12 Angry Men (1957) - 96 min

March 16, 2017


ഇന്ത്യയുടേതിൽ നിന്നൊക്കെ വിഭിന്നമാണ് മറ്റ് പല രാജ്യങ്ങളിലേയും 'കോർട്ട് സിസ്റ്റം'.. അമേരിക്കയിൽ ജഡ്ജിയെ കൂടാതെ മറ്റ് 12 പേർ ജൂറികളായി വാദം കേൾക്കാനും വിധി പറയാനും കോടതി മുറിയിൽ കാണും..ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജൂറിയും ചെറിയ കേസുകളിലൊക്കെ ജഡ്ജിയുമാവും വിധി പറയുക.. ജ്യൂറർമാരായി തിരഞ്ഞെടുക്കപ്പെടുന്ന 12 പേർ സമൂഹത്തിലെ സാധാരണ ജനങ്ങളുമായിരിക്കും.. ക്രിമിനൽ കേസുകളിൽ ജ്യൂറർമാരുടെ വിധി ഐക്യകണ്ഡേന പ്രഖ്യാപിക്കേണ്ടതാണ്..

ഒരു 18 വയസുകാരൻ തന്റെ അച്ഛനെ കുത്തി കൊലപ്പെടുത്തിയ കേസിലെ വാദമാണ് നടന്നുകൊണ്ടിരിക്കുന്നത്.. വാദങ്ങളൊക്കെ കേട്ട ശേഷം വിധി തീരുമാനിക്കുവാനായി ജഡ്ജി ജ്യൂറർമാർക്ക് സമയം അനുവദിക്കുന്നു.. ഏകകണ്ഠമായ തീരുമാനം കൈക്കൊള്ളണം എന്ന കാര്യം ജഡ്ജി അവരെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്യുന്നു.. വിധിയുടെ ചർച്ച നടത്തുവാനായി ഒരു സ്വകാര്യ മുറിയിലേക്ക് പ്രവേശിക്കുന്ന അവർ പിന്നീട് സ്വന്തം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ വ്യാപൃതരാവുകയാണ്.. വിധി പ്രസ്താവിച്ച് പോയതിന് ശേഷമുള്ള അവരുടെ തിരക്കുകളെ പറ്റിയും പരിപാടികളെ പറ്റിയുമാവുന്നു പിന്നെ അവരുടെ ചർച്ച.. വേഗം കോടതി പിരിച്ച് വിട്ട് വീട് പിടിക്കാനുള്ള ധൃതിയിൽ എന്നോണം ആദ്യ വോട്ടെടുപ്പിൽ ഒരാളൊഴികെ ബാക്കി 11 പേരും 18 വയസുകാരനെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നു..കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിച്ച ജൂറി അംഗത്തോട് ബാക്കിയുള്ളവരിൽ കടുത്ത അമർഷം സൃഷ്ടിക്കുവാൻ ഇത് കാരണമാവുന്നു.. തുടർന്ന് തന്റെ സാഹചര്യ തെളിവുകളിൽ ഉണ്ടായ തന്റെ സംശയങ്ങൾ ഉയർത്തിക്കാട്ടുവാൻ അയാൾ ശ്രമിക്കുന്നു.. ഇതാണ് '12 Angry Men' എന്ന ചിത്രത്തിന്റെ ഇതിവൃത്തം..

Reginald Rose ഒരുക്കിയ ഇതേ പേരിലുള്ള ഒരു ടെലിപ്ലേയെ ആധാരമാക്കിയാണ് 12 Angry Men എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് Reginald Rose തന്നെയാണ്.. നിർമാണത്തിലും അദ്ധേഹം പങ്ക് വഹിച്ചു.. Sidney Lumet ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. 96 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ 3 മിനിറ്റ് ഒഴികെ ബാക്കി എല്ലാ രംഗവും ഒറ്റ മുറിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്..

ചിത്രത്തെ പ്രേക്ഷകനിലോട്ട് അടുപ്പിക്കുന്ന ഘടകം അതിലെ അഭിനേതാക്കളുടെ അത്യുഗ്രൻ പ്രകടനമാണ്..സംഗീതത്തിനോ ക്യാമറക്കോ വലിയ പ്രാധാന്യം ഇല്ലാത്ത ചിത്രത്തിൽ തിരക്കഥയും ജ്യൂറി അംഗങ്ങളുടെ പ്രകടനവുമാണ് നട്ടെല്ലാവുന്നത്.. Henry Fondaയാണ് കുറ്റക്കാരനല്ല എന്ന വിധി പ്രസ്താവിക്കുന്ന ജ്യൂറി അംഗത്തെ അവതരിപ്പിക്കുന്നത്.. അതിഗംഭീര പ്രകടനമാണ് അദ്ധേഹം കാഴ്ച്ചവെച്ചത്.. Lee J.Cobb, John Fiedler, E E.G. Mashall, Martin Balsam എന്നിവരാണ് മറ്റ് അംഗങ്ങളെ അവതരിപ്പിച്ചതിൽ പ്രമുഖർ.. എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടുകൊണ്ട് അവർ സ്ക്രീനിൽ ജീവിച്ചു എന്ന് തന്നെ പറയാം..

തുടക്കം പതിഞ്ഞ താളത്തിലാണെങ്കിലും ചർച്ച മുറുകുന്തോറും നമ്മളും അതിന്റെ ഒരു ഭാഗമാണെന്ന് തോന്നിപ്പോവും.. അത്ര മികച്ച തിരക്കഥയും ഡയലോഗുകളും ഡയലോഗ് ഡെലിവറിയുമാണ് ചിത്രത്തിലേത്.. പശ്ചാത്തല സംഗീതം വളരെ തുഛമായ സ്ഥലങ്ങളിൽ ഇടക്കെവിടെയൊക്കെയോ വന്നുപോയി.. എന്നാൽ അതിലൊന്നും നമ്മുടെ ശ്രദ്ധ പോവാത്ത വിധം ഗംഭീരമായി ഒരുക്കിയിരിക്കുകയാണ് ചിത്രം.. ഒറ്റ വാക്കിൽ പറഞ്ഞാൽ 'A classic of its kind'.. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു..

My Rating:: ★★★★½

You Might Also Like

0 Comments