Fractured
April 05, 2020🔻തന്റെ കൈയ്യകലത്തിൽ മകൾ പെറി ആഴമുള്ള ആ കോൺക്രീറ്റ് ഫ്ലോറിലേക്ക് വീഴുമ്പോഴും റേ കരുതിയിരുന്നില്ല തന്റെ ജീവിതം തന്നെ മാറിമാറിയാൻ പോവുകയാണെന്ന്. ഭാര്യ ജൊവാന്റെ അഭിപ്രായപ്രകാരം അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴും മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റ ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതരുടെ അനാസ്ഥ ആദ്യ മുതൽക്കേ തന്നെ അവരെ ചൊടിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിനുമപ്പുറം ഒരു വിപത്താണ് അവരെ കാത്തിരുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല.
Year : 2019
Run Time : 1h 39min
🔻ഈയൊരു ചെറിയ പ്ലോട്ടിലാണ് ഒന്നര മണിക്കൂർ നീളുന്ന ചിത്രം കെട്ടിപ്പടുത്തിരിക്കുന്നത്. അതിനപ്പുറം പറഞ്ഞാൽ കഥയിലേക്ക് കടന്നുകയറുകയാണെന്ന് സിനിമ കാണുന്നവർക്ക് തോന്നിയേക്കും. ആസ്വാദനവും അതിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായേക്കും. ഒരു ഫാമിലി ഡ്രാമ പോലെ മുന്നേറിയ ശേഷം ഒരു പോയിന്റിൽ പൊടുന്നനെ ത്രില്ലറിലേക്ക് ചാടുകയാണ് ചിത്രം. അവിടെ മുതൽ നമ്മെ കുഴപ്പിക്കുന്ന അവതരണത്തിലൂടെ സുന്ദരമായി മുന്നേറുന്നുമുണ്ട്. ആരുടെ ഭാഗത്താണ് സത്യമെന്ന് നിരന്തരം നമ്മെ ചിന്തിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അത്ര മികവ് പുലർത്തുന്നുണ്ട് ആഖ്യാനത്തിലെ കൃത്യത.
🔻എന്നാൽ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിടത്താണ് Fractured അത് അർഹിക്കുന്ന പ്രശംസ നേടാതിരുന്നത്. ഇത്തരമൊരു തീമിന് open-ended അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത ഒരു പരിസമാപ്തി നിർണ്ണയിക്കേണ്ടത് ആവശ്യമെന്നിരിക്കെ തന്നെ ആർക്കും ഊഹിക്കാവുന്ന ഒന്നിലേക്ക് ഒതുക്കിക്കളയുകയാണ് ചെയ്തിരിക്കുന്നത്. എങ്കിലും ആകെ മൊത്തത്തിൽ തൃപ്തികരം എന്ന വാക്കിൽ ഒതുക്കാം ചിത്രത്തെ. അതിൽ Samന്റെ പ്രകടനത്തിന്റെ പങ്ക് നിർണ്ണായകമാണ്. ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. മറ്റാരും മനസ്സിൽ അവശേഷിക്കാത്ത വിധം ഭാവഭദ്രം.
🔻FINAL VERDICT🔻
മികച്ച രീതിയിൽ ത്രില്ലടിപ്പിച്ച് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന ത്രില്ലറിനെ ക്ലൈമാക്സിലെ അലസത ഒരൽപം പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും ആകെ മൊത്തത്തിൽ തൃപ്തികരമായ ഒരനുഭവമാണ് Fractured സമ്മാനിച്ചത്. കാഴ്ചയിലുടനീളം പ്രേക്ഷകനെ കുഴക്കുന്നതിൽ സംവിധായകൻ വിജയിച്ചപ്പോൾ ഒന്നര മണിക്കൂറിൽ നല്ലൊരു ചിത്രം നമുക്ക് ലഭിക്കുന്നു.
AB RATES ★★★☆☆
0 Comments