Angamaly Diaries (2017) - 132 min

March 03, 2017



ഒരു പ്രത്യേക സ്ഥലത്തെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ട്.. അതിനുള്ള അവസാനത്തെ മികച്ച ഉദാഹരണമായിരുന്നു കമ്മട്ടിപ്പാടം.. അവയുടെ കൂട്ടത്തിലേക്ക് പുതിയ ഒന്നുകൂടി..' അങ്കമാലി ഡയറീസ്'..

86 പുതുമുഖങ്ങൾ, 11 മിനിറ്റ് നീളുന്ന ക്ലൈമാക്സ് ഷോട്ട്.. അങ്ങനെ കാരണങ്ങൾ നിരവധി ആയിരുന്നു ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കാൻ.. എന്നാൽ എന്നെ ആകർഷിച്ചത് 'ലിജോ ജോസ് പെല്ലിശ്ശേരി' എന്ന ഒറ്റ നാമമാണ്..

'വിൻസന്റ് പെപെ' എന്ന ഒരു സാധാരണ അങ്കമാലിക്കാരന്റെ ജീവിതമാണ് സിനിമയിൽ പറയുന്നത്.. അവന്റെ സുഹൃദ്വലയവും കുടുംബവും പ്രണയവും എല്ലാം സിനിമയിലെ പ്രതിപാദന വിഷയമാവുന്നുണ്ട്.. അങ്കമാലിക്കാരുടെ തനത് ജീവിതരീതിയാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്.. കപ്പയും ബീഫും പോർക്കും കോമ്പിനേഷൻ ഇഷ്ടപ്പെടുന്ന, ചങ്കൂറ്റത്തോടെ എന്തിനും ഇറങ്ങി പുറപ്പെടുന്ന അങ്കമാലിക്കാരെ നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും.. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല.. അത് ചിലപ്പോൾ രസംകൊല്ലി ആയേക്കാം..





ചിത്രം തികച്ചും സംവിധായകന്റെ സിനിമ തന്നെയാണ്.. താരങ്ങൾ അല്ല, മറിച്ച് തിരക്കഥയും അതിന്റെ ആവിഷ്കാരവുമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് അദ്ധേഹം ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.. എത്ര അഭിനന്ദിച്ചാലും മതിവരില്ല അദ്ധേഹത്തിന്റെ ഈ പരിശ്രമത്തെ.. അതിന് മികച്ച പിന്തുണയുമായി താരങ്ങളും ടെക്നിക്കൽ സൈഡും..

വിൻസന്റ് ആയി അഭിനയിച്ച 'ആന്റണി വർഗീസ്' മലയാള സിനിമക്ക് ഒരു പുതു വാഗ്ദാനം തന്നെ.. ഭാവങ്ങൾ മിന്നി മായുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ 'ഐഡന്റിറ്റി' ഉള്ളവരാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.. എല്ലാവരും അവരുടെ റോളുകൾ ഗംഭീരമാക്കി.. പോർക്ക് വർക്കി, കണക്കുണ മാർട്ടി, അപ്പാനി രവി, ഭീമൻ, യൂ ക്ലാംപ് രാജൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രത്യേക ശ്രദ്ധ നേടി.. മൊത്തത്തിൽ പുതുമുഖങ്ങളെന്ന യാതൊരു ശങ്കയുമില്ലാതെ വളരെ മികച്ച പ്രകടനം ഏവരും കാഴ്ച്ചവെച്ചു..


വെറും 4 ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ ആർജിച്ച ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാദരൻ.. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അദ്ധേഹമാണ്.. ഗംഭീരം എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്.. ചിത്രത്തെ മുന്നോട്ട് നയിക്കുന്നതിൽ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല.. ക്ലൈമാക്സിലെ 11 മിനിറ്റ് നീളുന്ന ഒറ്റ ഷോട്ട്.. അതിഗംഭീരം.!
സംവിധായകന്റെ ആഗ്രഹത്തിനൊത്ത് ക്യാമറ ചലിപ്പിക്കുവാൻ അദ്ധേഹത്തിനായി.. റിയലിസ്റ്റിക് എഫക്ട് തരാൻ പല രംഗങ്ങളിലും അത് സഹായിച്ചു..

പ്രശാന്ത് പിള്ള കൈകാര്യം ചെയ്ത സംഗീതമാണ് മറ്റൊരു ഘടകം.. 5 പാട്ടുകളോളം അടങ്ങിയ ചിത്രത്തിൽ അവ മനോഹരമായി സന്ദർഭത്തിനനുസരിച്ച് കോർത്തിണക്കിയിട്ടുണ്ട്.. നാടൻ പാട്ടുകൾ പോലെ കേൾക്കുമ്പോൾ താളം പിടിക്കാൻ തോന്നുന്ന പാട്ടുകൾ.. പശ്ചാത്തല സംഗീതവും മികച്ച് നിന്നു..

ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു.. ഇടവേളക്ക് മുമ്പുള്ള സീനുകളൊക്കെ മികച്ചതാക്കിയത് അദ്ദേഹത്തിന്റെ മികവ്.. മൊത്തത്തിൽ തന്റെ ജോലി ഭംഗിയാക്കി..


തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്.. ചെമ്പൻ വിനോദിന്റെ തിരക്കഥയും സംഭാഷണങ്ങളും തനി ലോക്കൽ എന്ന ലേബലിനോട് നീതി പുലർത്തും വിധമായിരുന്നു.. മികച്ച ഒന്ന്.. ഇനിയും കൂടുതൽ പ്രതീക്ഷക്ക് വക നൽകുന്ന ഒരു എഴുത്തുകാരനെ കൂടി അങ്ങനെ നമുക്ക് ലഭിച്ചു..

മലയാളത്തിന് ഇത് പുതിയൊരു പാഠമാണ്.. ധൈര്യം പകരുന്ന ഒന്ന്.. 86 പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കാൻ ലിജോ ജോസ് കാണിച്ച ധൈര്യം.. അതിന് കാശ് മുടക്കാൻ ഫ്രൈഡേ ഫിലിം ഹൗസ് കാണിച്ച ധൈര്യം.. കൂടുതൽ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കുവാനും സംവിധായന്റെ സിനിമ എന്ന് ഊട്ടി ഉറപ്പിച്ച് പറയുന്ന രീതിയിൽ അത് ഒരുക്കുവാൻ സഹായിക്കാനും മനസ്സിനെ പാകപ്പെടുത്താൻ ആർജവം തരുന്ന ഒന്ന്.. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് സിനിമ കഴിഞ്ഞപ്പോഴുണ്ടായ കരഘോഷങ്ങളിൽ നിന്ന് മനസിലായത്.. അത് അങ്ങിനെ തന്നെയാവട്ടെ എന്ന് ആശംസിക്കുന്നു..

My Rating:: 4/5


You Might Also Like

0 Comments