നോൺസെൻസ്
October 14, 2018🔻തന്റെ മാത്‍സ് ക്വസ്ട്യൻ പേപ്പറിലെ സർക്കിൾ BMX സൈക്കിളിന്റെ ബാക്ക് ടയറാക്കി വരക്കുന്നതും അതേത്തുടർന്നുള്ള ടൈറ്റിൽ ഗ്രാഫിക്സുമടക്കം ഒരുപാട് ക്രിയേറ്റിവ് ആയ വർക്കുകൾ ഉണ്ട് ഈ ചിത്രത്തിൽ. പൂർണ്ണമായും ഒരു BMX ബേസ്ഡ് കഥയാണെന്ന തോന്നൽ നമ്മിൽ ഉണ്ടാകുമെങ്കിലും അതിനേക്കാളുപരി മറ്റ് പല കാര്യങ്ങളും ചർച്ച ചെയ്യുന്നിടത്ത് നോൺസെൻസ് നല്ലൊരു ചിത്രമായി മാറുന്നുണ്ട്.
🔻പഠനത്തിൽ ഉഴപ്പനായത് കൊണ്ട് തന്നെ സ്‌കൂളിൽ അവൻ അറിയപ്പെടുക നോൺസെൻസ് എന്നാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിനപ്പുറം തന്റെ ലോജിക്കുകൾ കൊണ്ട് പഠനത്തെ തന്റേതായ വഴിക്ക് കൊണ്ടുവരുവാനാണ് അരുണിന് ഇഷ്ടം. പെട്ടെന്നൊരു ഹർത്താൽ ദിവസം അരുണിനും ഓട്ടോ ഡ്രൈവറായ സന്തോഷിനും നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ നോൺസെൻസ് മുന്നേറുന്നു.
🔻ഈയടുത്ത് ഇത്ര രസകരമായി തോന്നിയ ഒരു ട്രെയ്‌ലർ ഞാൻ വേറെ കണ്ടിട്ടില്ല. നല്ല രീതിയിൽ സിനിമ ജിജ്ഞാസ ഉണർത്തുംവിധം രസകരമായിരുന്നു ആ ട്രെയിലറുകൾ. BMX മോട്ടോക്രോസ് ചില സിനിമകളിൽ ഒരു മിന്നൽ പോലെ വന്നുപോയിട്ടുണ്ടെങ്കിലും അത് മുഴുനീള സിനിമയായി എടുക്കുന്നത് തന്നെ കാണാൻ ആകാംഷയായിരുന്നു. നോൺസെൻസ് കാണാൻ തീരുമാനിച്ചതും അതുകൊണ്ട് തന്നെ.
🔻'നമുക്ക് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും മാത്രം പോരാ കുറെ നല്ല മനുഷ്യരെക്കൂടി വേണം' എന്ന ആശയത്തിലാണ് ചിത്രം മുന്നേറുന്നത്. പുതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകളും അടിച്ചേൽപ്പിക്കലുകളും ആദ്യപകുതിയിൽ കാട്ടുമ്പോൾ തുടക്കമൊക്കെ രസകരമായിരുന്നെങ്കിലും പിന്നീട് സ്‌കൂളിലെ ചില സീനുകൾ ആവശ്യമില്ലാതെ നീട്ടുന്നത് പോലെ തോന്നി. അത്ര ഡീറ്റെയ്യ്‌ലിങ്ങ് അവിടെ ആവശ്യമുണ്ടായിരുന്നില്ല എന്നത് തന്നെ. അങ്ങനെ ഹർത്താൽ ദിനത്തിലേക്ക് കടക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമായി മുന്നേറുകയും ചെയ്യുന്നു. ഹർത്താലിനെപ്പറ്റിയും ചില രാഷ്ട്രീയ സറ്റയറുകളും നല്ല രീതിയിൽ ഉപയോഗിചിടത്ത് രണ്ടാം പകുതി മികവ് പുലർത്തുന്നുണ്ടെങ്കിലും ഒരാവശ്യവുമില്ലാതെ ദൈർഖ്യം വർധിപ്പിക്കാനെന്ന രീതിയിൽ മാത്രം ചേർത്ത ഒരു സംഭവം അൽപ്പം മടുപ്പ് നൽകുന്നുണ്ട്. എങ്കിലും അരുൺ-സന്തോഷ് കോമ്പിനേഷൻ സീനുകൾ കുറച്ച് ആശ്വാസം ഏകുന്നുണ്ട് ആ സമയത്ത്.
🔻സയൻസിലെ ചില കളികൾ പറഞ്ഞുതരുന്ന രംഗങ്ങളൊക്കെ രസകരമാണ്. കാരണം നമ്മളും ഇതൊക്കെ കാണാപാഠം പഠിച്ചും ബിറ്റ് വെച്ചും പാസായവരാണല്ലോ. ആ രംഗങ്ങളൊക്കെ അരുൺ എന്ന വിദ്യാർഥിയിലെയും മനുഷ്യനിലേയും സ്വഭാവങ്ങളെയും ബുദ്ധിവൈഭവത്തെയും പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം അവനിലെ BMX പ്രേമിയെയും കാട്ടിത്തരുന്ന രംഗങ്ങളൊക്കെ പുതുമ നിറഞ്ഞവയാണ്. എന്നാൽ BMX വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. തുടക്കവും ഒടുക്കവും വന്നുപോയതൊഴിച്ചാൽ മറ്റെവിടെയും പരാമർഷിച്ചുകണ്ടില്ല. അതുകൂടി എവിടെയുമെങ്കിലും ചേർത്തിരുന്നെങ്കിൽ കുറച്ചുകൂടി ഇന്ററസ്റ്റിങ്ങ് ആവുമായിരുന്നു കാര്യങ്ങൾ. എങ്കിലും നല്ലൊരു പ്രമേയം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ തൃപ്തി നൽകുന്നു നോൺസെൻസ്. പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സംവിധായകനെ കൂടി നോൺസെൻസിലൂടെ നമുക്ക് ലഭിക്കുകയാണ്
🔻പുതുമുഖം റിനോഷ് ആൺ അരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നല്ല ആക്റ്റിവ് ആയിരുന്നു ആ റോൾ. തന്നിലെ പാവത്താനെയും മനുഷ്യത്വം ഉള്ളവനെയും ഭംഗിയാക്കി റിനോഷ്. ചിത്രത്തിന്റെ സംഗീതവും റിനോഷ് തന്നെ. ബാക്ക്ഗ്രൗണ്ട് സ്‌കോർ വളരെ മികവ് പുലർത്തുന്നുണ്ട്. അതോടൊപ്പം മികച്ച ഫ്രെയിമുകൾ ഒരുപാടടങ്ങിയ ഛായാഗ്രഹണവും. വിനയ് ഫോർട്ട് തന്റെ തനത് വേഷത്തിൽ സ്‌ക്രീൻ കയ്യടക്കുന്നുണ്ട്. കൂടെ ബാക്കി റോൾ ചെയ്തവരും മികവ് പുലർത്തുന്നുണ്ട്.
🔻FINAL VERDICT🔻
സെൻസിബിളാണ് ഈ നോൺസെൻസ്. എങ്കിലും ചില പോരായ്മകൾ ചില നേരങ്ങളിൽ ആസ്വാദനത്തിന് ഭംഗം വരുത്തുന്നുണ്ട്. എന്നാൽ ഒടുവിൽ അബ്‌ദുൾ കലാമിന്റെ വാചകങ്ങൾ ബോർഡിൽ കാണിച്ച് സിനിമ അവസാനിക്കുമ്പോൾ മനസ്സ് നിറഞ്ഞു. അത്രനേരം മനസ്സിൽ തോന്നിയ പോരായ്മകളത്രയും താനേ മാറി ഒരു പുതു ഉണർവ്വ് സമ്മാനിക്കുകയായിരുന്നു ചിത്രം. വിജയിക്കുമോ എന്നറിയില്ല, എങ്കിലും നല്ലൊരു സിനിമ ആഗ്രഹിക്കുന്നവർക്ക് ഇനി തീയേറ്ററിൽ കാണാൻ അവസരമുണ്ട്.
MY RATING :: ★★★☆☆
0 Comments