🔻ചുരുക്കം ചില മലയാളസിനിമകൾ ഒഴിച്ചാൽ ഈ വർഷം എന്നെ ഏറ്റവും തൃപ്തിപ്പെടുത്തിയത് കോളിവുഡ്-ബോളിവുഡ് സിനിമകളാണ്. ഓരോ സിനിമകളും പുലർത്തുന്ന മികവ് കണ്ട് ആ ഇൻഡസ്ട്രിയോട് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അതിന് ആക്കം കൂട്ടിയ ഏറ്റവും പുതിയ സൃഷ്ടിയായി രാക്ഷസൻ.
🔻"സൈക്കോ കില്ലറുകളുടെ പല വേർഷൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യാ". തിലകൻ ചേട്ടന്റെ ഡയലോഗിൽ ചാലിച്ച് പറഞ്ഞാൽ ഇതാണ് അവസ്ഥ. പല സൈക്കോ കില്ലറുകൾ നമ്മുടെ സിനിമകളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ഇത്ര ഭയം സൃഷ്ടിച്ച ഒരു വില്ലനെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതുതന്നെയാണ് രാക്ഷസൻ ഇത്ര ആസ്വാദ്യകരമാവാൻ കാരണവും.
🔻നാട്ടിൽ റിലീസ് ഇല്ലാത്തതിനാൽ ഇന്നലെവരെ വന്ന രാക്ഷസന്റെ റിവ്യൂവോ കഥയോ ഇതുവരെ വായിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു ബ്ലാങ്ക് മൈന്റ് ആയിരുന്നു സിനിമ കാണാൻ പോയപ്പോൾ. എന്നാൽ അതിന്റെ എല്ലാ ഗുണവും ഓരോ രംഗം കഴിയുന്തോറും ലഭിക്കുകയായിരുന്നു. ടെൻഷൻ കാൽ മുതൽ തല വരെ ഇരച്ചുകയറുന്ന രീതിയിൽ ഗംഭീരമായി തയ്യാറാക്കിയിരിക്കുന്ന തിരക്കഥയും അതിന്റെ മൊമന്റം പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ പാകത്തിന് പക്വതയുള്ള സംവിധാനപാടവവും ത്രില്ലിന്റെ മറ്റൊരു ലോകത്തേക്ക് നയിക്കുകയായിരുന്നു. ഓരോ രംഗം കഴിയുന്നതൊരു പ്രേക്ഷകനിൽ ഭയത്തെ പരമാവധി ചൂഷണം ചെയ്യാൻ പാകത്തിന് കരവിരുത് പ്രകടമായ ഓരോ ഷോട്ടുകളും ഫ്രെയിമുകളും പോലും അമ്പരപ്പിക്കുന്നുണ്ട് പല അവസരത്തിലും. അത്തരത്തിൽ നോക്കിയാൽ ഒരു പഠനോപകരണമായി സമീപിക്കാനും മികവ് രാക്ഷസനിലുണ്ട്. രാം കുമാർ എന്ന ക്രാഫ്റ്റ്മാൻ അങ്ങേയറ്റം അഭിനന്ദങ്ങൾ അർഹിക്കുന്നുണ്ട്.
🔻പഴുതുകളടച്ച തിരക്കഥയെന്ന് 95 ശതമാനത്തോളം പറയാമെങ്കിലും വളരെ ചുരുക്കം ചില സ്ഥലങ്ങളിൽ മനസ്സിലുദിച്ച ചില സംശയങ്ങൾ ഒഴിച്ച് നിർത്തിയാൽ പൂർണ്ണതൃപ്തിയാണ് രാക്ഷസൻ നമുക്കായി ഓഫർ ചെയ്യുന്നത്. ജിബ്രാൻ ഒരുക്കിയ ബിജിഎം, ശങ്കറിന്റെ കിടിലൻ ക്യാമറവർക്കുകൾ, സംവിധായകൻ ഒരുക്കിയ ത്രിൽ എലമെൻറ്സിനെ വളരെ ടൈറ്റ് ആയി കാത്തുസൂക്ഷിക്കുന്ന എഡിറ്റിങ്ങ്, തുടങ്ങി സർവ്വമേഖലകളും മത്സരിച്ച് മികവ് പുലർത്തുമ്പോൾ എല്ലാം ഒന്നിനൊന്ന് മികച്ച തീയേറ്റർ അനുഭവം പ്രദാനം ചെയ്യുന്നു പ്രേക്ഷകർക്ക്. ഏതാണ്ട് രണ്ടേമുക്കാൽ മണിക്കൂർ ദൈർഖ്യം വരുന്ന ചിത്രം ഒരു സെക്കന്റ് പോലും വിരസത നൽകുന്നില്ല എന്ന സാക്ഷ്യത്തിന് ഇവയെല്ലാം വഹിക്കുന്ന പങ്ക് കഥയോളം തന്നെ ഉയർന്ന് നിൽക്കുന്നുണ്ട്. ഒരു നിമിഷം പോലും കണ്ണെടുക്കാൻ പ്രേരിപ്പിക്കാത്തവണ്ണം തയ്യാറിക്കിയിരിക്കുന്ന തിരക്കഥക്ക് വലിയ പിന്തുണ തന്നെ ഈ വിഭാഗങ്ങൾ നൽകുന്നുണ്ട്.
🔻കഥാപാത്രങ്ങളെ പ്രേക്ഷകനോട് ഇമോഷണലി അറ്റാച്ച് ചെയ്യാൻ പലയിടത്തും സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ ഗാനചിത്രീകരണം അതിന്റെ ടോപ്പ് നോച്ചിൽ ആയിരുന്നു. മനസ്സിൽ നിന്ന് ആ രംഗങ്ങൾ മായില്ല. അതുപോലെ തന്നെ നായകൻ അനുഭവിക്കുന്ന ടെൻഷൻ അതിനേക്കാൾ ഏറെയായി നമ്മിലേക്ക് പകർന്ന് തരുന്നിടത്ത് രാക്ഷസൻ നമ്മുടെ മനസ്സിലും ഭീതി നിറക്കുന്നു. പല സീനുകളിലും seat-edge ത്രില്ലർ എന്ന നിലയിലേക്ക് ചിത്രം വഴിമാറുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഇങ്ങനെ ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. അനാവശ്യസീനുകളോ ഗാനങ്ങളോ ഇല്ലാതെ കഥയോട് പറ്റിച്ചേർന്ന് വൃത്തിയായി ഒരുക്കിയിരിക്കുന്നിടത്ത് രാക്ഷസൻ പൂർണ്ണവിജയമാവുന്നു.
🔻വിഷ്ണു വിശാലിന്റെ വേഷം അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ഓവർ ഹീറോയിക്ക് വേർഷൻ കൊടുക്കാതെ അൽപ്പം ബുദ്ധിശാലിയായ പോലീസ് ഓഫീസറെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ വേഷം ഒന്നും പറയാനില്ല. തന്റെ പ്രസൻസ് ഇല്ലാതെ തന്നെ അന്തരീക്ഷത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഭയം മാത്രം മതി ആ വേഷം ഓർത്തിരിക്കാൻ. ഡയലോഗ് പോലും ഇല്ലാതെ ഇമ്മാതിരി റോൾ കാണുക ചുരുക്കമാണ്. അമൽ പോളിനെ വെറുമൊരു നായികയായി നിർത്താതെ ആവശ്യസമയത്ത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുനിഷ്കാന്തിന്റെ ആ രംഗം മറക്കില്ല ഒരിക്കലും.
ഇനി മനസ്സിൽ തോന്നിയ ചില സംശയങ്ങൾ പങ്കുവെക്കുകയാണ്. അതുകൊണ്ട് കട്ട സ്പോയിലർ Ahead.
🔻SPOILER ALERT🔻
വില്ലൻ ചെറുപ്പത്തിൽ തന്റെ ആദ്യ കൊലപാതകം ചെയ്യുമ്പോൾ ഒരു Minor ആവാനാണ് സാധ്യത. അതുകൊണ്ട് ചിലപ്പോൾ അധികനാൾ ജയിലിൽ കഴിയേണ്ടി വന്നുകാണില്ല.(അനുമാനിച്ചതാണ്). അതിനുശേഷം അമ്മയും മകനും ഒരു ആക്സിഡന്റിൽ മരിച്ചുപോയതായി റിപ്പോർട്ട് ചെയ്തെന്ന് പറയുന്നുണ്ട്. പിന്നീട് എന്തുകൊണ്ട് ആ ടൈം പിരീഡിൽ ആ ഏരിയയിൽ കൊലപാതകങ്ങൾ ചെയ്യുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനായിട്ടില്ല. കുറച്ചുകൂടി എക്സ്പോസിഷൻ ആ ക്യാരക്റ്ററിന് കൊടുക്കാമായിരുന്നു. പ്രഥമദൃഷ്ടിയിൽ ഇത് തോന്നില്ലെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഇതൊരു പോരായ്മയായി തോന്നി.
വണ്ടി ചെക്ക് ചെയ്യുന്ന സമയത്ത് വേഷം മാറി പോവുമ്പോൾ അസ്വാഭാവികമായ രൂപം വില്ലനിൽ കാണാനാവുമ്പോൾ ഒന്നും ചോദിക്കാതെ വിടുന്നതിൽ ചെറിയൊരു അതൃപ്തി തോന്നി. അവർ അന്വേഷിക്കുന്ന അതെ കാർ കൂടി ആയപ്പോൾ അംഗീകരിക്കാൻ അൽപ്പം ബുദ്ധിമുട്ട്.
🔻FINAL VERDICT🔻
പല രംഗങ്ങളിലും വന്നുപോവുന്ന "Clock Ticking" ബിജിഎമ്മിനൊപ്പം പ്രേക്ഷകന്റെ ഹൃദയമിടിപ്പും സഞ്ചരിക്കുമ്പോൾ രാക്ഷസൻ കരുതിവെച്ചിരിക്കുന്ന ഭയവും ഭീതിയും പൂർണ്ണമായി പ്രേക്ഷകനിലേക്ക് പകർന്ന് കഴിഞ്ഞിരിക്കും. ടെൻഷൻ മൂലം ചുറ്റും നിശബ്ദത പടരുമ്പോൾ ആ പിയാനോ നോട്ട് നമ്മെ വല്ലാതെ വേട്ടയാടും. ഗിഫ്റ്റ് ബോക്സും പാവക്കുട്ടിയും അസ്വസ്ഥത പകരും. ഒരു രാക്ഷസൻ നമ്മെ വിടാതെ പിന്തുടരും.
ലോകോത്തര നിലവാരത്തിലുള്ള ഒരു ത്രില്ലർ എന്ന നിലയിലേക്ക് വളരുന്നു ഈ രാക്ഷസൻ. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന അങ്ങേയറ്റം നിലവാരം പുലർത്തുന്ന ഒരു പ്രോഡക്റ്റ് തന്നെയാണ് ഈ ചിത്രം. വീണ്ടും ഒരു തീയേറ്റർ അനുഭവം സാധ്യമായാൽ തീർച്ചയായും മറുത്ത് ചിന്തിക്കാതെ അതുമായി മുന്നോട്ട് പോവും. അത്ര സംഭവബഹുലമായ തീയേറ്റർ അനുഭവമായിരുന്നു രാക്ഷസൻ.
MY RATING :: ★★★★½