Take Off (2017) - 139 min

March 24, 2017


അങ്ങനെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന Take off ഇന്ന് തീയേറ്ററുകളിൽ എത്തി..ട്രെയിലറുകളും പോസ്റ്ററുകളും ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തിയിരുന്നു.. ആ പ്രതീക്ഷയിൽ തന്നെ ആദ്യ ഷോയ്ക്ക് ആദ്യ ടിക്കറ്റ് കരസ്ഥമാക്കി തീയേറ്ററിൽ കയറി..

യുദ്ധഭീകരതയുടെ കാലത്ത് ഇറാഖിൽ അകപ്പെട്ട്പോയ ഇന്ത്യൻ നഴ്സുമാരുടെ യഥാർഥ സംഭവത്തിന്റെ നേർക്കാഴ്ച്ചയാണ് Take off എന്ന ചിത്രം.. കുടുംബത്തിന്റെ സകല ബാധ്യതകളും പേറി നാട്ടിൽ ഒരു നഴ്സിന് ലഭിക്കാത്ത വിലയും ശമ്പളവും ആഗ്രഹിച്ച് വിമാനം കേറിയ മാലാഖമാർ.. ആ കൂട്ടത്തിൽ ഒരുവളാണ് കേരളത്തിൽ നിന്ന് വിമാനം കേറിയ സമീറയും.. കൂടെ ഭർത്താവ് ഷഹീദും കൂടെ ജോലി ചെയ്തിരുന്ന ഒരുപറ്റം നഴ്സുമാരുമുണ്ട്.. യുദ്ധരംഗങ്ങളിലെ ദീകരത മാത്രമല്ല സമീറയുടെ കുടുംബജീവിതത്തെ പറ്റിയും ചിത്രം പറയുന്നുണ്ട്.. അവിടെ നിന്നാണ് ചിത്രത്തിന്റെ തുടക്കവും.. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല, അത് രസംകൊല്ലി ആയേക്കും..

സിനിമാരംഗത്തിൽ മുൻനിരയിലുള്ള എഡിറ്റർമാരിൽ ഒരാളായ മഹേഷ് നാരായണൻ അദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് Take off.. ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം..!!..ചിത്രം റിലീസ് ആവുന്നതിന് മുമ്പ് നൽകിയിരുന്ന വലിയ പ്രതീക്ഷകൾക്ക് ഒരു കോട്ടവും വരുത്താതെ പ്രതീക്ഷിച്ചതിനേക്കാൾ മുന്തിയ ഒരു ചിത്രമാണ് സംവിധായകൻ സമ്മാനിച്ചത്.. മഹേഷ് നാരായണും പി.വി ഷാജികുമാറും ചേർന്ന് രചിച്ച തിരക്കഥയും ഗംഭീരം.. ഇവർ തന്നെ രചിച്ച ഡയലോഗുകളും മികച്ചവ തന്നെ.. പല ഡയലോഗുകളും മനസ്സിൽ തട്ടുന്നവ ആയിരുന്നു..

കേന്ദ്രകഥാപാത്രങ്ങളിൽ മികച്ച് നിന്ന സമീറയെ സ്‌ക്രീനിൽ ഗംഭീരമാക്കിയത് പാർവ്വതിയാണ്.. തന്റെ കഴിവ് വീണ്ടും വീണ്ടും വിളിച്ചോതുന്ന അസാധ്യ പ്രകടനം.. ഭാര്യയായും അമ്മയായും മകളായും മാലാഖയായും മനസ്സ് കവരുന്ന പ്രകടനം ശരിക്കും കയ്യടി അർഹിക്കുന്നത് തന്നെ..വളരേയേറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ കഥാപാത്രമാണ് സമീറയുടേത്.. ഭാവങ്ങൾ കൊണ്ടും ബോഡി ലാങ്വേജ് കൊണ്ടും അതിമനോഹരമാക്കി പാർവ്വതി സമീറയെ..

3 മുൻനിര നായകന്മാർ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്..ശക്തമായ കയ്യടി അർഹിക്കുന്നു മൂവരും.. കൂട്ടത്തിൽ കൂടുതൽ കയ്യടി ലഭിച്ചത് ഫഹദിനാണ്.. അതിഗംഭീര പ്രകടനം..മികച്ച ഡയലോഗുകൾ ഫഹദിന്റേതായി ഉണ്ടായിരുന്നു ചിത്രത്തിൽ.. തന്റേതായ ശൈലികൊണ്ടും മാനറിസം കൊണ്ടും അവ വേറെ തലത്തിൽ എത്തിച്ചു ഫഹദ്.. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച ഒരു വേഷമാണ് ഷഹീദിന്റേത്.. ചോക്ലേറ്റ് ബോയ് എന്ന ഇമേജിൽ നിന്ന് മാറി വ്യക്തിത്വമുള്ള ഒരു ഭർത്താവായി ആദ്യ പകുതിയിൽ നിറഞ്ഞ് നിന്നു.. രണ്ടാം പകുതിയിലും മനുഷ്യജീവന് വിലകൽപിക്കുന്ന ഒരു നഴ്സായും തിളങ്ങി.. ആസിഫലി ചെറുതെങ്കിലും തന്റെ വേഷം മനോഹരമാക്കി..പ്രകാശ് ബെലവാഡി, പ്രേം പ്രകാശ്, ദിവ്യപ്രഭ, എറിക് സകറിയ എന്നിവർ മികച്ച പിന്തുണ നൽകി..

ടെക്നിക്കൽ സൈഡ് അപാര ഫോമിലായിരുന്നു ചിത്രത്തിലുടനീളം... ഛായാഗ്രഹണവും സംഗീതവും അതിഗംഭീരം.. സനു വർഗീസ് നിർവ്വഹിച്ച ഛായാഗ്രഹണം ചിത്രത്തെ ഒരു ദൃശ്യവിരുന്നാക്കി..പല ഫ്രെയിമുകളും മികച്ച് നിന്നു.. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം അതിഗംഭീരം..പല സീനുകളും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വേറെ തലത്തിൽ എത്തി.. ഗോപി സുന്ദറും ഷാൻ റഹ്മാനും  ഒരുക്കിയ പാട്ടുകളും മികച്ച് നിന്നു.. എഡിറ്റിംഗും മികച്ച് നിന്നു..

യുദ്ധരംഗത്തെ ഭീകരത ഏതാണ്ട് അതേ ഫീലിൽ തന്നെ പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിനായി.. പല രംഗങ്ങളും പ്രേക്ഷകനിൽ നടുക്കം രേഖപ്പെടുത്തും വിധമായിരുന്നു.. ഓരോ രംഗവും കാണികളിൽ ഇനിയെന്ത് എന്നുള്ള ചോദ്യവും ഉയർത്തി കൊണ്ടു പോവുന്നതായിരുന്നു.. അവസാന രംഗത്ത് ഇന്ത്യൻ പതാക കാണിച്ചത് ശരിക്കും രോമാഞ്ചമുണ്ടാക്കി..സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണ് നിറഞ്ഞ നിമിഷം..മലയാളികൾക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രമാണ് Take off.. ചിത്രം തീയേറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയുക.. വൻ വിജയമാക്കുക.. അത് അങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു..

Hats off Mahesh Narayan.. ഇങ്ങനെയൊരു പ്രയത്നത്തിന്..ഇത്തരത്തിൽ ഒരു മികച്ച ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചതിന്..

My Rating:: ★★★★½

You Might Also Like

0 Comments