C/o Saira Banu (2017) - 155 min

March 17, 2017


ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു സിനിമയിൽ ഒരു നായികയുടെ ഫാൻസ് അസോസിയേഷന് നന്ദി പറയുന്നതായി ടൈറ്റിലിൽ കാണുന്നത്.. ലേഡി സൂപ്പർസ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരുടേതായിരുന്നു സ്ക്രീനിൽ കണ്ടത്.. അതിന് കാരണവുമുണ്ട്.. നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് രണ്ടാം വരവ് വന്ന മഞ്ജുവിന് ലഭിച്ചൊതൊക്കെയും സ്ത്രീ കേന്ദ്രീകൃതമായ സിനിമകളായിരുന്നു.. How old are you, കരിങ്കുന്നം സിക്സസ്, Jo & the boy തുടങ്ങിയവ അതിനുദാഹരണമാണ്.. അവയിലേക്ക് ഒന്നുകൂടി.. C/o Saira Banu..

'ഒരമ്മ തന്റെ മകനെ രക്ഷിക്കാൻ ഏതറ്റം വരെ പോവും'.. ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് സൈറ ബാനു.. മഞ്ജു വാര്യർ ആണ് കേന്ദ്ര കഥാപാത്രമായ സൈറ ബാനുവിനെ അവതരിപ്പിച്ചിരിക്കുന്നത്.. 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ അമല രണ്ട് പതിറ്റാണ്ടിന് ശേഷം തിരിച്ചുവരവ് നടത്തുന്ന സിനിമ എന്ന പ്രത്യേകതയും സൈറ ബാനുവിനുണ്ട്.. മഞ്ജുവും അമലയും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഇത് തന്നെ.. ടീസറും ട്രൈലറും നൽകിയ പ്രതീക്ഷകളും വലുത് തന്നെ.. അങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് ചിത്രം തീയേറ്ററിലെത്തിയത്.



സൈറ ബാനുവും മകൻ ജോഷ്വയും തമ്മിലുള്ള സ്നേഹബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.. പോസ്റ്റ് വുമൺ ആയി ജോലി ചെയ്യുന്ന സ്ത്രീയാണ് സൈറ..ജോഷ്യയാവട്ടെ ലോ കോളേജ് വിദ്യാർഥിയും.. ഒരു അമ്മ-മകൻ ബന്ധത്തിന് പുറമേ മികച്ച സുഹൃത്തുക്കൾ കൂടിയാണ് അവർ..പഠനത്തിന് പുറമേ തന്റെ അച്ഛനെ പോലെ ഫോട്ടോഗ്രഫിയിലും കമ്പമുണ്ട് ജോഷ്വയ്ക്ക്.. അങ്ങനെ അവൻ ഒരു ഫോട്ടോഗ്രഫി കോണ്ടെസ്റ്റിൽ വിജയിക്കുകയും വിദേശത്ത് പഠിക്കുവാനുള്ള അവസരവും ലഭിക്കുന്നു.. എന്നാൽ അപ്രതീക്ഷിതമായി ജോഷ്വ ഒരു കേസിൽ പെടുന്നു.. തുടർന്ന് അതിൽ നിന്ന് ജോഷ്വയെ രക്ഷിക്കാൻ സൈറ ബാനു നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിൽ പറയുന്നത്..



ആദ്യ പകുതിയിൽ ഒരു ഫാമിലി ഡ്രാമ ആയി മുന്നേറുന്ന ചിത്രം രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമ എന്ന ശ്രേണിയിലേക്ക് വഴിതിരിയുന്നു.. ചെറിയ ഒരു സസ്പെൻസ് ത്രില്ലർ മോഡും ചിത്രം സമ്മാനിക്കുന്നു.. സൈറയും ജോഷ്വയും തമ്മിലുള്ള സ്നേഹബന്ധം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ചിത്രത്തിൽ.. അതുപോലെ തന്നെ കോർട്ട് റൂം രംഗങ്ങളൊക്കെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്..

നവാഗതനായ Antony Sony ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. ആദ്യ ചിത്രമെന്ന നിലയിൽ സംവിധായകന്റെ മനോഹരമായ ഒരു സൃഷ്ടിയാണ് സൈറ ബാനു.. Bipin Chandran, R.J shaan എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.. സംഭാഷണം രചിച്ചിരിക്കുന്നത് Bipin Chandran ആണ്.. ചുംബന സമരവും കേരളത്തിലേക്ക് ബംഗാളികളുടെ കുത്തൊഴുക്കും ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ഹിറ്റ് & റൺ കേസുകളും എല്ലാം ചിത്രം പ്രതിപാദിക്കുന്നുണ്ട്.. അവയെ കോർത്തിണക്കിയതും നല്ല രീതിയിൽ തന്നെ.. മെലോഡ്രാമയിലേക്ക് കൂപ്പ് കുത്താവുന്ന രംഗങ്ങളൊക്കെ മികച്ച രീതിയിൽ അവതരിപ്പിച്ചത് തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവ് കാണിക്കുന്നു..


മഞ്ജു വാര്യർ അവതരിപ്പിച്ച സൈറ ബാനു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്..ആദ്യ ചില രംങ്ങളിൽ ചില കോമഡികൾ പാളിപ്പോയെങ്കിലും പിന്നീടങ്ങോട്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. ജോഷ്വയുടെ കാമുകിയുമായുള്ള കൂടിക്കാഴ്ച്ച രംഗത്ത് മഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ശരിക്കും ചിരിയുണർത്തി.. മകനുമായി പിണങ്ങുന്ന രംഗവും കോർട്ട് റൂം സീനുകളും തന്മയത്വത്തോടെ അവതരിപ്പിച്ചു.. അമലയുടെ രണ്ടാം വരവ് തന്റെ സാന്നിധ്യം അറിയിച്ച് കൊണ്ട് തന്നെ ഭംഗിയാക്കി.. ലിപ് സിങ്കിൽ പോരായ്മ ഉണ്ടായിരുന്നെങ്കിലും അഡ്വ: ആനി ജോൺ തറവാടിയുടെ വേഷം നല്ല രീതിയിൽ സ്ക്രീനിലെത്തിച്ചു.. ഷെയ്ൻ നിഗം ആണ് ജോഷ്വയുടെ വേഷം അവതരിപ്പിച്ചത്.. കിസ്മത്തിന് ശേഷം ഷെയ്ൻ ചെയ്ത നല്ല വേഷം ആയിരുന്നു ജോഷ്വ.. ഗണേഷ് കുമാർ, ജോയ് മാത്യു, ജോൺ പോൾ, നിരഞ്ജന എന്നിവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തു..

മെജോ ജോസഫ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.പാട്ടുകൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തല സംഗീതം മികച്ചു നിന്നു.. ആദ്യ പകുതിയുടേതിനേക്കാൾ മികച്ചതായിരുന്നു രണ്ടാം പകുതിയിലേത്..

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് Abdul Rahim ആണ്.. നല്ല രീതിയിൽ തന്നെ അത് കൈകാര്യം ചെയ്തു.. എഡിറ്റിം‌ഗ് സാഗർ ദാസ് നിർവ്വഹിച്ചു.. Eros international ആണ് ചിത്രം തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്ത്..

ചിത്രത്തിന്റെ ആസ്വാദനത്തിന ചെറുതായെങ്കിലും ഭംഗം വരുത്തിയത് ചിത്രത്തിന്റെ സമയദൈർഘ്യമാണ്.. രണ്ടര മണിക്കൂർ നീളുന്ന ചിത്രം ചെറുതായി ഇഴച്ചിൽ തോന്നിച്ചു.. എന്നാൽ പിന്നീട് പേസ് വീണ്ടെടുത്ത ചിത്രം ചെറിയൊരു സസ്പെൻസ് സമ്മാനിച്ച് മുന്നേറി.. അവിടെ ചില സംശയങ്ങൾ ഉദിച്ചെങ്കിലും അവസാനം എല്ലാത്തിനും തൃപ്തികരമായ മറുപടി നൽകി തൃപ്ത്തിപ്പെടുത്തി ഭംഗിയായി അവസാനിപ്പിച്ചു.. ചെറിയൊരു സന്ദേശവും ചിത്രത്തിന് നൽകാനായി.. അങ്ങനെ ആകെത്തുകയിൽ കുടുംബത്തോടൊപ്പം ധൈര്യമായി ടിക്കറ്റ് എടുത്ത് കാണാവുന്ന നല്ലൊരു ചിത്രമാണ് സൈറ ബാനു..

അടുത്ത അഴ്ച്ച മുതൽ ഇറങ്ങാനിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾക്കിടയിൽ ഈ ആഴ്ച്ചത്തെ നല്ല നൃഷ്ടികൾ മുങ്ങിപ്പോവരുതേ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു..

My Rating:: ★★★½

You Might Also Like

0 Comments