The Boy Who Harnessed The Wind
April 15, 2020🔻പുത്തൻ യൂണിഫോമുകൾ തന്റെ കിടക്കയിൽ ഇരിക്കുന്നത് കാണുമ്പോൾ ആ ചുണ്ടുകളിൽ വിരിയുന്നൊരു പുഞ്ചിരിയുണ്ട്. നാളെ മുതൽ താൻ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്നറിയുമ്പോഴുള്ള ആഹ്ലാദം. ചെറുപ്പം മുതൽ തന്നെ പഠനത്തിലും ശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വില്യം ആ ഗ്രാമത്തിന്റെ തന്നെ തലവര മാറ്റിയെഴുതിയപ്പോൾ കേവലം 13 വയസ്സ് മാത്രമായിരുന്നു.
Year : 2019
Run Time : 1h 53min
🔻കൃഷിയെ മാത്രം പ്രധാന വരുമാനസ്രോതസ്സായി ആശ്രയിച്ചിരുന്ന മലാവിയുടെ കഥയാണിത്. അവിടുത്തെ ജനങ്ങളുടെ കഥയാണ്. വില്യമിന്റെ കഥയാണ്. പെട്ടെന്നൊരു നാൾ പെരുമഴയിൽ തങ്ങളുടെ കൃഷികളെല്ലാം നശിക്കുകയും അതിന് പുറമെ വരൾച്ച തങ്ങളുടെ ജീവിതത്തെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യമാണ് അവർക്കുണ്ടായത്. ഒരു നേരത്തെ ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കാൻ നെല്ല് സംഭരണം പോലും വിരളമായ അവസ്ഥ. പലരും അവിടുത്തെ ജീവിതം മടുത്ത് നാട് വിട്ട് പോയപ്പോഴും ട്രൈവെല്ലും കുടുംബവും അവിടെത്തന്നെ നിലയുറപ്പിച്ചു. തങ്ങൾ ഇത്രനാൾ ജീവിച്ച മണ്ണിനെ വിട്ടുപോവാൻ അവർ തയാറായിരുന്നില്ല.
🔻സ്‌കൂളിൽ ഫീസ് കൊടുക്കാനില്ലാത്തതിന്റെ പേരിൽ പലപ്പോഴും അപമാനിതനാവേണ്ടി വന്നിരുന്നു വില്യമിന്. സർക്കാർ സംവിധാനങ്ങൾ ആണെങ്കിൽ പോലും ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി സേവനങ്ങൾ ലഭ്യമാക്കിയിരുന്ന സ്ഥിതിഗതികൾ തുടർന്നിരുന്ന നാട്. ഒരു വ്യക്തിയെയോ കുടുംബത്തെയോ മാത്രമല്ല ചിത്രം പ്രതിനിധീകരിക്കുന്നത്. ഒരു സമൂഹത്തെയും രാജ്യത്തെയും അതിന്റെ രാഷ്ട്രീയത്തെയുമാണ്. അവിടെയാണ് ഒരു കഥ എന്നതിലുപരി ചിത്രം ഒരു പ്രതിഷേധം കൂടിയായി മാറുന്നത്.
🔻സ്വാഭാവികതയുടെയും പക്വതയുടെയും ഉത്തമ ഉദാഹരണങ്ങളാണ് ഈ സിനിമയുടെ കഥാപാത്രനിർമ്മിതിയും ആഖ്യാനവും. എന്ത് സുന്ദരമായിട്ടാണ് ഓരോ രംഗങ്ങളും വന്നുപോവുന്നത്. കഥാപാത്രങ്ങളുടെ വൈകാരികതയെ അത്യുക്തി കലർത്താതെ കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒട്ടനവധി രംഗങ്ങൾ ചൂണ്ടിക്കാട്ടാൻ സാധിക്കും സിനിമയിലുടനീളം. വില്യമിന്റെ ചില രംഗങ്ങൾ വൈകാരികമായി ഒരുപാട് സ്പർശിച്ചു. ഒട്ടിയ വയറിലും പഠനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട ബാലൻ കണ്ണുനിറച്ചു എന്ന് തന്നെ പറയാം. തന്റെ ഗ്രാമത്തെ സഹായിക്കാനുള്ള വ്യഗ്രതയും ആവേശവും ഒരു ഹീറോയിക്ക് പരിവേഷം കൊടുക്കാതെ തന്നെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. വില്യം തന്റെ പരീക്ഷണങ്ങളിൽ മുഴുകിയ വേളകൾ പോലും വിശ്വസനീയമാം വിധം തന്മയത്വത്തോടെ നമുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.
🔻സംവിധായകന്റെ പേര് നോക്കിയപ്പോൾ ചെറുതായൊന്ന് ഞെട്ടി. ട്രൈവെല്ലിനെ ഭംഗിയാക്കിയാ Ejiofor തന്നെയാണ് ഈ ചിത്രത്തിന് കഥയും എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഥമ സംവിധാനസംരഭമാണ് ഈ ചിത്രം. അതിൽ തന്നെ ഇത്ര ഭദ്രത പുലർത്തിയത് അത്ഭുതകരം തന്നെ. വില്യമിനെ അവതരിപ്പിച്ച Maxwell Zimbaയും അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
🔻FINAL VERDICT🔻
ഒരു ഗ്രാമത്തിന്റെ മുഴുവൻ പട്ടിണി മാറ്റിയ പതിമൂന്ന് വയസ്സുകാരന്റെ കഥ കേട്ടിട്ടുണ്ടോ? സ്വർണ്ണത്തളികയിൽ ജനിച്ചുവീണ പ്രിവിലേജിൽ ജീവിക്കുന്നവർക്ക് പോലും പ്രചോദനമായി മാറുന്ന ജീവിതത്തിന് സാക്ഷിയാകണോ? കാറ്റിനെ കൈപ്പിടിയിലൊതുക്കി പറന്നുയർന്ന വില്യമിന്റെ ജീവിതം തീർച്ചയായും നമുക്ക് ഊർജ്ജം പകരുന്നതാണ്. The Movie Is A Must Watch..!!
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments