹേലുമെല്ലാം ഈ ചിന്താഗതിയുടെ ഭാഗമാണ്. അത്തരത്തിൽ ഒരുപാട് ജീവിതങ്ങളെ ചേർച്ച ചെയ്യുകയാണ് ഈ ചിത്രം.
🔻ഓരോ മുറികൾക്കും വീടുകൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും അതിർത്തി തിരിച്ചിരിക്കുന്നത് പോലെ തന്നെയായി മാറി മനുഷ്യമനസ്സും. ഏതൊരാളെയും സംശയത്തോടെയല്ലാതെ നോക്കാനാവില്ല എന്ന സാഹചര്യം വന്നുചേർന്നിരിക്കുന്നു ഈ ലോകത്ത്. അതിനിടയിൽ മനുഷ്യത്വത്തിന്റെ വിത്ത് പാകുന്നുണ്ട് പല കഥാപാത്രങ്ങളും. തന്റെ കുഞ്ഞിനെ മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കുമ്പോഴും വഴിയിൽ ഭക്ഷണം കിട്ടാതെ വളഞ്ഞ സെയിന്‍ അഭയം നൽകിയ റാഹേലും, ഭദ്രമായ കൈകളിൽ യോനാസിനെ എത്തിക്കണമെന്ന് ആഗ്രഹിച്ച സെയിനുമൊക്കെ നമുക്ക് മാത്രകകളാണ്.
🔻ഒരു കോർട്ട് റൂം രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. നോൺ ലീനിയർ നറേഷൻ ബുദ്ധിപരമായി നടപ്പിലാക്കുന്ന സംവിധായിക ആ കോടതി രംഗങ്ങളിൽ തന്നെ, അവിടുത്തെ സംഭാഷണങ്ങളിൽ തന്നെ ചിത്രത്തിന്റെ മുഴുവൻ രാഷ്ട്രീയവും പറഞ്ഞുവെക്കുന്നുണ്ട്. ലെബനൻ എന്ന രാജ്യത്ത് മാത്രമല്ല, ലോകത്തെവിടെയും നമുക്ക് കാണാവുന്ന ഒരു വിഷയത്തെ ഗംഭീരമായി അവതരിപ്പിച്ചതിന് നിറഞ്ഞ കയ്യടികൾ അർഹിക്കുന്നു Nadine labaki. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾ കൃത്രിമത്വമില്ലാതെ വളരെ സ്വാഭാവികമായി അവതരിപ്പിച്ചിടത്തും സംവിധായികയുടെ കയ്യടക്കം കാണാം.
🔻Zain Al rafeeaയുടെ അതിഗംഭീര പ്രകടനം തന്നെയാണ് കാഴ്ചയിൽ നമുക്ക് തീവ്രത പകരുന്നത്. താൻ ജീവിക്കുന്ന അന്തരീക്ഷം അവന്റെ സ്വഭാവ രൂപീകരണത്തിന് എത്രമാത്രം പങ്ക് വഹിച്ചു എന്ന് Zainന്റെ സംസാരത്തിലും ശരീരഭാഷ്യത്തിലുമൊക്കെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ചെറിയ വായിലെ വലിയ വർത്തമാനം പലപ്പോഴും ശരം കണക്കെ ഹൃദയത്തിൽ തറക്കുന്നുണ്ട്. ബാലതാരം അല്ല, മികച്ച നടൻ തന്നെയാണ് zain. ഒപ്പം ആ കുഞ്ഞും ജീവിക്കുകായായിരുന്നു. അവരുടെ രംഗങ്ങൾ ഹൃദ്യമായിരുന്നു.
🔻ലെബനനിലെ ജീവിതങ്ങൾ വിശ്വസനീയമാം വിധം അവതരിപ്പിച്ചിടത്ത് ഒരു കഥാപാത്രമായി തന്നെ നിലകൊള്ളുന്നുണ്ട് ആ അന്തരീക്ഷം. അവിടുത്തെ തെരുവോരങ്ങളും വാസസ്ഥലങ്ങളുമെല്ലാം കൃത്യമായി കാണിക്കുന്നിടത്ത് ആ ജീവിതങ്ങൾ അനുഭവിക്കുന്ന യാതനകൾ നാമുമായി വ്യക്തമായി സംവദിക്കുന്നുണ്ട്.
🔻FINAL VERDICT🔻
സെയിൻ നീയൊരു പോരാളിയാണ്. അല്ല, നീയാണ് പോരാളി..!!
AB RATES ★★★★★
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests