Escape From Pretoria
April 13, 2020🔻സൗത്ത് ആഫ്രിക്കയിൽ വർണ്ണവിവേചനം കൊടുംപിരി കൊണ്ടിരിക്കുകയാണ്. ഏത് വിധേനയും അവയൊക്കെയും ചെറുക്കാനുള്ള സന്നദ്ധസംഘടനകളും രൂപപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവിടെയാണ് രണ്ട് വെളുത്ത വർഗക്കാർ ആ പ്രവർത്തനങ്ങളെയൊക്കെയും പിന്തുണച്ച് അവരോടൊപ്പം നിന്നത്. അവരാലാവും വിധം വിവേചനത്തിനിരയായവർക്ക് താങ്ങും തണലുമാവാൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവസാനം ജയിലിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. Tim Jenkin, Stephen Lee എന്നിവരായിരുന്നു അവർ.
Year : 2020
Run Time : 1h 46min
🔻12 വർഷത്തേക്ക് ജയിൽശിക്ഷ വിധിക്കപ്പെട്ട ടിമ്മും ലീയും തങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ അവിടെ ചെലവഴിക്കാൻ ഒരുക്കമായിരുന്നില്ല. എന്ത് വിലകൊടുത്തും അവിടെ നിന്ന് രക്ഷപ്പെടാൻ അവർ തീരുമാനിച്ചു. എന്നാൽ അതിനുള്ള കടമ്പകൾ ചെറുതായിരുന്നില്ല. പ്രത്യേകിച്ച് വർണ്ണവിവേചനത്തിനെതിരെ പോരാടിയെത്തിയ രണ്ട് പേർക്ക്.
🔻Tim Jenkin തന്നെയെഴുതിയ തന്നെ തന്റെ ജയിൽ ചാട്ടം ആത്മകഥയായി ഒരുക്കിയിരുന്നു. ആ പുസ്തകത്തിനെ ചുവടുപിടിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാവുമ്പോൾ കൈകടത്തലുകൾ ഒരു പരിധിക്കപ്പുറമായാൽ ആസ്വാദനത്തെ ഉറപ്പായും ബാധിക്കാൻ സാധ്യതയുണ്ട്. അവിടെയാണ് ഈ ചിത്രം സ്ഥിരം ഫോർമാറ്റുകളെ കവച്ചുവെക്കുന്നത്. യഥാർത്ഥ സംഭവങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാക്ഷാൽ Tim Jenkin തന്നെ സിനിമയുടെ ചിത്രീകരണവേളയിലുടനീളം ക്രൂവിനൊടൊപ്പം സജീവമായിരുന്നു. അതുകൊണ്ട് തന്നെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രിസൺ ബ്രേക്ക് ആസ്വദിക്കാം ഈ ചിത്രത്തിലൂടെ.
🔻ജയിലിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴിയേ വളരെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അവതരണത്തിൽ യാതൊരു അതിരുകളും സംവിധായകൻ ഭേദിക്കാൻ ശ്രമിച്ചിട്ടില്ല. ശ്വാസമടക്കി കാണേണ്ടി വരുന്ന രംഗങ്ങൾ കുറവാണെങ്കിലും ഈ കഥക്ക് ഏറ്റവും അനുയോജ്യമായ അവതരണശൈലി അത് തന്നെയാണ് എന്ന് കാഴ്ചയിൽ ബോധ്യമാവും. Daniel Radcliffeന്റെ ഗംഭീര പ്രകടനം പല രംഗങ്ങളെയും വേറൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ഒപ്പം ചടുലമായ പശ്ചാത്തലസംഗീതവും പല ഘട്ടങ്ങളിലും ആകാംഷ നിറക്കുന്നുണ്ട്.
🔻FINAL VERDICT🔻
യഥാർത്ഥസംഭവങ്ങളെ റിയാലിറ്റിയോട് ചേർന്ന് നിൽക്കും വിധം സിനിമാറ്റിക്ക് ഗിമ്മിക്കുകൾ അവഗണിച്ചുള്ള മികച്ച അവതരണമാണ് ഈ പ്രിസൺ ബ്രേക്ക് മൂവിയിൽ കാണാനാവുക. ഒന്നേമുക്കാൽ മണിക്കൂർ നെഞ്ചിടിപ്പോടെ കണ്ടുതീർക്കാൻ പറ്റിയ ഒരു കിടിലൻ ചിത്രമെന്ന നിലയിൽ തീർച്ചയായും നിലവാരം പുലർത്തുന്നുണ്ട് Escape From Pretoria.
AB RATES ★★★½
0 Comments