Honey Bee 2 Celebrations (2017) - 128 min

March 23, 2017



കൊച്ചിയിലെ മച്ചാൻമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു Honey Bee.. സംവിധായകൻ ലാലിന്റെ മകൻ ജീൻ പോൾ ലാൽ അഥവാ ലാൽ ജൂനിയറിന്റെ ആദ്യ സംവിധാനസംരംഭം.. വെള്ളമടിയും ദ്വയാർഥപ്രയോഗങ്ങളും ആവോളമാണ്ടായിരുന്ന ചിത്രത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു..ആസിഫലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി ചിത്രം..അതിന് ഒരു രണ്ടാം ഭാഗം കൂടി വന്നിരിക്കുന്നു.. അതേ മച്ചാൻമാരുമായി..

ആദ്യഭാഗത്തിലെ അവസാന 2 രംഗങ്ങൾ..സെബാനും എയ്ഞ്ചലും ആത്മഹത്യ ചെയ്യാൻ കടലിൽ ചാടുന്നതും പിന്നെ അച്ഛന്റെ ശവക്കല്ലറയുടെ അടുത്ത് നിന്ന് പുണ്യാളൻ ഫാമിലിയും സെബാനും കൂട്ടരും പ്രാർഥിച്ച് നിൽക്കുന്നതും.. ഈ 2 രംഗങ്ങൾക്കിടയിൽ എന്ത് സംഭവിച്ചു എന്നതാണ് Honey Bee 2.. ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്ന ഇരുവരുടെയും കല്യാണം നടത്താൻ പുണ്യാളൻ ഫാമിലി തീരുമാനിക്കുന്നു..അത് സെബാന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്..


ഉയർന്ന നിലയിലുള്ള മാതാപിതാക്കളും കുടുംബത്തിന്റെ സ്റ്റാറ്റസും ഒരു ഘട്ടത്തിൽ പ്രശ്നമായി തോന്നുന്നു സെബാന്.. അത്കൊണ്ട് തന്നെ മുന്നിൽ കാണുന്ന എല്ലാ ചെയ്തികളും അവന് പരിഹാസമായി തോന്നുന്നു.. അവനിൽ അത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നു.. അങ്ങനെ നീണ്ട് നീണ്ട് പോവുകയാണ് ചിത്രത്തിന്റെ കഥ..

ജീൻ പോൾ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.. മോശം തിരക്കഥ തന്നെയാണ് ചിത്രത്തിന്റേത്.. ഒരു അന്തവും കുന്തവും ഇല്ലാത്ത പോക്കും തട്ടിക്കൂട്ട് ക്ലൈമാക്സും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു..വേഗത്തിൽ പോയ ആദ്യ പകുതി എടുത്തുപറയത്തക്ക മോശായി തോന്നിയില്ല.. ശരാശരിയിൽ ഒതുങ്ങിയെങ്കിലും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല..എന്നാൽ ഇടവേള കഴിഞ്ഞ് അങ്ങോട്ട് എന്ത് ചെയ്യണമെന്നറിയാതെ സംവിധായകൻ കുഴങ്ങിയതായി തോന്നി.. ചുമ്മാ എന്തൊക്കെയോ കാട്ടിക്കൂട്ടി ചിത്രം അവസാനിപ്പിച്ചു..

ആദ്യഭാഗത്തിലെ പോലെ സെബാനെ അവതരിപ്പിച്ചത് ആസിഫലിയാണ്..കേന്ദ്രകഥാപാത്രമായ സെബാന്റെ മാനസിക പിരിമുറക്കങ്ങൾ  കാണുമ്പോൾ പ്രേക്ഷകനിൽ അത് എന്തോരം പിരിമുറുക്കങ്ങളാണോ ഉണ്ടാക്കിയത്.. ചില ഘട്ടങ്ങളിൽ ഒട്ടും തൃപ്തികരമായിരുന്നില്ല കഥാപാത്രത്തിന്റെ നിർവചനം..എന്നാൽ ആസിഫലി സെബാന്റെ വേഷം തെറ്റില്ലാതെ ചെയ്തു.. ആദ്യഭാഗത്തിൽ നിന്ന് അധികമായി ശ്രീനിവാസനും ലെനയും ചിത്രത്തിൽ ഉണ്ടായിരുന്നു..ഇരുവരും കിട്ടിയ വേഷം ഭംഗിയാക്കി.. പുണ്യാളൻസ് ഫാമിലിയിലെ അംഗങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വെച്ചു.. ലാൽ, സുരേഷ് കൃഷ്ണ, അമിത്, അസിം ജമാൽ എന്നിവർ തങ്ങളുടെ വേഷങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തു.. ഭാവനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല..



ചിത്രത്തെ കുറച്ചെങ്കിലും പിടിച്ച്
നിർത്താൻ സഹായിച്ചത് ഇടക്കിടെ
വരുന്ന കോമഡികളാണ്.. എന്നാൽ ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ കോമഡിയും കുറവായിരുന്നു.. ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.. ദ്വയാർഥപ്രയോഗങ്ങളും ആദ്യഭാഗത്തിലേത് പോലെ തന്നെ ഇതിലും ആവോളമുണ്ടായിരുന്നു.. ബാബുരാജും സംഘവും നയിക്കുന്ന ഇംഗ്ലീഷ് ഡയലോഗുകൾ ഇടക്ക് ചിരിപ്പിക്കുകയും തുടരെ തുടരെ പ്രയോഗിച്ച് വെറുപ്പിക്കുകയും ചെയ്തു..എന്നിരുന്നാലും ചിരിക്ക് വക നൽകുന്നുണ്ട് ചിത്രം..

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആൽബിയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവുമാണ്.. നല്ല രീതിയിൽ തന്നെ ഇരുവരും തങ്ങളുടെ ജോലി ചെയ്തു.. ആദ്യ പകുതിയിലെ ഗാനം ശരാശരിയായി തോന്നിയപ്പോൾ രണ്ടാം പകുതിയിലെ ഗാനം ലാഗടിച്ച ചിത്രത്തിന് ഒരു ഉണർവ്വേകി.. എന്നാൽ ശേഷം വീണ്ടും പഴയത് പോലെയായി.. ചിത്രത്തിന് ശേഷം ഉണ്ടായിരുന്ന ' നുമ്മട കൊച്ചി' കൂടി കേൾക്കാൻ നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല..

ഭാഗ്യത്തിന് ടീസറും ട്രെയിലറും ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ചിത്രം കാണുന്നതിന് മുമ്പ് അമിതപ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. എന്നിട്ട്കൂടി ശരാശരിയിൽ താഴെ സംതൃപ്തി മാത്രമാണ് ചിത്രത്തിന് സമ്മാനിക്കാനായത്.. വലിയ പ്രതീക്ഷകളില്ലാതെ പോയാൽ ശരാശരിയോ അതിൽ താഴെയോ സംതൃപ്തി നൽകാൻ മാത്രമേ ചിത്രത്തിന് സാധിക്കൂ..

My Rating:: ★★☆☆☆

You Might Also Like

0 Comments