Kuttram 23 (2017) - 151 min

March 20, 2017

 

തമിഴ് സിനിമയിൽ ത്രില്ലറുകൾക്ക് ഇത് നല്ല കാലമാണെന്ന് തോന്നുന്നു.. വൻ താരനിരകളില്ലാതെ മികച്ച തിരക്കഥയുടെയും സംവിധാനത്തിന്റെയും പിൻബലത്തോട് കൂടി ഇറങ്ങുന്ന ത്രില്ലറ്റുകൾ പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.. ധ്രുവങ്ങൾ 16, മാനഗരം തുടങ്ങിയ മികച്ച ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി.. 'കുട്രം 23'

ACP വെട്രിമാരന് ഒരേ സമയം അന്വേഷിക്കാൻ ലഭിക്കുന്നത് 2 കേസുകളാണ്.. ജെസിക്ക എന്ന സ്ത്രീയുടെ തിരോധാനവും ഒരു പള്ളീലച്ചന്റെ കൊലപാതകവും.. ഇവ തമ്മിലുള്ള ബന്ധങ്ങളെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു കൊലപാതകം കൂടി നടക്കുന്നത്.. തുടർന്ന് അതൊരു സീരിയൽ കില്ലിംഗായി മാറുകയാണ്.. പിന്നീട് മരണപ്പെടുന്നതൊക്കെ സ്ത്രീകളാണ്.. എല്ലാവരിലും പൊതുവായി കാണപ്പെടുന്ന ഒരു ഘടകവും ഉണ്ട്.. തുടർന്ന് ചിത്രം പ്രേക്ഷകരെ കൂടുതൽ എൻഗേജിംഗ് ആയി മുന്നോട്ട് നയിക്കുകയാണ്..


ഒരു സസ്പെൻസ് നിറഞ്ഞ ചിത്രം അല്ല ഇത്.. എന്നാൽ അതിനെക്കാളേറെ കാണികളെ ഹരം കൊള്ളിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രം എന്ന നിലയിൽ കയ്യടി നേടുന്നു ചിത്രം.. ആദ്യ സീൻ  തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്.. തുടർന്നുള്ള ടൈറ്റിൽ ഗ്രാഫിക്സും ചിത്രത്തോട് അടുത്ത് നിൽക്കുന്നത് തന്നെ.. ഇത്തരത്തിൽ ത്രില്ലർ മോഡിൽ കഥ പറഞ്ഞുപോവുന്നതിനിടക്ക് സുന്ദരമായി പ്രണയവും കോർത്തിണക്കിയ സംവിധായകന്റെ കഴിവ് പ്രശംസനീയം തന്നെ.. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെ പ്രമേയമായി തിരഞ്ഞെടുത്തു എന്നതും കയ്യടി അർഹിക്കുന്നത് തന്നെ.. 23 എന്ന സംഖ്യക്ക് സിനിമയിൽ ഉള്ള പ്രാധാന്യവും സിനിമയുടെ പേരിൽ തന്നെ പറഞ്ഞിരിക്കുന്നു..

ഈറം എന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ Arivazhagan ആണ് Kuttram 23 ഒരുക്കിയിരിക്കുന്നത്.. തിരക്കഥയും അദ്ധേഹത്തിന്റേത് തന്നെ..മികച്ച തിരക്കഥയും സംവിധാനവും നട്ടെല്ലാക്കിയ സിനിമ കാണികളെ അത്യന്തം ഉദ്വേകജനകമായ മുഹൂർത്തത്തിലൂടെയാണ് നയിക്കുന്നത്.. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, ഒരു രംഗം പോലും അനാവശ്യമായിരുന്നു എന്ന് തോന്നിപ്പിക്കാതെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ അദ്ധേഹത്തിനായി.. മസാല ചേരുവകളോ ഓവർ ഹീറോയിസമോ ഡയലോഗുകളോ ഒന്നും നൽകാതെ തന്മയത്വത്തോടുകൂടിയുള്ള അവതരണം.. തികച്ചും അഭിനന്ദനം അർഹിക്കുന്നു അദ്ധേഹം..



വെട്രിമാരനെ സ്ക്രീനിൽ ഗംഭീരമാക്കിയത് Arun Vijay ആണ്..അഭിനയവും ഒരു പോലീസ് ഓഫീസർക്ക് വേണ്ട ബോഡി ഫിറ്റ്നസും എല്ലാം മികച്ച് നിന്നു.. നായികയായി മഹിമാ നമ്പ്യാർ നല്ല പ്രകടനം കാഴ്ച്ചവെച്ചു.. തമ്പി രാമയ്യ ഇടക്കിടെ ചിരിപ്പിക്കുകയും അവസാനം കയ്യടി നേടുകയും ചെയ്തു.. വംശി കൃഷ്ണ വില്ലൻ വേഷവും മികച്ചതാക്കി.. അരവിന്ദ് ആകാശ്, അഭിനയ, വിജയകുമാർ, അമിത് ഭാർഗവ് എന്നിവർ മികച്ച പിന്തുണ നൽകി..

ഭാസ്കരൻ നിർവ്വഹിച്ച ഛായാഗ്രഹണം ചിത്രത്തെ വളരേയേറെ പിന്തുണച്ചിട്ടുണ്ട്.. മികച്ച ഫ്രെയിമുകളും ആംഗിളുകളും ത്രില്ലിന്റെ വേഗതയും അളവും കൂട്ടാൻ പര്യാപ്തമായിരുന്നു.. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയ വിശാൽ ചന്ദ്രശേഖർ ഉറച്ച പിന്തുണ നൽകിയിട്ടുണ്ട് സംവിധായകന്.. ചിത്രത്തിൽ ഒരു ഗാനം സുന്ദരമായി കോർത്തിണക്കിയിട്ടുണ്ട്.. ഇടക്കിടെ പശ്ചാത്തല സംഗീതമായി വന്ന ഗാനവും മികച്ചതായിരുന്നു.. എഡിറ്റിംഗും ചിത്രത്തെ ചടുല വേഗത്തിൽ സഞ്ചരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്..

തുടക്കം മുതൽ ഒടുക്കം വരെ ഒരേ പേസിൽ ചിത്രം സഞ്ചരിക്കുന്നുണ്ട്.. ഞെട്ടലുളവാക്കുന്ന ഇന്റർവെൽ പഞ്ചും മികച്ച ആക്ഷൻ രംഗങ്ങളും തൃപ്തികരമായ കൈല്ലമാക്സും ചിത്രം സമ്മാനിച്ചു.. ലോ ബഡ്ജറ്റിൽ സൂപ്പർ താരങ്ങളില്ലാതെ മികച്ച ഒരു ത്രില്ലറാണ് ഒരുക്കിവെച്ചിരിക്കുന്നത്.. തീയേറ്ററിൽ തന്നെ കണ്ട് ചിത്രം ആസ്വദിക്കുക.. നിരാശ സമ്മാനിക്കുകയില്ല ചിത്രം..

My Rating:: ★★★★☆

You Might Also Like

0 Comments