Pariah : The Lives And Deaths Of Sonny Liston

April 10, 2020



🔻സോണി എപ്പോഴാണ് ജനിച്ചതെന്ന് എവിടെയും രേഖകളില്ല. ചെറുപ്പം മുതൽ തന്നെ ഏറെ ക്ലേശകരമായ വഴികളിലൂടെ തന്നെയാണ് അദ്ദേഹം വളർന്നു വന്നത്. ക്രൂരമായ മർദ്ദനങ്ങൾ സ്വന്തം പിതാവിൽ നിന്ന് തന്നെ ഏൽക്കേണ്ടി വന്ന, നല്ല ഓർമ്മകൾ യാതൊന്നും അവശേഷിക്കാത്ത ബാല്യത്തിലൂടെ കടന്നുവന്ന വ്യക്തി. സ്വാഭാവികമായും കുറ്റകൃത്യങ്ങളുടെ വഴിയേ അദ്ദേഹത്തിനും സഞ്ചരിക്കേണ്ടി വന്നു. എന്നാൽ ഒരു ഘട്ടത്തിൽ മനസ്സിലുണ്ടായ ചെറിയൊരു ചാഞ്ചാട്ടം അദ്ദേഹത്തിന്റെ ജാതകം തന്നെ മാറ്റിയെഴുതി. ലോകം വാഴ്ത്തിയില്ലെങ്കിൽ പോലും തന്റെ കഴിവ് കൊണ്ട് ശ്രദ്ധയാർജ്ജിച്ച ബോക്സറായി അദ്ദേഹം വളർന്നു.

Year : 2019
Run Time :1h 30min

🔻ബോക്സിങ്ങിന്റെ പര്യായമായി മാറിയ പേരാണ് മുഹമ്മദ് അലി. എന്നാൽ അദ്ദേഹം ശരവേഗത്തിൽ എങ്ങനെയാണ് റിങ്ങുകൾ കീഴടക്കിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ വിജയത്തോടൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് സോണി ലിസ്റ്റൺ. അലിയുടെ ജീവിതത്തിൽ പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ സോണിയെ പരാജയപ്പെടുത്തിയതിലൂടെയാണ് അലിയുടെ കരിയർ വൻ കുതിച്ചുചാട്ടം നടത്തിയത്. തുടർന്ന് ഇരു ജീവിതങ്ങളും പ്രതീക്ഷകൾക്കുമപ്പുറം മാറ്റങ്ങളാൽ മൂടുകയായിരുന്നു.

🔻ഒരു ജിഗ്‌സോ പസിൽ പോലെ കുഴങ്ങിയ ജീവിതമായിരുന്നു സോണിയുടേത്. ആ ജീവിതമാണ് Showtimeന്റെ 90 മിനിറ്റ് നീണ്ട TV Movie നമുക്ക് കാട്ടിത്തരുന്നത്. ഒരു ഡോക്യൂമെന്ററി എന്നതിനപ്പുറം പല കാര്യങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. സോണിയുടെ വിവാദങ്ങൾ നിറഞ്ഞ ജീവിതത്തെ വെള്ളപൂശാതെ പെർഫെക്ട് ആയി അവതരിപ്പിച്ചിരിക്കുന്നത് കാണാം. വർഗ്ഗവിവേചനത്തിനെതിരെ പോരാടുന്നവരോട് പുച്ഛഭാവത്തിൽ സംവദിക്കുന്ന, പ്രശസ്തിക്കപ്പുറം ജനങ്ങൾ തന്നോട് സ്നേഹത്തോട് പെരുമാറണമെന്ന് മാത്രം ആഗ്രഹിച്ച ആ ജീവിതത്തെ ഗംഭീരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒറിജിനൽ ഫൂട്ടേജുകൾക്കൊപ്പം ഫിക്ഷണൽ ഫൂട്ടേജുകളും ഭംഗിയായി കോർത്തിണക്കിയിരിക്കുന്നത് കാണാം. അതൊക്കെയും കാണികൾക്ക് നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പൂർണ്ണമായി ഒരു ത്രില്ലർ സ്വഭാവം സ്വീകരിക്കുന്ന ചിത്രം ഒന്നര മണിക്കൂറിൽ വെടിപ്പായി കാര്യങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

🔻സോണിയുടെ ജീവിതം പോലെ തന്നെ മരണവും ദുരൂഹമായിരുന്നു. ദിവസങ്ങളോളം തന്റെ മുറിയിൽ മരിച്ചുകിടന്ന സോണിയുടെ ഘാതകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വാഭാവികമരണമായി വിധിയെഴുതിയെങ്കിലും അതങ്ങനെയല്ല എന്ന് വാദിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവർ അനവധിയാണ്. അത്ര ദുർഘടമായ ജീവിതമായിരുന്നു സോണിയുടേത്.

🔻സിനിമയുടെ എഡിറ്റിങ്ങ് എടുത്ത് പറയേണ്ടതാണ്. വളരെ ക്രിസ്പ്പ് ആയി ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോവുന്നു എന്ന് തോന്നിക്കും വണ്ണം ചടുലതയാണ് ആഖ്യാനത്തിന്. അതിനൊത്ത വേഗതയാണ് ഓരോ രംഗങ്ങൾക്കും. രോമാഞ്ചം നൽകുന്ന രംഗങ്ങളാൽ സമൃദ്ധമാണ് ചിത്രം. ബോക്‌സർ ആവണമെന്ന് മനസ്സിലുറപ്പിച്ച് മുന്നിട്ടിറങ്ങുന്ന സോണിയെ പരിചയപ്പെടുത്തുന്ന രംഗം അപാരം. അത്തരത്തിൽ ടെക്നിക്കലി വൻ മികവ് പുലർത്തുന്നുണ്ട് ചിത്രം.

🔻FINAL VERDICT🔻

ഡോക്യൂമെന്ററി എന്നതിനപ്പുറം വിവാദപരമായ ജീവിതത്തെയും മരണത്തെയും തേടിയുള്ള സഞ്ചാരമാണ് ഈ TV Movieയിലൂടെ നമുക്ക് കാണാൻ സാധിക്കുക. ഒന്നര മണിക്കൂറിൽ ഒരു ത്രില്ലർ കാണും വിധം ഗംഭീരമായ അവതരണശൈലി സ്വായത്തമാക്കിയ ചിത്രം എല്ലാ തലങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്നുണ്ട്. തീർച്ചയായും കണ്ടിരിക്കുക. വ്യത്യസ്തമായ ഒരനുഭവമാവും ചിത്രം സമ്മാനിക്കുക.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments