The Fundamentals Of Caring

April 12, 2020



🔻അരക്ക് കീഴ്പ്പോട്ട് തളർന്നു കിടക്കുന്ന, ഓരോ നിമിഷങ്ങളും എണ്ണപ്പെട്ട് ജീവിക്കുന്ന ട്രെവറിന് ചെറിയ സ്വപ്‌നങ്ങൾ മാത്രമാണ്  ഇനി അവശേഷിക്കുന്നത്. ആ സമയങ്ങളിൽ വിഷണ്ണനായി ജീവിക്കാൻ ട്രെവറിന് താൽപര്യമില്ല. ഇപ്പോഴും ഊർജ്ജസ്വലനാണ് പുള്ളിക്കാരൻ. അങ്ങനെയൊരാളുടെ ജീവിതത്തിലേക്കാണ് care giver ബെന്നിന്റെ വരവ്.

Year : 2016
Run Time : 1h 37min

🔻ഒരു യാത്രയിലൂടെയാണ് ട്രെവറും ബെന്നും അടുത്തറിയുന്നത്. ജീവിതത്തിൽ വലിയൊരു ദുരന്തം നേരിടേണ്ടി വന്ന ബെന്നിന് ഈ ജോലി വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല. അതിലുപരി അതിജീവനം കൂടെയാണ്. ഡിവോഴ്സ് പേപ്പറുമായി നിൽക്കുന്ന ഭാര്യയിൽ നിന്നും തുടരെത്തുടരെ വേട്ടയാടുന്ന ഭൂതകാലത്തിൽ നിന്നുമുള്ള അതിജീവനം. അധികദൂരം സഞ്ചരിച്ചിട്ടില്ലാത്ത ട്രെവറിനും ആ യാത്ര അനിവാര്യമായിരുന്നു. ഒരു യാത്രയിലൂടെ അവരുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

🔻സിനിമയുടെ പേര് കേട്ടപ്പോൾ ഒരു ഡോക്യൂമെന്ററി ആണെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിമനോഹരമായ ഒരു ഫീൽ ഗുഡ് മൂവിയാണ് കാഴ്ചയിൽ ലഭിച്ചത്. ഒരു ചട്ടക്കൂടിൽ ജീവിച്ച് തീർക്കേണ്ടി വരുമെന്ന് കരുതിയ തങ്ങളുടെ ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ പുതിയ വാതായനങ്ങൾ തുറക്കുന്ന ചില മനുഷ്യരുടെ കഥ. ചിത്രം കൈകാര്യം ചെയ്യുന്നത് ഇപ്പറഞ്ഞ മനുഷ്യരുടെ കഥയാണ്. ബെന്നും ട്രെവറും അവരിൽ മുൻനിരയിൽ നിൽക്കുന്നവരും.

🔻പുതിയ അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കുന്ന യാത്രയാണ് അവരുടേത്. ഒപ്പം പരസ്പരം അടുത്തറിയാനുള്ള മാർഗവും. ചില രംഗങ്ങൾ നൽകുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുണ്ട്. സന്തോഷത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ തള്ളിയിടുന്ന ചില രംഗങ്ങൾ. പറഞ്ഞറിയിക്കാനാവാത്ത വിധം ആനന്ദദായകമായിരുന്നു അവയൊക്കെയും. കഥാപാത്രങ്ങൾക്ക് നൽകിയ ഇമോഷണൽ ബാക്ക്ഡ്രോപ്പ് മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് ആഖ്യാനത്തിൽ. കഥാപാത്രങ്ങളെ നമ്മോട് ചേർത്ത് നിർത്തുന്നതിൽ അവയൊക്കെയും നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

🔻Paul Rudd, Craig Roberts എന്നിവരുടെ കോമ്പിനേഷൻ സീനുകൾ ഗംഭീരമായിരുന്നു. മികച്ച കെമിസ്ട്രി വർക്ഔട് ആയിട്ടുണ്ട് ഇരുവരും തമ്മിൽ. Selena Gomezന്റെ റോൾ രസകരമായ ഒന്നായിരുന്നു. പുള്ളികാരിയെ കാണാനും ക്യൂട്ട് ആയിട്ടുണ്ട്. യാത്രയിലുടനീളം വിഷ്വലി നിലവാരം പുലർത്തുന്ന ഛായാഗ്രഹണവും ലളിതമായ പശ്ചാത്തലസംഗീതവും പല രംഗങ്ങളെയും വേറൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

🔻FINAL VERDICT🔻

ലോക്ക്ഡൗണിന്റെ ആയാസത്തിൽ ഇരിക്കുന്ന മനസ്സിനെ ഉന്മേഷം നിറഞ്ഞ ഒന്നാക്കാനായി ധൈര്യമായി കാണാവുന്ന ഒന്നൊന്നര ഫീൽ ഗുഡ് മൂവി എന്ന നിലയിൽ ഏവർക്കും സജസ്റ്റ് ചെയ്യുകയാണ് ഈ ചിത്രം. ലാളിത്യം നിറഞ്ഞ പ്രമേയവും ആഖ്യാനവും സുന്ദരമായ കഥാപാത്രവുമെല്ലാം മികച്ച അനുഭൂതി തന്നെ സമ്മാനിക്കുന്നുണ്ട്. സമയദൈർഖ്യവും കുറവായത് കൊണ്ട് ചുമ്മാ കണ്ടുനോക്കൂ

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments