Brothers' Nest

April 12, 2020



🔻നല്ല തണുത്ത വെളുപ്പാൻകാലത്ത് രണ്ടുപേർ സൈക്കിളിൽ വരികയാണ്. ചുറ്റും മഞ്ഞുമൂടിയ കാലാവസ്ഥയാണെങ്കിലും അവയൊക്കെയും തൃണവത്കരിച്ചുകൊണ്ട് എന്തോ ലക്ഷ്യത്തോടെയാണ് അവരുടെ യാത്ര.  ഒരുപാട് നേരത്തെ യാത്രക്ക് ശേഷം ഒരു വീടിന് മുന്നിൽ അവർ സൈക്കിൾ നിർത്തി. ശേഷം കൈകളിലിരുന്ന താക്കോൽ ഉപയോഗിച്ച് വീടിനുള്ളിലേക്ക് കയറി.

Year : 2018
Run Time : 1h 42min

🔻ആ യാത്രയത്രയും ഒരു കൊലപാതകം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ ചെയ്ത് വെക്കാനാണ് ഇത്ര നേരത്തെ അവർ വീട്ടിലെത്തിയത്. ആ കൊലപാതകത്തിലൂടെ അവർക്ക് പല ലക്ഷ്യങ്ങളുമുണ്ട്. എന്നാൽ അവർ അതിലത്ര വിദഗ്ദരല്ല. സിനിമയെ രസകരമാക്കുന്ന സംഗതിയും അതാണ്.

🔻അവർ സഹോദരങ്ങളാണ്. ജെഫും ടെറിയും. ആ കൊലപാതകത്തിന്റെ മേൽനോട്ടം ജെഫിനാണ്. അതിനായി അദ്ദേഹത്തിന്റെ കയ്യിൽ ഒരു to-do list ഉണ്ട്. സിനിമയിൽ ബ്ലാക്ക് ഹ്യൂമറിന്റെ ഉപയോഗം അവിടെ തുടങ്ങുകയാണ്. പിന്നീടങ്ങോട്ട് സംഭാഷണങ്ങളിലുടനീളം കോമഡി നിറഞ്ഞുനിൽക്കുന്നത് അതീവ രസകരമാണ്. ഒരു ത്രില്ലർ എന്ന നിലയിലേക്ക് കടക്കുമ്പോൾ അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംവിധായകൻ. അത് സസൂക്ഷ്മം അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ജേണറിനോട് നീതി പുലർത്താൻ പൂർണ്ണമായി സംവിധായകന് സാധിച്ചിട്ടുണ്ട്.

🔻ജേണറുകളിൽ ഉണ്ടാവുന്ന ഷിഫ്റ്റ് ആസ്വാദനത്തെ ബാധിക്കാതെ തുലനം ചെയ്ത് കൊണ്ടുപോവാൻ ഭംഗിയായി സാധിച്ചിട്ടുണ്ട് ചിത്രത്തിന്. കഥ ആവശ്യപ്പെടുന്ന വേഗത മാത്രമാണ് ചിത്രത്തിനുള്ളതെങ്കിലും അതൊരിക്കലും ബോറടിയിലേക്ക് നയിക്കുന്നില്ല. കാണികളിൽ താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ ആഖ്യാനം കൊണ്ടുപോവുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒപ്പം ഗംഭീര ഛായാഗ്രഹണമികവും ഒറ്റ ലൊക്കേഷനിലെ കഥയുടെ അവതരണവുമൊക്കെ ശ്രദ്ധ ജനിപ്പിക്കുന്ന ഘടകങ്ങളാണ്.

🔻FINAL VERDICT🔻

വിരളമായി മാത്രം ആസ്വദിക്കാൻ സാധിക്കുന്ന ഡാർക്ക് കോമഡി-ത്രില്ലർ ജേണറിൽ കഥയൊരുക്കുന്നതിൽ വിജയിച്ച രസകരമായൊരു ത്രില്ലറാണ് Brothers Nest. ചടുലത നിറഞ്ഞ അവതരണശൈലി പിൻപറ്റുന്ന ഒന്നല്ല ചിത്രം. കഥ ആവശ്യപ്പെടുന്ന വേഗതയിൽ നർമ്മങ്ങളും മുൾമുനയിൽ നിർത്തുന്ന രംഗങ്ങളുമെല്ലാമടങ്ങിയ നല്ലൊരു ചിത്രം. ഇത്തരം പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments