Ne Zha
April 04, 2020🔻ഭൂമിയുടെ സ്പന്ദനം തന്നെ കൈപിടിയിലൊതുക്കിയ Yuan bead അതിന്റെ പരമാധികാരി രണ്ട് ഭാഗങ്ങളായി വിഭജിച്ച് അതിന് കാവൽക്കാരനെ നിശ്ചയിച്ചിരിക്കുകയാണ്. Spirit Bead & Demon Bead. ഇതാണ് ആ രണ്ട് ഭാഗങ്ങൾ. അതിൽ സ്പിരിറ്റ് ബീഡ് ഭൂമിയിൽ ഒരു മനുഷ്യനായി ജനനമെടുക്കുകയും മനുഷ്യരാശിയുടെ രക്ഷകനായി മാറുകയും ചെയ്യുമെന്നും അരുൾ ചെയ്തു. എന്നാൽ വഞ്ചനയുടെ ഫലനിമിത്തം ജനനമെടുത്തത് demon bead ആയിരുന്നു. Ne Zha എന്ന പേരിൽ ആ ബാലൻ വളർന്നു.
Year : 2019
Run Time : 1h 50min
🔻Ne Zhaയുടെ മാതാപിതാക്കൾ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ. ഭരണാധികാരികൾ ആയിരുന്നെകിൽ പോലും Ne Zhaയുദ് ജനനദിവസം തന്നെ ജനങ്ങളിൽ നിന്ന് വലിയ വിമർശനം അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. വളരെ അപകടകരമായ Demon Beadൽ നിന്ന് ജനിച്ചത് കൊണ്ട് തന്നെ Ne Zhaയുടെ സ്വഭാവവും കഴിവും അതിനെ ആശ്രയിച്ചിരുന്നു. അതായിരുന്നു ജനങ്ങൾക്ക് ആ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിനെ മറികടക്കാനുള്ള ശ്രമമായിരുന്നു പിന്നീട് മാതാപിതാക്കൾക്ക് മുന്നിലുണ്ടായിരുന്നത്.
🔻ആനിമേഷൻ സിനിമകൾ സിംഹഭാഗവും ഫെസ്റ്റിവ് മൂഡിൽ കാണാൻ വേണ്ടി മാത്രമാണ് മനസ്സ് പാകപ്പെട്ടിരിക്കുന്നത്. ഗൗരവകരമായ ചിന്തകളും അവതരണവുമുള്ള ചിത്രങ്ങൾ ചുരുക്കമാണ്. അത്തരം മൈൻഡ് സെറ്റിൽ തന്നെയാണ് Ne Zhaയും കാണാനിരുന്നത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ, അതീവ ഗൗരവവും എന്നാൽ അല്പം രസകരവുമായ അനുഭവമായി മാറുകയായിരുന്നു ചിത്രം.
🔻പക്വത നിറഞ്ഞ അവതരണശൈലിയാണ് Ne Zhaയുടെ ഏറ്റവും വലിയ ഗുണം. ഒരു വശത്ത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഗൗരവം തെല്ലും തോരാതെ വളരെ ത്രസിപ്പിച്ച് നമ്മിലേക്ക് എത്തിക്കുമ്പോഴും പൊടുന്നനെ വിടരുന്ന ചില നർമ്മരംഗങ്ങളിൽ ചിരി മുളക്കുന്നുമുണ്ട്. അത് മറ്റ് രംഗങ്ങളുടെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നതാണ് ഏറ്റവും അതിശയകരം. തകർപ്പൻ ആക്ഷൻരംഗങ്ങൾ വരിവരിയായി നിൽക്കുമ്പോഴും Ne Zha കുട്ടിത്തത്തെ അതിന്റെ മനോഹാരിത ചോരാതെ തന്നെ അവതരിപ്പിക്കുന്നുമുണ്ട്. അതിനായി ശക്തമായ ഒപ്പം രസകരമായ കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിലുണ്ട്. അങ്ങേയറ്റം നിലവാരം പുലർത്തുന്ന അനിമേഷൻ വർക്കുകൾ മാസ്മരികമായ ഫാന്റസി സമ്മാനിക്കുന്നുണ്ട്. കഥാപാത്രങ്ങളെ ഇമോഷണലി നമ്മിലേക്ക് അടുപ്പിക്കുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
ഗൗരവകരമായ പ്രമേയം ഉൾകൊണ്ട, ടെക്നിക്കലി ഗംഭീര നിലവാരം പുലർത്തുന്ന, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ, പുഞ്ചിരി വിടർത്തുന്ന നർമ്മരംഗങ്ങൾ സമയോചിതമായി കോർത്തിണക്കിയ ഒരുഗ്രൻ ആനിമേഷൻ ചിത്രമാണ് Ne Zha. ഒട്ടും പ്രതീക്ഷിക്കാതെ പൂർണ്ണതൃപ്തി നൽകിയ ഹൃദ്യമായ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അങ്ങേയറ്റം മികവ് പുലർത്തുന്ന ഒന്നാണ്.
AB RATES ★★★½
0 Comments