Tallulah

April 10, 2020



🔻Can we get married? Have kids?

Tallulahയുടെ കാമുകൻ നീക്കോ അവളോട് ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ കേട്ടപാടെ നിരസിച്ച് അതിനോടുള്ള എതിർപ്പ് Tallulah അറിയിക്കുന്നുണ്ട്. തല ചായ്ക്കാൻ ഒരിടം പോലുമില്ലാത്ത, കല്യാണവും കുടുംബവുമൊന്നും തന്റെ ആലോചനയിൽ പോലുമില്ലാത്ത ഒരാൾക്ക് ജീവിതത്തിൽ അമ്മയാകേണ്ടി വന്നാലോ? ഇത് അങ്ങനെയൊരാളുടെ കഥയാണ്.

Year : 2016
Run Time : 1h 51min

🔻ഒരു സുപ്രഭാതത്തിൽ കൂടെയുള്ള കാമുകൻ ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടോ പോയതിന്റെ വിഷമത്തിലിരിക്കുന്ന Tallulahക്ക് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. വിശപ്പടക്കാൻ പോലും സ്വന്തമായി കാശില്ലാത്ത അവസ്ഥ. എവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടുമോ എന്ന് നോക്കാൻ പോയ tallulah തിരിച്ച് വരുന്നത് ഒരു കൈക്കുഞ്ഞുമായാണ്. നേരെ പോയത് നിക്കോയുടെ വീട്ടിലേക്കും. രണ്ട് വർഷമായി മകനെ കാണാതെ ജീവിക്കുന്ന അമ്മയ്ക്ക് മുന്നിലേക്ക് മകന്റെ ഭാര്യയായി പരിചയപ്പെടുത്തുകയാണ് Tallulah.

🔻ഒരു കുഞ്ഞിന് ചുറ്റുമുള്ള മൂന്ന് അമ്മമാരുടെ ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സ്വന്തം മകനും ഭർത്താവും ഉപേക്ഷിച്ചുപോയ, ഏകാന്തതയിൽ അക്വേറിയത്തിലെ ആമ മാത്രം കൂട്ടുള്ള മാർഗോ, ഒരു വാനിൽ തന്റെ ജീവിതം മുഴുവൻ ജീവിച്ചുതീർക്കുന്ന Tallulah, ഒരു കുഞ്ഞുണ്ടായത് കൊണ്ട് ജീവിതം ആസ്വദിക്കാൻ കഴിയാത്ത കരോളിൻ എന്നിവരാണവർ. അവർക്കിടയിൽ ഒരു വയസ്സ് മാത്രമുള്ള കുട്ടി കൊണ്ടുവരുന്ന മാറ്റങ്ങളാണ് നമുക്ക് കാണാനാവുക. മാതൃത്വത്തിന്റെ മഹത്വത്തെ വിളിച്ചോതുന്ന സുന്ദരമായ ഒരനുഭവം.

🔻വ്യക്തിത്വം കൊണ്ട് നിലയുറപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് വരുന്നത് കൊണ്ട് തന്നെ അവർക്കിടയിലുണ്ടാവുന്ന മാറ്റങ്ങൾ ലളിതമായി മനസ്സിലാക്കാൻ സാധിക്കും. ഏകാന്തതയിൽ കൂട്ടായി മാർഗോയുടെ മുന്നിലേക്ക് Tallulah എത്തുമ്പോൾ ആദ്യം അമർഷമെങ്കിലും പിന്നീട് പ്രകാശപൂരിതമാവുന്നത് മനോഹരമായ കാഴ്ചയാണ്. തനിക്ക് ചുറ്റുമുള്ളതൊന്നും വകവെക്കാതെ ജീവിക്കുമ്പോഴും ഒരു കുഞ്ഞ് തന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന Tallulahയുടെ മാറ്റങ്ങളും സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുമ്പോൾ മാത്രം ജീവനുകളുടെ വിലയറിയുന്ന കരോലിന്റെ കഥാപാത്രവും ശ്രദ്ധേയമാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രി മികച്ച രീതിയിൽ വർക്ഔട് ചെയ്യാൻ സാധിച്ചിടത്താണ് ഹൃദയസ്പർശിയായ സിനിമയായി Tallulah മാറുന്നത്.

🔻Ellen Page, Allison Janney എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ അത്യന്തം ശ്രദ്ധ നേടുന്നവയാണ്. ഇരുവരും തമ്മിലുള്ള രംഗങ്ങൾ സിംഹഭാഗവും സ്‌ക്രീൻ കയ്യടക്കുന്നതോടെ മനസ്സിൽ നിന്ന് മായാത്ത കഥാപാത്രങ്ങളാവുന്നു അവർ. ഇരുവർക്കും പറയാൻ ഒട്ടേറെ കഥകളുണ്ട്. അതൊക്കെയും കേവലം സംഭാഷണങ്ങളിലൂടെ വരച്ചിടുവാനും ഇരുവരുടെയും പ്രകടനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. ക്ലൈമാക്സ് രംഗമൊക്കെ നൊമ്പരമായി മാറുന്നത് ഭാവഭദ്രമായി ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിടത്താണ്.

🔻FINAL VERDICT🔻

മാതൃത്വത്തിന്റെ സുന്ദരമായ തലത്തെ വരച്ചിടുകയാണ് Tallulahയിലൂടെ സംവിധായിക. വൈകാരികമായി ഹൃദ്യമായ ഒരനുഭവമാണ് ചിത്രം സമ്മാനിച്ചത്. കഥാപാത്രങ്ങൾ തമ്മിലുള്ള സമ്പർക്കത്തെ ഗംഭീരമായി പറഞ്ഞുവെക്കുന്നതിൽ സംവിധായിക വിജയിച്ചിടത്ത് ഫീൽ ഗുഡ് ലേബലിൽ പൂർണ്ണതൃപ്തി നൽകുന്നു ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments