The Great Father (2017) - 151 min

March 30, 2017


മമ്മൂട്ടി ആരാധകർ ഇത്രത്തോളം കാത്തിരുന്ന ഒരു ദിനം വേറെയുണ്ടാവില്ല..ഇമ്മാതിരി ഹൈപ്പോടുകൂടി ഒരു മമ്മൂട്ടി ചിത്രം റിലീസിനായി ഒരുങ്ങിയിട്ടുമില്ല..റിലീസിന് മുമ്പ് തന്നെ ഒരുപിടി റേക്കോർഡുകൾ കൈയ്യിലൊതുക്കിയാരുന്നു Great Father തീയേറ്ററിലെത്തിയത്..ടിക്കറ്റ് നേരത്തെ ലഭിച്ചിട്ടും തീയേറ്ററിനുള്ളിൽ കയറിയ എന്റെ അവസ്ഥ ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ..'ചത്തില്ല'..

സസ്പെൻസ് നിലനിർത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഫാൻസുകാരും ട്രോളൻമാരും ഒരുപോലെ ആഘോഷമാക്കിയ ടീസറുകളും ഉയർത്തിയിരുന്ന പ്രതീക്ഷ ചില്ലറയല്ല..ഒരു പുതുമുഖ സംവിധായകൻ ആയിട്ടുകൂടി ഇത്രയേറെ പ്രതീക്ഷകൾ നൽകിയത് അതിന്റെ അവതരണ ശൈലിയും പിന്നെ ആഗസ്റ്റ് സിനിമാസിന്റെ ബാനറുമായിരുന്നു.. പിന്നെ ലീക്കായ രംഗം കൂടി കണ്ടപ്പോൾ ഒരു മാസ് ചിത്രം എന്നതിലുപരി ഫാമിലി എലമെന്റ്സ് കൂടി ചിത്രത്തിൽ കാണുമെന്ന് ഉറപ്പിച്ചിരുന്നു..

സാറയുടെ അഛൻ മാത്രമല്ല ഡേവിഡ് നൈനാൻ,അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്..അങ്ങനെ ആകെ മൊത്തത്തിൽ തന്റെ പപ്പയെ അങ്ങേയറ്റം സ്നേഹിക്കുന്ന മകൾ പപ്പയെ ഒരു സൂപ്പർ ഹീറോ ആയാണ് കണക്കാക്കുന്നത്..ഭാര്യ മിഷേലും കൂടെയുള്ള കുടുംബം വളരെ രസകരവും സന്തുഷ്ടവുമായ കുടുംബ ജീവിതമാണ് നയിച്ച് വരുന്നത്.. എന്നാൽ ഇവർക്കിടയിലേക്ക് അപ്രതീക്ഷിതമായ ഒരു സംഭവം കടന്നു വരുകയാണ്.. അതോടെ എല്ലാ സന്തോഷവും തകിടം മറിയാൻ അധികം സമയം വേണ്ടി വന്നില്ല..
നവാഗതനായ ഹനീഫ് അദേനിയാണ് The Great Father സംവിധാനം ചെയ്തിരിക്കുന്നത്..തിരക്കഥയും സംഭാഷണവും എല്ലാം അദ്ധേഹത്തിന്റേത് തന്നെ..ഒരു കുടുംബാന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന ആദ്യ പകുതി ഇന്റർവെൽ പഞ്ചോടുകൂടി ത്രില്ലർ സ്വഭാവത്തിൽ പോവുന്ന രണ്ടാം പകുതിക്കുള്ള സൂചന നൽകിയിരുന്നു.. പിന്നീടങ്ങോട്ട് മാസ് രംഗങ്ങളും കിടിലൻ ലുക്കും ഡയലോഗുകളുമൊക്കെയായി തീയേറ്റർ ഇളക്കിമറിക്കാൻ കെൽപുള്ളതായിരുന്നു..ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ വക നൽകുന്ന ചിത്രമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.. അതിപ്രാധാന്യമുള്ള ഒരു വിഷയവും കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയും തന്റെ ആദ്യ ചിത്രത്തിൽ ഉപയോഗിച്ചതിന് സംവിധായകൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.. മേക്കിംഗിലെ ഫ്രെഷ്നസും സംവിധായകന്റെ കഴിവിനെ അടിവരയിട്ട് കാണിക്കുന്നു..മാസ്സ് എന്നതിലുപരി നല്ലൊരു സാമൂഹിക പ്രസക്തി ഉള്ള ചിത്രം എന്ന നിലയിലും Great Father മികച്ച് നിൽക്കുന്നു..

കേന്ദ്രകഥാപാത്രമായ ഡേവിഡ് നൈനാനായി മമ്മൂട്ടി തകർത്തു..അപാര ലുക്കും സ്ക്രീൻ പ്രസൻസും തീയേറ്റർ ശരിക്കും പൂരപ്പറമ്പാക്കി മാറ്റി.. ഇൻട്രോ സീൻ മുതൽ സ്ക്രീനിൽ നിറഞ്ഞു നിന്നു മമ്മൂട്ടി..'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'..മകളായ സാറയുടെ വേഷത്തിൽ അനിഖ വേഷമിട്ടു..ആദ്യത്തെ ചില തള്ള് ഡയലോഗുകൾ ദഹിച്ചില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്..ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ആൻഡ്രൂസ് ഈപ്പന്റെ വേഷത്തിൽ ആര്യ കസറി.. കയ്യടി ലഭിച്ച ഒരുപാട് രംഗങ്ങൾ ഇദ്ധേഹവും സ്വന്തമാക്കി.. സ്നേഹക്ക് കാര്യമായി ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല..കലാഭവൻ ഷാജോണിന്റെ സത്യനാഥൻ എന്ന കഥാപാത്രം ശ്രദ്ധേയമായ ഒന്നായിരുന്നു..മിയ, മാളവിക മേനോൻ,സുനിൽ സുഖദ എന്നിവർ മറ്റ് പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു..

ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾ നന്നായിരുന്നു.. പ്രത്യേകിച്ച് വിജയ് യേശുദാസ് ആലപിച്ച ഗാനം.. പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമാണ്.. മികച്ച് നിന്നെങ്കിലും എവിടെയൊക്കെയോ ചില ചേർച്ചയില്ലായ്മ അനുഭവപ്പെട്ടു.. റോബി വർഗീസ് നിർവ്വഹിച്ച ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു..

പോരായ്മ തോന്നിയ ഭാഗങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.. മമ്മൂട്ടിയുടെ 'കെട്ടഴിക്കൽ' രംഗമാണ് ഒട്ടും സഹിക്കാൻ പറ്റാഞ്ഞത്.. എന്തുകൊണ്ട്‌ പടിക്കൽ കൊണ്ട് പോയി കലമുടച്ചു എന്ന ചോദ്യം മനസ്സിൽ ഉയർത്തിയ രംഗം.. പിന്നെ രണ്ടാം പകുതി പ്രേക്ഷകനിൽ ഉണ്ടാക്കിയ ത്രിൽ അവസാനം അതേ അളവ് തന്നെ നിലനിർത്തിക്കൊണ്ട് സമാഹരിക്കുവാനായി എന്ന് തോന്നിയില്ല..ഇത്തിരി ലളിതമാക്കിയതായി തോന്നി..എന്നാലും ഇത്രയും മികച്ച ഘടകങ്ങൾ ഉള്ള ചിത്രത്തിൽ ഇവ കാര്യമാക്കേണ്ടതില്ല എന്നതും മറ്റൊരു വശം..


ചുരുക്കിപ്പറഞ്ഞാൽ ഈയടുത്തൊന്നും മികച്ച ഒരു വിജയം അവകാശപ്പെടാനില്ലാത്ത മമ്മൂട്ടിക്ക് ഇതൊരു ഉണർവ്വാണ്.. അതുപോലെ തന്നെ ഹനീഫ് അദേനി എന്ന മികച്ച ഒരു സംവിധായകന്റെ ഉദയവും.. മാസ്സ് രംഗങ്ങളും ഫാമിലി എലമെന്റ്സും ഒരുപോലെ ഉൾപെടുത്തിയ ചിത്രം എല്ലാ തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച വിജയമാവും ചിത്രം..

എസ്രയും മെക്സിക്കൻ അപാരതയും ഇറങ്ങിയ സമയത്ത് ചിലർ കാണിച്ച പിതൃശൂന്യ പരിപാടികൾ ഇവിടെ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..

' ഡേവിഡ് നല്ല സ്റ്റൈല്ലായിട്ട് സിഗററ്റ് വലിക്കും'

My Rating:: ★★★½

You Might Also Like

0 Comments