The Orphanage (El Orphanato) (2007) - 105 min

March 22, 2017


താൻ പണ്ട് താമസിച്ചിരുന്ന അനാഥാലയമാണ് ഇപ്പോൾ ലോറയും കുടുംബവും തങ്ങളുടെ ഭവനമായി ഉപയോഗിക്കുന്നത്.. ലോറയും ഭർത്താവ് കാർലോസും മകൻ സൈമണും അടങ്ങിയതാണ് അവരുടെ കുടുംബം.. സന്തോഷകരമായ ജീവിതമാണ് അവർ നയിച്ചുകൊണ്ടിരിക്കുന്നത്.. താൻ ചെറുപ്പത്തിൽ അനുഭവിക്കേണ്ടിയിരുന്ന യാതനകളിൽ നിന്നൊക്കെ തന്നെ രക്ഷപ്പെടുത്തിയത് ആ അനാഥാലയമാണ്.. അതുകൊണ്ട് തന്നെ അത് പുതുക്കിപ്പണിത് ശാരീരികമായും മാനസികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ പാർപ്പിക്കാനുള്ള ഇടം ആക്കുകയാണ് ലോറയുടെ ഇനിയുള്ള ലക്ഷ്യം.. അതിനായാണ് ഇപ്പോഴുള്ള പരിശ്രമങ്ങളും..


സൈമൺ പുറമേ നോക്കുമ്പോൾ ഒരു പ്രത്യേക സ്വഭാവക്കാരനാണ്.. മറ്റാർക്കും കാണാൻ സാധിക്കാത്ത ചില കൂട്ടുകാർ അവനുണ്ട്.. അവരുമായാണ് സൈമണിന്റെ ചങ്ങാത്തവും.. ഒരിക്കൽ സൈമണും ലോറയുമായി ഒരു വാഗ്വാദത്തിൽ ഏർപ്പെടുന്നു.. തുടർന്ന് അവരുടെ ജീവിതത്തിൽ പല അനർഥ സംഭവങ്ങളും ഉടലെടുക്കുന്നു.. ഇതാണ് The orphanage എന്ന സ്പാനിഷ് ഹൊറർ ചിത്രത്തിന്റെ ഇതിവൃത്തം..


സംവിധായകൻ J. A. Bayonaയുടെ ആദ്യ സംവിധാന സംരംഭമാണ് The Orphanage.. എന്നാൽ ഒരു പുതുമുഖ സംവിധായകന്റേതെന്ന യാതൊരു പോരായ്മയും ഈ ചിത്രത്തിലില്ല എന്നുള്ളത് വളരെ പ്രശംസനീയമായ കാര്യമാണ്.. മികച്ച രീതിയിലാണ് അദ്ധേഹം ചിത്രം ഒരുക്കിയിരിക്കുന്നത്.. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് Sergio G Sanchez ആണ്.. ആദ്യ ചിത്രമെന്ന നിലയിൽ ഇരുവരും മികച്ച ഒരു ഹൊറർ ചിത്രമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്..


കേന്ദ്ര കഥാപാത്രമായ ലോറയെ സ്ക്രീനിൽ ഗംഭീരമാക്കിയത് Belén Rueda ആണ്.. ചിത്രത്തിൽ മുഴുവൻ നേരവും നിറഞ്ഞു നിന്ന കഥാപാത്രവും Ruedaയുടേത് തന്നെ.. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവുമെല്ലാം Ruedaയിൽ പ്രകടമായിരുന്നു.. അവസാന രംഗങ്ങളിലൊക്കെ ഉഗ്രൻ പ്രകടനവുമായി പ്രേക്ഷകമനസ്സ് കീഴടക്കുന്നു.. ലോറയുടെ ഭർത്താവായ കാർലോസിന്റെ വേഷം Fernando Cayoയാണ് ചെയ്തത്.. അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നില്ലെങ്കിലും നല്ല പ്രകടനം..Roger Príncep അവതരിപ്പിച്ച മകൻ സൈമണിന്റെ പ്രകടനം മികച്ചതായിരുന്നു.. സിനിമ മുന്നോട്ട് നയിക്കുന്നത് ലോറയും സൈമണുമാണ്..


Óscar Faura നിർവ്വഹിച്ച ഛായാഗ്രണവും Fernando velazquez നിർവ്വഹിച്ച സംഗീതവും ചിത്രത്തിലുടനീളം ഹൊറർ മൂഡ് നൽകുന്നതിന് വഹിച്ച പങ്ക് ചെറുതല്ല..Elena Ruiz നിർവ്വഹിച്ച എഡിറ്റിംഗും മികച്ച് നിന്നു.. ഏത് നേരവും എന്തും സംഭവിക്കാമെന്നുള്ള തോന്നൽ കാണികളിൽ ഉണ്ടാക്കുന്നതിൽ ഇവയൊക്കെ ഒഴിവാക്കാനാവാത്ത സംഭാവനയാണ് നൽകിയത്..


സാധാരണ ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി Jump Scare രംഗങ്ങൾ കുറവാണ് ചിത്രത്തിൽ.. അത് തന്നെയാണ് ചിത്രത്തിനെ മികച്ചതാക്കുന്നതും.. മികച്ച ക്ലൈമാക്സും അഭിനയമുഹൂർത്തങ്ങളും ചിത്രത്തെ മികച്ചൊരു അനുഭവമാക്കുന്നു.. എന്റെ ഇഷ്ടപ്പെട്ട ഹൊറർ ചിത്രങ്ങളിൽ ഒന്ന്.. ഏവർക്കും ഒന്ന് പരീക്ഷിച്ച് നോക്കാവുന്ന സിനിമയാണ് The Orphanage..


My Rating:: ★★★½

You Might Also Like

0 Comments