Maanagaram (2017) - 140 min

March 14, 2017


പരീക്ഷണങ്ങളുടെയും പുതിയ ആശയങ്ങളുടെയും പിറവിയിലൂടെയാണ് തമിഴ് സിനിമാലോകം കുറച്ച് നാളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.. സ്ഥിരം മാസ്- മസാല ചേരുവകൾ നിറച്ച സിനിമകൾക്ക് പുറമെ മികച്ച ചിന്തകളും പരിചരണവുമുള്ള സിനിമകൾ പുറത്തിറങ്ങുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്.. പുതിയ മികവവുറ്റ സംവിധായകരുടെ പിറവി തമിഴ് സിനിമയുടെ തന്നെ മുഖഛായ തന്നെ മാറ്റാൻ പോന്ന തരത്തിലാണ്..

ചെന്നൈ മഹാനഗരം.. ഒരു 'മെട്രൊപൊളിറ്റിയൻ സിറ്റി'യുടെ മുഖമല്ലാതെ മറ്റൊരു മുഖം കൂടിയുണ്ട് ചെന്നൈക്ക്.. സ്വാർഥതയുടെയും പൈശാചികതയുടെയും മുഖം.. അങ്ങനെയുള്ള ചെന്നൈയിലൂടെയാണ് 'മാനഗര'ത്തിന്റെ കഥ മുന്നേറുന്നത്.. 4 മുഖ്യ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോവുന്നത്.. എന്നാൽ അവർ തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധമോ മുൻ പരിചയമോ ഇല്ല.. ഒരു ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ 4 കഥാപാത്രങ്ങളും ചിത്രം തുടങ്ങുന്നത് മുതൽ നമ്മോട് കൂടെ ചേരുന്നു.. അവരുടെ ജീവിതവും..

നവാഗതനായ Lokesh Kanagaraj തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മാനഗരം'..വ്യത്യസ്ത കഥാപാത്രങ്ങൾ ഒരു പ്രത്യേക പോയിന്റിൽ വന്ന് സംയോജിക്കുന്ന പല സിനിമകളും പല ഭാഷകളിലും നാം കണ്ടിട്ടുണ്ട്.. അത്തരത്തിലുള്ള ഒരു ' ത്രില്ലർ' ചിത്രമാണിത്..D-16 പോലെ ക്ലൈമാക്സിൽ ഒരു സസ്പെൻസ് ഒളിപ്പിച്ച് വെച്ച് കഥ പറയുന്ന രീതിയിലുള്ള ത്രില്ലറല്ല, മറിച്ച് 'ഇനിയെന്ത്' എന്ന ചോദ്യം പ്രേക്ഷകനിൽ ഓരോ നിമിഷവും ജനിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രം.. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കൃത്യമായ പോയിന്റിൽ കണക്ട് ചെയ്യുന്നതിൽ പ്രാഗത്ഭ്യമുള്ള ഒരു സംവിധായകന്റെ കരവിരുത് പ്രകടമായിരുന്നു.. രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് പ്രേക്ഷകനെ ത്രില്ലിന്റെ കൊടുമുടി കയറ്റുവാൻ സംവിധായകന് കഴിഞ്ഞു.. ഒരു നവാഗത സംവിധായകന്റെ ചിത്രമെന്ന് വിശ്വസിക്കാൻ പറ്റാത്തവണ്ണം ഗംഭീരം.. മികച്ച തിരക്കഥക്ക് അതിന്നൊത്ത സംവിധാനമിടുക്കും.. തമിഴ് സിനിമയ്ക്ക് പുതിയൊരു വാഗ്ദാനം തന്നെയാണ് ലോകേഷ് എന്ന സംവിധായകൻ..

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശ്രീ, സുദീപ് കിഷൻ, രജീന കസാന്ദ്ര, മുനിഷ്കന്ദ് എന്നിവരാണ്..ഇവരിൽ എന്റെ പേഴ്സണൽ ഫേവറിറ്റ് ശ്രീ ആണ്.. ഗംഭീര അഭിനയം കാഴ്ച്ചവെച്ച ശ്രീ മറ്റുള്ളവരെക്കാൾ ഒരുപടി മുകളിലായി തോന്നി.. ബാക്കിയുള്ള താരങ്ങളും മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

എടുത്തുപറയേണ്ട മറ്റൊരു സംഗതി ഛായാഗ്രഹണവും സംഗീതവുമാണ്.. ചെന്നൈയുടെ എല്ലാ മുഖങ്ങളും പ്രേക്ഷകന് വ്യക്തമാക്കിത്തരുന്ന ക്യാമറയും അതിനെക്കാൾ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആഖ്യാനരീതിക്ക് നൽകിയ പിന്തുണ ചെറുതല്ല.. പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് ഇരുത്തുവാൻ രണ്ട് ഘടകങ്ങളും സംവിധായകന് സഹായകമായി..ചിത്രത്തിലെ ആകെയുള്ള ഒരു ഗാനം ഇടക്ക് കല്ലുകടിയാവാതെ മനോഹരമായി സന്ദർഭത്തിനൊത്ത് കോർത്തിണക്കിയിട്ടുണ്ട് സംവിധായകൻ..

ചെന്നൈയിലെ നഗരവാസികളുടെ പല സ്വഭാവതലങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്.. സ്വാർഥ നിറഞ്ഞ നഗരത്തിൽ സ്വന്തം തടി രക്ഷിക്കാനായി ആത്മാർഥ സുഹൃത്തിനെ പോലും വഞ്ചിക്കുന്നവരും എന്നാൽ ആളാരാണെന്നോ പേരെന്താണെന്നോ ചോദിക്കാതെ പരസ്പരം സഹായിക്കാനുള്ള മനസ്ഥിതി ഉള്ളവരുമുണ്ട്.. ഒരാൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അത് തന്നെ ബാധിക്കാത്തത് കൊണ്ട് അതിനോട് മുഖം തിരിച്ച് നടക്കുന്നവരുമുണ്ട്.. അങ്ങനെ പല സ്വഭാവത്തിലുള്ളവരുടെ ഒരു സംഗമമാണ് ചെന്നൈ..

പേരുകേട്ട സംവിധായകരോ ഫാൻസ് പിൻബലമുള്ള അഭിനേതാക്കളോ ഇല്ലാത്തതിനാൽ വിതരണക്കാരെ കിട്ടാത്ത അനേകം ചിത്രങ്ങളുടെ പട്ടികയിൽ 'മാനഗര'വും ഉൾപ്പെടുന്നു..മൊട്ട ശിവനെയും കെട്ട ശിവനെയുമൊക്കെ തീയേറ്ററുളിൽ എത്തിക്കുന്ന വിതരണക്കാർ ഇതുപോലെയുള്ള മികച്ച ചിത്രങ്ങളോട് വിമുഖത കാട്ടുന്നത് വളരെ പരിതാപകരവും വിഷമമുണ്ടാക്കുന്ന വസ്തുതയുമാണ്..D-16 പോലെ ഈ ചിത്രവും വൈകിയെങ്കിലും കേരളത്തിലും ആരെങ്കിലുമൊക്കെ എത്തിക്കും എന്ന പ്രതീക്ഷയോടെ മൊബൈലിൽ കണ്ട് സംതൃപ്തനാവേണ്ടി വന്ന ഒരു എളിയ സിനിമാസ്നേഹി..

My Rating:: ★★★★½

You Might Also Like

0 Comments