The Photographer Of Mauthausen

April 01, 2020



🔻നാസി കാലഘട്ടത്തെ ക്രൂരതകൾ കണ്ടുപരിചയമില്ലാത്ത സിനിമാസ്നേഹികൾ നന്നേ കുറവായിരിക്കും. ഒരുപക്ഷെ ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണഘൂടമെന്ന വിശേഷണം ചാർത്തപ്പെട്ട നാസി ഭരണഘൂടത്തോളം ക്രൂരമായ മറ്റൊന്നുണ്ടാവില്ല. അല്ലെങ്കിൽ ഇതുവരെ പിറവിയെടുത്തിട്ടില്ല. എല്ലാ സിനിമകളും അവരുടെ ക്രൂരതകൾ കാട്ടി നമ്മെ മുറിവേൽപ്പിക്കുമ്പോഴും അതിൽ നിന്നൊരൽപ്പം മാറിചിന്തിക്കുകയാണ് The Photographer Of Mauthausen.(TPOM)

Year : 2018
Run Time : 1h 50min

🔻ഫാർൻസിസ്കൊ ബൊയിക്സ് എന്നൊരു സ്പാനിഷ് ഫോട്ടോഗ്രാഫർ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. ഫാസിസത്തിനെതിരായുള്ള എല്ലാ പോരാട്ടങ്ങളിലും സജീവമായിരുന്നതിന്റെ പേരിൽ സ്‌പെയിനിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾ. ഒടുവിൽ ഫ്രാൻസിലെത്തുകയും അവിടെ ഫ്രഞ്ച് സേനക്കായി സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ യുദ്ധത്തിനിടയിൽ നാസി പട്ടാളത്തിന്റെ പിടിയിലാവുകയും Mauthausen ക്യാമ്പിൽ അടക്കപ്പെടുകയും ചെയ്തു. ഒരു ഫോട്ടഗ്രാഫറെ ആയതുകൊണ്ട് മാത്രം അദ്ദേഹത്തിന് ചില പരിഗണനകൾ ലഭിച്ചു. ആ ക്യാമ്പിലെ നാസി ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി അദ്ദേഹം പകൽ സമയങ്ങളിൽ ജോലി നോക്കി. എന്നാൽ ബൊയിക്സ് അത് മറ്റൊരു രീതിയിൽ പ്രയോജനപ്പെടുത്താൻ വെമ്പൽ കൊള്ളുകയായിരുന്നു.

🔻ഭൂരിഭാഗം സിനിമകളും ക്രൂരതകൾ കൊണ്ട് കണ്ണടപ്പിക്കുമ്പോഴും ഈ ചിത്രം അതിൽ നിന്ന് മാറിചിന്തിക്കുന്നത് അത് പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം കൊണ്ടാണ്. ഫാസിസ്റ്റ് ഭരണഘൂടങ്ങളുടെ തകർച്ചയെ മുൻനിർത്തി സംവദിക്കുന്ന സിനിമയാണ് TPOM. സ്നേഹബന്ധങ്ങളുടെ ഊഷ്മളമായ ദൃഢത അവതരിപ്പിക്കുമ്പോഴും അതിലെ കാപട്യവും ചോദ്യം ചെയ്യുകയാണ് ചിത്രം. ഫാസിസം വീട്ടുപടിക്കൽ എത്തിനിൽക്കുമ്പോഴും നിഷ്പക്ഷതയോളം അപകടകരമായ മറ്റൊരു വസ്തുത വേറെയില്ലെന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ് സംവിധായകൻ ചെയ്‌തിട്ടുള്ളത്. ചെറുപ്പം മുതൽക്കേ കുട്ടികളുടെ മനസ്സിനെ ഏത് ദിശയിലേക്ക് കൊണ്ടുപോവുകയാണ് ഭരണഘൂടം എന്ന വിഷമകരമായ സംഗതി കൂടി ചർച്ച ചെയ്യേണ്ടതാണ്. അത്തരത്തിൽ പ്രസക്തി അർഹിക്കുന്ന ഒട്ടനവധി വിഷയങ്ങൾ നമ്മുടെ മുന്നിലേക്ക് നിരത്തുകയാണ് സംവിധായകൻ.

🔻മനുഷ്യന് എത്രത്തോളം ക്രൂരനാവാൻ സാധിക്കും എന്ന് കാട്ടിത്തരുന്ന ചില രംഗങ്ങളുണ്ട്. ഒരുതരത്തിൽ മനുഷ്യത്വമുള്ളവർ തരിച്ചിരുന്നുപോവും ആ രംഗങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ. അവിടെത്തന്നെ മനുഷ്യത്വത്തിലൂടെ മറുപടി വിളിച്ചോതുന്നുമുണ്ട് എന്നതാണ് ശ്രദ്ധേയം. അതിജീവനത്തിന്റെ പോരാട്ടവുമുണ്ട് ചിത്രത്തിൽ. ഒരുപക്ഷെ സമീപകാലത്തു നമുക്കേറെ ആവശ്യം വരിക ആ പോരാട്ടങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജങ്ങളാണ്.

🔻FINAL VERDICT🔻

ഡൽഹിയിൽ തങ്ങളുടെ ശത്രുക്കളെന്ന് പറഞ്ഞ് പഠിപ്പിച്ചവരെ കൈകാര്യം ചെയ്യാനായി കയ്യിൽ വടികളുമേന്തി തെരുവിൽ നടക്കുന്ന ബാല്യങ്ങളുടെ ചിത്രങ്ങളായിരുന്നു ഈയിടെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയത്. CAA പ്രതിഷേധസംഗമങ്ങളിലും ഫിലിം ഫെസ്റ്റുകളിലും ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് The Photographer Of Mauthausen. ഏതൊരു ഫാസിസ്റ്റ് ഭരണഘൂടത്തിനും ഒരുനാൾ അന്ത്യമുണ്ടെന്നും അവ ശിഥിലമാവുക തന്നെ ചെയ്യുമെന്നുമുള്ള പ്രത്യാശ സമ്മാനിക്കുകയാണ് ഈ ചിത്രം. അന്തിമവിജയം ജനങ്ങളുടേത് തന്നെയാണ്. അതെത്ര തന്നെ അടിച്ചമർത്താൻ ശ്രമിച്ചാലും ശരി. നിഷ്പക്ഷതയുടെ രാഷ്ട്രീയത്തെയും കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നുണ്ട് സംവിധായകൻ. Anti-Nazi ചിത്രങ്ങളിൽ ശക്തമായ ഭാഷയിൽ സംസാരിക്കുന്ന മറ്റൊരു ചിത്രം കൂടി രൂപം കൊള്ളുകയാണ് ഫോട്ടോഗ്രാഫറിലൂടെ.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments