Irreplaceable You
April 09, 2020🔻ആബിയുടെ ശവക്കല്ലറയിൽ നിന്നാണ് കഥയുടെ തുടക്കം. തങ്ങളുടെ എട്ടാമത്തെ വയസ്സിൽ ആബിയും സാമും തുടങ്ങിവെച്ച പ്രണയകഥ. ഏറെനാൾ പിന്നിട്ടിട്ടും പൂർണ്ണശക്തിയോടെ മുന്നോട്ട് പോയപ്പോൾ അവരൊരു തീരുമാനമെടുത്തു. കല്യാണം കഴിച്ച് ഒഫീഷ്യൽ ആക്കിയേക്കാം കാര്യങ്ങൾ. താൻ ഗർഭിണിയാണോ എന്നൊരു സംശയം കൂടി ആബിയെ അലട്ടിയിരുന്നു ആ സമയത്ത്. എന്നാൽ അതിനായി നടത്തിയ ടെസ്റ്റിലാണ് തനിക്ക് ക്യാൻസർ ആണെന്ന സത്യം ആബി മനസ്സിലാക്കിയത്.
Year : 2018
Run Time : 1h 36min
🔻ചില സിനിമകൾ നമ്മിൽ ചെറിയ നോവേൽപ്പിക്കാൻ വലിയ കാര്യങ്ങളൊന്നും വേണമെന്നില്ല. ചെറിയ മുഹൂർത്തങ്ങൾ പോലും നമ്മെ വല്ലാതെ വേട്ടയാടും. ഈ സിനിമയും അങ്ങനെ തന്നെയാണ്. പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയാണ് പലപ്പോഴും മുന്നോട്ട് വെക്കുന്ന പ്രമേയം. ക്യാൻസർ ട്രീറ്റ്മെന്റിലുള്ള ആബിക്ക് തന്റെ കാര്യത്തേക്കാൾ ആശങ്ക സാമിന്റെ ഭാവിയെക്കുറിച്ചോർത്താണ്. സാമിനാവട്ടെ ആബിയെ കുറിച്ചോർക്കാത്ത നിമിഷങ്ങളില്ല. എന്നാൽ ഇരുവരും ഒരുമിച്ചുള്ള സമയങ്ങളിൽ പരമാവധി വിഷമതകൾ അറിയിക്കാതെ സസൂക്ഷ്മം മുന്നോട്ട് പോവാൻ ശ്രദ്ധിക്കുന്നുമുണ്ട്. അത്തരത്തിൽ പ്രണയം വമിക്കുന്ന സുന്ദരമായ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
🔻അതിമനോഹരമായ ചില രംഗങ്ങളുണ്ട് സിനിമയിൽ. ആദ്യ രംഗം തന്നെ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുക. തുടർന്ന് ക്യാൻസറിനെ പറ്റി അറിയുന്ന രംഗവും കല്യാണത്തിനെക്കുറിച്ച് ചർച്ച ചെയ്യുന്ന രംഗവുമൊക്കെ ഏറെ ഹൃദ്യമായിരുന്നു. അവതരണത്തിലെ ലാളിത്യമാണ് അതിന് കാരണം. വളരെ ലളിതമായാണ് കഥയെ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായ യാതൊരു പെരുപ്പിക്കലും ചിത്രത്തിൽ കാണാൻ സാധിക്കില്ല. ഒപ്പം വളരെ talented ആയ ലീഡ് കൂടിയാവുമ്പോൾ ആ കഥാപാത്രങ്ങളും ഭംഗിയായി നിലയുറപ്പിക്കുന്നു. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും അവതരണത്തോട് ചേർന്ന് നിൽക്കുന്നു.
🔻FINAL VERDICT🔻
കഥയിലെ പുതുമയല്ല, കാഴ്ചയിൽ നമുക്ക് സമ്മാനിക്കുന്ന അനുഭൂതിയാണ് Irreplaceable You നൽകുന്ന വാഗ്ദാനം. പ്രണയപൂരിതമായ രണ്ട് ജീവിതങ്ങളെ സുന്ദരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം. ചെറുചിരികളും നോവുകളും സമ്മാനിച്ച ചിത്രം വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കണ്ടാൽ ഇഷ്ടമാവും എന്നുറപ്പ്.
AB RATES ★★★☆☆
0 Comments