The Fall

April 17, 2020



🔻പലപ്പോഴായി കഥ മുന്നേറുമ്പോഴും റോയിയുടെ നില കൂടുതൽ ഗുരുതരമാവുകയായിരുന്നു. അതിനനുസരിച്ച് അദ്ദേഹം മരണത്തെ കാത്തുകിടക്കുന്ന വെറുമൊരു മനുഷ്യനായി മാത്രം മാറി. അദ്ദേഹത്തിന്റെ കഥകളിലും മരണത്തിന്റെ നിഴലുകൾ വീഴുവാൻ തുടങ്ങി. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഊർജ്ജസ്വലയായി വന്ന അലെക്‌സാൻഡ്രയുടെ കാര്യം അങ്ങനെയായിരുന്നില്ല. വെറും അഞ്ച് വയസ്സുകാരിക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു റോയിയുടെ ആ സമയത്തെ മനോനില. അതിനനുസരിച്ച് അദ്ദേഹത്തിന്റെ ഭാവനാശക്തിയിലും ഇരുൾ വീഴാൻ തുടങ്ങിയിരുന്നു. ഫാന്റസിയും റിയാലിറ്റിയും തമ്മിൽ വേറിട്ടറിയാനുള്ള ശേഷി പോലും ഇരുവർക്കും നഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം.

Year : 2006
Run Time : 1h 57min

🔻1920ൽ ഒരു ആശുപത്രിയിൽ വെച്ചാണ് റോയിയും അലെക്‌സാന്ദ്രയും കണ്ടുമുട്ടിയത്. ഒരു സ്റ്റണ്ട് മാസ്റ്ററായി ജോലി ചെയ്യവേ പരിക്ക് പറ്റി ആശുപത്രിയിലായതാണ് റോയ്. കൈക്കേറ്റ പരുക്കിലാണ് അലെക്‌സാന്ദ്ര ആശുപത്രിയിലേക്കെത്തിയത്. യാദൃശ്ചികമായാണ് ഇരുവരും കണ്ടുമുട്ടിയതെങ്കിലും പിന്നീട് റോയിയുടെ സ്ഥിരം സന്ദർശകയായി അലെക്‌സാന്ദ്ര.

ഇരുവരെയും തമ്മിൽ മാനസികമായി അടുപ്പിച്ചത് റോയിയുടെ കഥകളായിരുന്നു. ഒരു അഞ്ച് വയസ്സുകാരിക്ക് ആ കഥകൾ നെയ്ത് കൊടുക്കുന്ന കൗതുകങ്ങളായിരുന്നു. അലക്‌സാണ്ടറുടെ വീര പടയോട്ടങ്ങൾ ആ കഥകൾക്ക് തുടക്കം നൽകി. അതിൽ തൃപ്തി വരാതിരുന്നപ്പോൾ അഞ്ച് നായകന്മാരുള്ള ഒരു കഥയായി റോയിയുടെ അടുത്ത അമ്പ്. എന്നാൽ ആ കഥകൾക്കിടയിലൂടെ തകിടം മറിഞ്ഞത് ഇരുവരുടെയും ജീവിതങ്ങൾ കൂടിയാണ്.

🔻കേന്ദ്രകഥാപാത്രങ്ങളുടെ ആത്മബന്ധത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതിനായി പണിതിട്ടിരിക്കുന്നത് ഒരു പാരലൽ ട്രാക്കാണ്. അവിടെയാണ് റിയാലിറ്റിയും ഫാന്റസിയും തമ്മിൽ സംവിധായകൻ ബന്ധിപ്പിച്ചിരിക്കുന്നത്. അതിൽ കൃത്യമായ കയ്യടക്കം പാലിച്ചിട്ടുണ്ട് സംവിധായകൻ.അവതരണത്തിലെ ഭദ്രത അണുവിട തെറ്റിയാൽ പാളിപ്പോവുമായിരുന്ന പ്രമേയത്തെ അതിഗംഭീരമായി സ്‌ക്രീനിൽ പകർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. അവിടെയാണ് റോയിയും അലെക്‌സാന്ദ്രയും മനസ്സിൽ ഇടം നേടുന്നത്.

🔻റോയിയുടെ മനോരാജ്യത്ത് ഓരോ ഘട്ടത്തിലും മുളപൊട്ടുന്ന കഥയിലും ദൃഢമാവുന്നത് അലെക്‌സാന്ദ്രയുമായുള്ള മാനസിക അടുപ്പമാണ്. ഒരുപക്ഷെ പ്രതീക്ഷകളൊക്കെയും അസ്തമിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകാശത്തിന്റെ കണികകൾ പ്രതിഫലിക്കുന്ന ഒരേയൊരു മുഖം അവളുടേതാണെന്നൊരു തോന്നൽ മാത്രമാണ് അദ്ദേഹത്തിന് കരുത്ത്. അത് തന്നെയാണ് ഒടുക്കം അലെക്‌സാന്ദ്രക്ക് മുന്നിൽ പൊട്ടിക്കരയുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും. അലെക്‌സാന്ദ്രക്കാവട്ടെ ഒരച്ഛന്റെ സ്നേഹം ഇതുവരെ ലഭിച്ചിട്ടില്ല. അവിടെയാണ് റോയിയുടെ കരുതലും തുണയും അവൾക്ക് ആശ്വാസമേകുന്നത്. ആ കുഞ്ഞുപ്രായത്തിൽ ആശുപത്രിക്കിടക്കയിൽ സമയം ചിലവഴിക്കുമ്പോഴും അവൾക്കാശ്വാസം റോയിയുടെ കഥകളാണ്. അത്തരത്തിൽ ഇണപിരിയാത്ത ചേർന്ന് കിടക്കുകയാണ് ആ ജീവനുകൾ. അതിനെ ഇത്ര സുന്ദരമായി അവതരിപ്പിക്കാമോ എന്ന് അത്ഭുതം കൂറും വിധം കാഴ്ചവിരുന്ന് സമ്മാനിക്കുകയാണ് ചിത്രം.

🔻കേന്ദ്രകഥാപാത്രങ്ങളുടെ പ്രകടനത്തെ പറ്റി പറയാൻ വാക്കുകളില്ല. ആ കുഞ്ഞുമുഖം മനസ്സിൽ തറക്കാൻ അധികം സമയം വേണ്ടിവരില്ല. നിഷ്കളങ്കമായ ചിരിയും സംസാരവും സിനിമ കഴിഞ്ഞാലും കാതിൽ മുഴങ്ങാൽ ഒരു തവണ കേട്ടാൽ മതിയാവും. Lee Paceഉം തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. സ്വപ്നതുല്യമായ ദൃശ്യങ്ങളുടെ കാണാക്കാഴ്ചകളാണ് സിനിമയിലുടനീളം കാണാനാവുക. ഒരു മായികലോകത്ത് എത്തിച്ചേർന്ന അനുഭൂതിയാണ് നമുക്ക് ലഭിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യമികവ് കണ്ടുതന്നെ അറിയുക. ഒപ്പം അമ്പരപ്പിക്കുന്ന ആർട്ട് വർക്കുകളും ലൊക്കേഷനും എല്ലാം കൊണ്ടും ഗംഭീരം.

🔻FINAL VERDICT🔻

ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത സിനിമ എന്നാണ് ഇതിനെ പറ്റി എനിക്ക് വിശേഷിപ്പിക്കാനുള്ളത്. മനസ്സിൽ നിന്ന് പെട്ടെന്ന് കുടിയിറക്കിവിടാൻ സാധിക്കാത്ത ഒരനുഭവമായി മാറി The Fall. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ മനസ്സിൽ തറച്ച, ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച, കണ്ണുകളെ ഈറനണിയിച്ച, കണ്മുന്നിൽ ദൃശ്യവിരുന്ന് തെളിയിച്ച ടെക്നിക്കൽ സൈഡുകൾ നിറഞ്ഞ ഗംഭീര സിനിമ.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests


You Might Also Like

0 Comments