Delivery Man
October 15, 2018Year : 2013
Run Time : 1h 45min
🔻വിക്കി ഡോണറിലെ പ്രമേയം മറ്റൊരു സിനിമകളിലും അതുവരെ കണ്ടിരുന്നില്ല. മറ്റ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്ന് കേട്ടെങ്കിലും അതിതുവരെ കണ്ടിട്ടുമുണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായാണ് Delivery Man എന്ന ചിത്രം കാണാനിടയായത്.
🔻ജീവിതത്തിൽ സകല ഉഴപ്പലുകളും പ്രാവർത്തികമാക്കിയ ഒരു മധ്യവയസ്‌കൻ. അതാണ് ഡേവിഡ്. അച്ഛന്റെ മീറ്റ് ഫാക്ടറിയിൽ തന്നെ സഹോദരങ്ങളോടൊപ്പം ജോലി ചെയ്യുകയാണെങ്കിലും മടിയനായത് കൊണ്ട് നഷ്ടം വരുത്തിവെക്കുവാനും അതുവഴി കടക്കെണിയിൽ കുരുങ്ങുവാനും മാത്രമായിരുന്നു അദ്ദേഹത്തിന് സാധിച്ചത്.
ജീവിതം അതിന്റെ ഓളത്തിൽ പോകവേ പെട്ടെന്നൊരു ദിവസം ഒരാൾ ഡേവിഡിന് മുന്നിലെത്തി. തന്റെ നല്ല പ്രായത്തിൽ ഡേവിഡ് നൽകിയ സ്പേം ഡൊണേഷൻ വഴി അദ്ദേഹത്തിന് 533 കുറ്റകളുണ്ടായത്രേ. അതിൽ 142 പേർ ഡേവിഡിന്റെ ഐഡൻറിറ്റി വെളിപ്പെടുത്തണമെന്ന ആവശ്യവുമായി വന്നുകഴിഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്നു.
🔻കോമഡിക്ക് പേര് കേട്ട Vince Vaughn തന്റെ പതിവ് തെറ്റിച്ച് നല്ലൊരു ഫീൽ ഗുഡ് മൂവി നൽകുകയാണ് ഈ ചിത്രത്തിലൂടെ. രസകരമായ പ്രമേയമാണെങ്കിലും കോമഡിയെക്കാളുപരി നല്ല നല്ല മൊമന്റുകളും ഡയലോഗുകളും സമ്മാനിക്കുന്നുണ്ട് പലപ്പോഴും. ഡേവിഡ് കുട്ടികളുമായി ഇടപഴകുന്ന രംഗങ്ങൾ ആണെങ്കിലും അവരുടെ കൂട്ടായ്മക്കിടയിൽ പറയുന്ന ഡയലോഗാണെങ്കിലും വളരെ അർത്ഥവത്തായതായി തോന്നി. ആരുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോഴും ശരി മാത്രമാണ് നമുക്ക് തോന്നുക. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എലമെന്റ്.
🔻ക്രിസ് പാറ്റിന്റെ കിടിലൻ ഒരു റോളുണ്ട് സിനിമയിൽ. കൂടെ അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചവരും. അവരുടെ കോമ്പിനേഷൻ സീനുകൾ അപാര കോമഡിയായിരുന്നു. ഏറ്റവും ചിരിപ്പിച്ചതും ആ രംഗങ്ങൾ തന്നെ. ഏറ്റവും ഒടുവിൽ മനോഹരമായ ഒരു ക്ലൈമാക്സ് കൂടിയാവുമ്പോൾ സന്തോഷം നൽകുന്നു ഈ സ്പേം ഡോണറുടെ കഥ.
🔻FINAL VERDICT🔻
പ്രമേയം കേട്ടപ്പോൾ ഒരു മുഴുനീള കോമഡി ചിത്രമാണ് ഇതിൽ നിന്ന് പ്രതീക്ഷിച്ചത്. എന്നാൽ നർമ്മങ്ങളെക്കാളുപരി പല ഫീൽ ഗുഡ് എലമെന്റുകളും നൽകാനായിടത്ത് Delivery Man മനസ്സിന് മനസ്സ് നിറച്ച ചിത്രമായി. ഒരു 'സിമ്പിൾ ഹമ്പിൾ മൂവി' എന്നൊക്കെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments