Georgettan's Pooram (2017) - 155 min

April 01, 2017


വർഷങ്ങൾക്ക് മുമ്പ് കബഡിയിലൂടെ ഇന്ത്യക്ക് സ്വർണ്ണം നേടിത്തന്ന മലയാളി സാന്നിധ്യമായിരുന്നു പി.വി.മത്തായി..അദ്ധേഹം തന്റെ നാട്ടിൽ കായികരംഗങ്ങളിൽ മികവുള്ള ഒരുപറ്റം യുവാക്കളെ വാർത്തെടുക്കുന്നതിന് സംഭാവന ചെയ്തതാണ് തന്റെ തന്നെ പേരിലുള്ള സ്പോർട്സ് ക്ലബും വായനശാലയും..എന്നാൽ കാലം കഴിയുംതോറും അത് ഉപയോഗശൂന്യമായി.. പിന്നീട് അത് മത്തായിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.. കുട്ടികൾ കളിക്കുവാനും നാട്ടുകാർക്ക് ചവറ് കൊണ്ട് ഇടുവാനും ഒരു പണിയും ഇല്ലാത്തവർക്ക് വെള്ളമടിച്ച് വാള് വെച്ച് കിടക്കാനുമുള്ള ഒരിടം..

ഈ മത്തായിപ്പറമ്പിലാണ് ജോർജ്ജും പള്ളനും വാവയും ചുള്ളനുമൊക്കെ വളർന്നത്.. ഒരുതരത്തിൽ തങ്ങളുടെ വീടിനേക്കാൾ സ്നേഹിക്കുന്ന ഒരിടമുണ്ടെങ്കിൽ അത് മത്തായിപ്പറമ്പാണ്.. ഇക്കൂട്ടരും മത്തായിപ്പറമ്പും തമ്മിലുള്ള ആത്മബന്ധത്തിന്റെ പേരിൽ അവർക്കുണ്ടാവുന്ന പ്രശ്നങ്ങളാണ് 'ജോർജ്ജേട്ടൻസ് പൂരം' എന്ന ചിത്രത്തിൽ കാണിക്കുന്നത്..



ഡോ.ലവ്വിന് ശേഷം കെ.ബിജു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇത്..പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത തിരക്കഥയാണെങ്കിലും പതിവ് ദിലീപ് ചിത്രങ്ങൾ പോലെ മോശമാക്കിയില്ല..തൃശ്ശൂർ ഭാഷയിലുള്ള സംഭാഷണങ്ങൾ അധികമായപ്പോൾ ചെറിയ അലോസരമുണ്ടാക്കി അവ..ചിത്രത്തിന്റെ ആദ്യ പകുതി നർമ്മത്തിൽ ചാലിച്ചാണ് മുന്നോട്ട് പോയതെങ്കിൽ രണ്ടാം പകുതി സീരിയസ് മോഡിലാണ് കൂടുതലും സഞ്ചരിച്ചത്..നർമ്മരംഗങ്ങൾ നന്നേ കുറവായിരുന്നു ഇടവേളക്ക് ശേഷം..ആദ്യ പകുതിയിലും ചീറ്റിപ്പോയ കുറച്ച് നമ്പറുകൾ ഉണ്ടായിരുന്നെങ്കിലും ചിരിപ്പിച്ചവയും ഉണ്ടായിരുന്നു..

നാട്ടിലെ പ്രധാന ഉഴപ്പനും പള്ളീലച്ചന്റെ മകനുമായ ജോർജിനെ ദിലീപ് തെറ്റില്ലാതെ അവതരിപ്പിച്ചു..കഥ ആവശ്യപ്പെടുന്ന അഭിനയം അദ്ധേഹം കാഴ്ചവെച്ചു.. പതിവ് ചിത്രങ്ങളെ പോലെ തന്നെ കോമഡിയുടെ കൂടെ അവിടിവിടെയായി ചളികളും ദ്വയാർഥപ്രയോഗങ്ങളും ഉൾപ്പെടുത്തിയിരുന്നു..ഇവ തീയേറ്ററിൽ ആസ്വദിക്കുമ്പോൾ പലതിനും ചിരി വരുമെന്നത് വേറൊരു വസ്തുത.. കൂട്ടുകാരായ പള്ളനെയും വാവയേയും ഷറഫുദ്ധീനും വിനയ് ഫോർട്ടും അവതരിപ്പിച്ചു.. കോമഡിയിലും ചളിയിലും ഇവരും പങ്കാളികളായി..എന്നാൽ ഇവർക്കൊപ്പം വാലുപോലെ നടന്ന ചുള്ളൻ എന്ന കഥാപാത്രത്തിന്റെ ആവശ്യകത  എന്താരുന്നെന്ന് ഇതുവരെ മനസ്സിലായില്ല..നായിക റെജിഷക്ക് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല..രഞ്ജി പണിക്കർ,ചെമ്പൻ വിനോദ്, ടി.ജി.രവി,കലാരജ്ഞിനി,സുധീർ കരമന തുടങ്ങിയവർ മറ്റ് വേഷങ്ങൾ അവതരിപ്പിച്ചു..

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്..'ജോലീം കൂലീം ഇല്ലാ' എന്ന ഗാനം ശരാശരിയിൽ ഒതുങ്ങിയപ്പോൾ 'ഓമൽ ചിരിയോ' എന്ന ഗാനം മോശം കോറിയോഗ്രഫിയിലും കേൾക്കാൻ രസമായി തോന്നി..ഭക്തിഗാനമായ 'ഒടുവിലെ യാത്രക്കായിന്ന്' എന്ന ഗാനം തിയേറ്ററിൽ കേട്ടത് മികച്ച അനുഭവമായിരുന്നു.. ചിതത്തോട് ചേർന്നുനിൽക്കുന്ന പശ്ചാത്തല സംഗീതമാണ് ഗോപി സുന്ദർ ഒരുക്കിയത്..വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം നിർച്ചഹിച്ചിരിക്കുന്നത്..നല്ല രീതിയിൽ തന്നെ തന്റെ ജോലി അദ്ധേഹം നിർവ്വഹിച്ചു..



ലോജിക്കിനെ കാറ്റിൽ പറത്തിയ തിരക്കഥ ആണെങ്കിലും സംവിധാനത്തിൽ ചെറിയ മികവ് പുലർത്തിയത് ചിത്രത്തിന് ഗുണകരമായി.. ക്ലീഷേ രംഗങ്ങളാലും ഊഹിക്കാവുന്ന ക്ലൈമാക്സാലും സമ്പുഷ്ടമാണെങ്കിലും ഒരു പ്രതീക്ഷയും ഇല്ലാതെ പോയത് കൊണ്ട് ഒരു തവണ കാണാനുള്ള വക ചിത്രം എനിക്ക് നൽകി..സമയദൈർഘ്യം കൂടിയത് മൂലം ചെറിയ  ഇഴച്ചിൽ അനുഭവപ്പെട്ടിരുന്നു..

വേനൽകാലത്തെ മഴപോലെ എനിക്ക് വീണുകിട്ടിയതായിരുന്നു '2 കൺട്രീസും' 'കിംഗ് ലയറും'..രണ്ടും എന്നെ സംതൃപ്തനാക്കിയ ചിത്രങ്ങൾ.. വളരെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു 'പിന്നെയും'.. എന്നാൽ നാടകത്തേക്കാൾ വലിയ നാടകീയതയായിരുന്നു ചിത്രം നൽകിയത്.. കുടുംബവും കൂട്ടുകാരുമൊക്കെയായി പോവുന്ന ആദ്യ പകുതിയും കബഡികളിയിൽ കേന്ദ്രീകരിച്ച രണ്ടാം പകുതിയും കുടുംബപ്രേക്ഷക്ഷകരെ സംതൃപ്തരാക്കാൻ വക നൽകുന്നുണ്ട്..സംതൃപ്തി നൽകിയ ചിത്രങ്ങളോളം വരില്ലെങ്കിലും ഒരു സാധാരണ പ്രേക്ഷകർ എന്ന നിലയിലും ദിലീപ് ചിത്രമാണെന്ന ഉത്തമബോധ്യമുണ്ടായിരുന്നതിനാലും ചിത്രം എനിക്ക് ശരാശരി സംതൃപ്തി നൽകി..

അഭിപ്രായം വ്യക്തിപരം..തിയേറ്ററിൽ കണ്ട് വിലയിരുത്തുക..

My Rating:: ★★½

You Might Also Like

0 Comments