Oru Mexican Aparatha (2017) - 143 min

March 06, 2017



സമീപകാലത്ത് ഒരു സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രീ റിലീസ് പ്രമോഷൻ ആയിരുന്നു ഒരു മെക്‌സിക്കന്‍ അപാരതയുടേത്.. ടൊവിനോയെ മലയാള സിനിമയുടെ പുതിയൊരു സ്റ്റാറായി പ്രതിഷ്ഠിച്ച ചിത്രം.. തന്ത്രപരമായ പ്രമോഷൻ പരിപാടികളിലൂടെ കേരളത്തിലെ യുവത്വത്തിന്റെ മനസ്സിൽ 'മെക്സിക്കൻ അപാരത' എന്ന പേര് പതിപ്പിക്കുവാൻ അണിയറ പ്രവർത്തകർക്കായി.. കട്ടക്കലിപ്പ് പാട്ടിലൂടെയും ട്രെയ്ലറിലൂടെയുമൊക്കെ ചിത്രം വളരേയേറെ പ്രതീക്ഷകൾ എല്ലാവരുടെയും മനസ്സിൽ മുളപ്പിച്ചു.. ഒരു പക്കാ ക്യാമ്പസ് രാഷ്ട്രീയ സിനിമ എന്ന ലേബൽ ആദ്യം തന്നെ ചിത്രം സമ്പാദിച്ചു.. അതിന്റെ ഫലമാണ് ആദ്യ ദിവസത്തെ കോളേജ് പിള്ളേർടെ തള്ളിക്കയറ്റവും ഹൗസ്ഫുൾ ഷോകളും.. ഇനി ചിത്രത്തിലേക്ക്..

ചിത്രത്തിന്റെ കഥ നടക്കുന്നത് എറണാകുളം മഹാരാജാസ് കോളേജിലാണ്.. 'നീല'ക്ക് സർവ്വാധിപത്യമുള്ള കോളേജ്.. നീലയുടെ നേതാവായി രൂപേഷ് എന്ന യുവാവും.. ഒരു ചുവപ്പ് കൊടി നാട്ടാനായി പലരും വെമ്പൽ കൊള്ളുന്നതും എന്നാൽ ഭയക്കുന്നതുമായ കലാലയം.. അവിടേക്കാണ് പോളിന്റെ വരവ്.. കോളേജ് ജീവിതം ആസ്വദിക്കാനെത്തിയ പോളിനെയാണ് നമുക്ക് ആദ്യം കാണാൻ കഴിയുക.. കുട്ടുകാരനായി സഖാവ് സുഭാഷും ഉണ്ട്.. ഇത്തവണ ചുവപ്പ് കൊടി നാട്ടൽ ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ആൾ.. ഒരു പാർട്ടിയുടെയും പ്രവർത്തകനായല്ല പോളിനെ ആദ്യം കാണിക്കുന്നത്.. ഒരു പാർട്ടിയോടും ചായ്വില്ലാതെ പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ തന്റെ വിപ്ലവ വീര്യം പുറത്തെടുത്ത് ചുവപ്പിനോടൊപ്പം ചേരുന്നതും ചെഗുവേരയെ മാതൃകാ പുരുഷനാക്കുന്നതും ഒട്ടും വിശ്വസനീയമായ രീതിയിലല്ല ചിത്രീകരിച്ചിരിക്കുന്നത്.. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും.. അതിനേക്കാൾ സംവിധായകൻ ശ്രദ്ധ ചെലുത്തിയത് ഒരു ക്യാമ്പസ് പാക്കേജിന്റെ ചേരുവകളായ പ്രണയവും തമാശകളും ഹോസ്റ്റൽ ജീവിതവുമൊക്കെ ഉൾകൊള്ളിക്കാനാണ്.. എന്നാൽ അവ പൂർണ്ണമായി ആസ്വാദനത്തിന് വഴിവെച്ചതുമില്ല.. അങ്ങനെ അത്ര രസം പകരാതെ ഇടക്കിടെ ചിരിപ്പിച്ച് ആദ്യ പകുതി അവസാനിച്ചു.. രണ്ടാം പകുതിയിൽ എന്തെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷ നൽകുന്ന തരത്തിൽ..

രണ്ടാം പകുതിയിൽ നീലയും ചുവപ്പും തമ്മിലുള്ള വീറും വാശിയുമാണ്.. കോളേജ് ഇലക്ഷനിൽ മത്സരിക്കാൻ ശ്രമിക്കുന്ന എസ് എഫ് വൈ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അവ തരണം ചെയ്യുന്ന രീതിയും കാണിക്കുകയാണ് ചിത്രത്തിൽ.. യുവാക്കൾക്ക് ആവേശം പകരുന്ന ഡയലോഗുകളും രംഗങ്ങളും ആവോളം ഉൾപെടുത്തിയിട്ടുണ്ട് രണ്ടാം പകുതിയിൽ.. അവിടെയാണ് കാണികളെ തെല്ലെങ്കിലും കയ്യിലെടുക്കുന്നതിൽ ചിത്രം വിജയിച്ചത്.. എതിർ പാർട്ടിയിലെ മാത്രമല്ല സ്വന്തം പാർട്ടിയിലെ കൊള്ളരുതായ്മകളും കുതന്ത്രങ്ങളും തുറന്ന് കാട്ടുന്നുണ്ട് സിനിമ.. അവസാനം തിരുത്തൽവാദി നയത്തിലൂടെ കാണികളുടെ കയ്യടിയും വാങ്ങി.. ആവേശത്തിലാഴ്ത്തുന്ന ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രത്തിൽ ഏറ്റവും മികച്ച് നിന്നത്.. ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചതും അതിന് തന്നെ.. അവസാനം കട്ടക്കലിപ്പ് ഗാനത്തോടെ ചിത്രം അവസാനിക്കുന്നു..
വളരെ കുറച്ച് കഥാപാത്രങ്ങൾക്ക് മാത്രമേ ചിത്രത്തിൽ കൃത്യമായ നിർവചനം കൊടുത്തിട്ടുള്ളൂ എന്നതും ഒരു പോരായ്മയാണ്..

പോൾ, കൊച്ചനിയൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ടൊവിനൊ അവതരിപ്പിച്ചു.. രണ്ട് വേഷങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്തു നായകൻ.. രുപം കൊണ്ടും ഭാവം കൊണ്ടും മികച്ചതാക്കി രണ്ട് കഥാപാത്രങ്ങളും.. എന്നാൽ ടൊവിനോയേക്കാൾ മികച്ച് നിന്നത് നീരജ് അവതരിപ്പിച്ച സഖാവ് സുബാഷും രൂപേഷ് പീതാംബരൻ അവതരിപ്പിച്ച കെ എസ് ക്യൂവിന്റെ നേതാവ് രൂപേഷിന്റെ വേഷവുമാണ്.. ഇരുവരുടെയും സ്ക്രീൻ പ്രസൻസ് മികച്ചതായിരുന്നു.. ഗായത്രി പതിവുപോലെ എന്തിനോവന്ന് നിരാശപ്പെടുത്തിയിട്ട് കളം വിട്ടു.. അവസാനം നായകന്റെ ഒരു മാസ് ഡയലോഗിന് സാക്ഷിയാവാൻ വീണ്ടും ഒന്നു കൂടി മുഖം കാണിച്ചു.. സുധീർ കരമന, ഹരീഷ് പേരടി, വിഷ്ണു, സുബീഷ് സുധി എന്നിവർ മറ്റ് വേഷങ്ങൾ ചെയ്തു.. മറ്റാരും പ്രകടനം മോശമാക്കിയില്ല..

ടെക്നിക്കൽ വൈസ് നോക്കുകയാണെങ്കിൽ ഒരു മാസ് അപ്പീൽ നൽകുവാൻ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.. എഴുപതുകൾ ചിത്രീകരിക്കുന്നതിൽ അദ്ധേഹം വിജയം കണ്ടു.. ഫ്രെയിമുകൾ പലതും മികച്ചതായിരുന്നു.. തിയേറ്ററുകളിൽ ഓളമുണ്ടാക്കുന്ന പശ്ചാത്തല സംഗീതവും സിനിമയെ നല്ല രീതിയിൽ പിന്തുണച്ചു.. പാട്ടുകൾ ശരാശരിയിൽ ഒതുങ്ങി.. പ്രണയ ഗാനം ശരാശരിയിലും താഴെ..' ഏമാൻമാരേ' പാട്ട് പാക്കേജിന്റെ ഭാഗമായി വെറുതെ ഉൾപ്പെടുത്തി..

ഇനി കാര്യത്തിലേക്ക്.. വിരോധാഭാസം എന്തെന്നാൽ മഹാരാജാസിന്റെ ചരിത്രത്തിൽ നടന്ന സംഭവങ്ങള്ളെല്ലാം സിനിമയിൽ പറഞ്ഞതിന് വിപരീതമായിരുന്നു എന്നതാണ് സത്യം.. യഥാർഥത്തിൽ അവിടെ നീലക്ക് പകരം ചുവപ്പായിരുന്നു.. ചുവപ്പിന്റെ സ്ഥാനത്ത് നീലയും..മലയാളികളുടെ മനസ്സിൽ ചുവപ്പിനോടുള്ള പ്രത്യേക താൽപര്യം വാണിജ്യ തന്ത്രമായി സംവിധായകൻ ഉപയോഗിച്ചു.. അതിൽ വിജയിക്കുകയും ചെയ്തു എന്ന് പറയാം.. ഇനീഷ്യൽ ഡേ കളക്ഷനിൽ മറ്റ് പല താരങ്ങളേയും പിന്നിലാക്കി അപാരത മുന്നേറിയത് അതിന് തെളിവാണ്..എങ്കിലും ചരിത്രം ചരിത്രമല്ലാതാവുന്നില്ല എന്നത് ഒരു വസ്തുതയാണ്..

ചരിത്രത്തിലേക്ക് ചികഞ്ഞു നോക്കാതെ ഒരു തിയറ്റർ എക്സ്പീരിയൻസ് മാത്രം ആഗ്രഹിച്ച് ചെല്ലുന്നവരെ നിരാശപ്പെടുത്തില്ല ചിത്രം.. വലിയ പ്രതീക്ഷയോ ആവേശമോ ഇല്ലാതെ ചിത്രം കാണാൻ പോകുന്നവർക്ക് ശരാശരിയോ അതിന് മുകളിലോ സംതൃപ്തി നൽകും ചിത്രം.. വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം പല അഭിനേതാക്കളുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവാകും എന്നത് സംശയമില്ലാത്ത കാര്യമാണ്..

My Rating:: ★★★☆☆


You Might Also Like

0 Comments