96

October 08, 2018



റൊമ്പ ദൂരം പോയിട്ടയാ റാം.?
ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍ ജാനു…

ഇരുവരുടെയും പ്രണയത്തിന്റെയും നഷ്ടപ്പെടലുകളുടെയും ആഴവും പരപ്പും ഈ ചോദ്യത്തിലും ഉത്തരത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ഒരു രംഗത്തേക്ക് മാത്രമല്ല, അവരുടെ ജീവിതത്തെ മുഴുവൻ ഈ ഡയലോഗുകളിലൂടെ സന്നിവേശിപ്പിക്കുന്നടത്താണ് റാമും ജാനുവും നമ്മുടെ ഹൃദയത്തെ ഉലക്കുന്നത്. അത്രമേൽ ഹൃദ്യമാണ് അവരുടെ പ്രണയവും ജീവിതവും. ആ സമയത്ത് നമ്മുടെ നെഞ്ചിടിപ്പിലുണ്ടാവുന്ന മാറ്റം സാക്ഷി.

🔻സിനിമ ഉണ്ടായ കാലം മുതൽ സ്‌ക്രീനിൽ പതിഞ്ഞിട്ടുള്ള കഥയും പ്രമേയവും. ഒരു നൂൽപ്പാലത്തിലൂടെ നടന്നുപോവത്തക്ക ഭദ്രതയും സൂക്ഷ്മതയും തന്റെ ആദ്യചിത്രത്തിലൂടെ ഈ സിനിമക്ക് പകർന്നുകൊടുത്തിടത്താണ് പ്രേം കുമാർ എന്ന സംവിധായകനും അദ്ദേഹത്തിന്റെ ആദ്യ ചിത്രവും മനസ്സ് കവരുന്നത്.

🔻തന്റെ ഓർമ്മകളിൽ നിന്ന്, നഷ്ടസ്വപ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഒരു വിനോദം മാത്രമാണ് റാമിന് ഫോട്ടോഗ്രാഫി. തന്റെ നാട്ടിൽ നിന്ന് തന്നെ എന്നെന്നേക്കുമായി മാറിനിൽക്കാനുള്ള ഒരു ഉപാധി. എന്നാൽ ഒരുവേളയിൽ തന്റെ നാട്ടിലേക്കും സ്‌കൂളിലേക്കും തിരിച്ചെത്തേണ്ടി വരുന്നിടത്ത് റാമിന്റെ മനസ്സിലെ ഓർമ്മകൾ കൂടുവിട്ട് പുറത്തേക്ക് വരുന്നു. ആകസ്മികമായി മാത്രം ഇത്തരം സംഭവങ്ങൾ കണ്ട് പരിചരിച്ച നമുക്ക് സ്വാഭാവികതയുടെ പുതിയൊരു വാതായനം തുറന്നിടുകയാണ് സംവിധായകൻ. തുടർന്ന് നൊസ്റ്റാള്ജിയയുടെ ചൂഷണവും.

🔻തന്റെ സ്‌കൂളിനകത്ത് പ്രദക്ഷിണം വെക്കുമ്പോൾ റാമിൽ കാണാനാവുക ആ പഴയ പതിനഞ്ചുകാരൻ രാമചന്ദ്രനെയാണ്. അത്ര സൂക്ഷ്‌മമായി അദ്ദേഹത്തിന്റെ സ്‌കൂൾ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട് സംവിധായകൻ. തുടർന്നുള്ള രാമചന്ദ്രന്റെയും ജാനകിയുടെയും പ്രണയം മനസ്സിൽ മുറിവേൽപ്പിക്കുന്നതും അതുകൊണ്ടാണ്. ജാനുവിനെ ആദ്യമായി പരിചയപ്പെടുത്തുന്ന രംഗം വരെ സംവിധായകന്റെ മിടുക്കിന്റെ തെളിവാണ്. അതിനായി പ്രത്യേകമൊരു സീക്വൻസോ കഥയോ പറയുന്നില്ല. സ്വാഭാവികമായി ആ കഥയിലേക്ക് വന്നുചേരുകയാണ് ജാനു.

🔻സ്‌കൂൾ രംഗങ്ങളിൽ നൊസ്റ്റാള്ജിയയുടെ കെട്ടുപൊട്ടിക്കുന്നത് ഭംഗിയായി കാണിക്കുന്നുണ്ട് ചിത്രം. ഭിത്തിയിൽ പറ്റിയിരിക്കുന്ന ചോക്ക് പൊടിയും പഠിച്ചിരുന്ന ക്ലാസും തല്ലിതേങ്ങയും ഗോവണിപ്പടികളുമൊക്കെ ഗൃഹാതുരത്വത്തിന്റെ മലമുകളിൽ കയറി കസേരയിടുകയാണ്. അതിനുശേഷം വാട്സാപ്പ് ഗ്രൂപ്പിലൂടെ തന്റെ ഓർമ്മകളെ പൂരിപ്പിക്കുകയാണ് റാം. തുടർന്ന് ജാനുവും. പതിവ് പ്രമേയത്തെ തന്റെ ആവിഷ്കാര തന്ത്രത്തിലൂടെ മികച്ച അനുഭൂതി സൃഷ്ടിക്കുന്നതിന്റെ മിടുക്ക് ഇവിടെയാണ് കാണാനാവുക.

🔻നമ്മിലൊരാൾ എന്ന രീതിയിലാണ് പഴയ സ്‌കൂൾ കാലഘട്ടത്തിലെ റാമിനെയും ജാനുവിനെയും കൂടെയുള്ളവരെയുമൊക്കെ പരിചയപ്പെടുത്തുക. റാമിന്റെ സംസാരവും ശബ്ദവും ചുരുക്കം ചില രംഗങ്ങളിൽ മാത്രമാണ് നമുക്ക് കേൾക്കാനാവുക. എന്നാൽ അവിടെ നരേഷൻ വരുന്നത് ആ 15കാരൻ റാമിന്റെ ശബ്ദത്തിലാണ്. അല്ലെങ്കിലും പതിനഞ്ചുകാരന്റെ മനസ്സ് പതിനഞ്ചുകാരനല്ലാതെ മറ്റാർക്കാണ് ഇത്ര ഭംഗിയായി വായിക്കാനാവുക. ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പോസിറ്റിവുകളിലൊന്ന് ആ നറേഷനാണ്.

🔻മെലോഡ്രാമയിലേക്ക് കൂപ്പുകുത്താവുന്ന ചില രംഗങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നിടത്തും അവിടെ നിന്ന് ലഭിക്കേണ്ട അനുഭൂതി പൂർണ്ണമായും പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. സ്‌കൂൾ ആയാലും കോളേജ് ആയാലും അങ്ങനെ തന്നെ. റാമിന്റെ മനസ്സ് പൂർണ്ണമായി പ്രേക്ഷകനിലേക്ക് തരാതെ അതിലല്പം പിന്നീടേക്ക് മാറ്റിവെക്കുന്നത് തെല്ലൊന്നുമല്ല നമ്മെ സ്പർശിക്കുന്നത്. ആ രംഗങ്ങളൊക്കെ സ്തംഭിച്ചിരുന്നുപോയി എന്നുവേണം പറയാൻ.

🔻സ്‌കൂളിൽ അവർ എവിടെ നിർത്തിയോ അതിന്റെ തുടർച്ചയാണ് മേല്പറഞ്ഞ സംഭാഷണം കാണിക്കുക. ആ പാലത്തിൽ അവർ നിർത്തിയിടത്ത് നിന്ന് തുടങ്ങുകയാണ് ഇരുവരും. മിനിമലിസത്തിന്റെ സുന്ദരകാഴ്ചകളോടൊപ്പം ഡയലോഗുകളും മനസ്സ് കവരുന്നു. ആ സന്ദർഭങ്ങളുടെ തീവ്രത തെല്ലും ചോരാതെ നമ്മിലേക്ക് പകരുന്നു.

🔻കഥാപാത്രരൂപീകരണത്തിന്റെ പൂർണ്ണത 96ൽ എന്നപോലെ 2018ലും നമുക്ക് അനുഭവിച്ചറിയാം. റാമിന്റെ കഥാപാത്രമാണെങ്കിൽ കൂടി ജാനു നെഞ്ചത്ത് കൈവെക്കുമ്പോഴടക്കമുള്ള രംഗങ്ങൾ, സംസാരിക്കാൻ കാട്ടുന്ന വിമുഖത, ജാനുവിനെ സ്പർശിക്കാതിരിക്കാനുള്ള സൂക്ഷ്മത, തുടങ്ങി അവരോടൊപ്പം നടക്കുന്ന കൂട്ടുകാരിൽ വരെ അതിന്റെ ഗുണം നീളുന്നു. ഫലമോ ഈയടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കഥാപാത്രനിർമ്മിതിയാവുന്നു 96ലേത്.

🔻ഉൾവലിഞ്ഞ രാമചന്ദ്രനെ തന്റെ സംസാരത്തിലും ശ്വാസത്തിലും പേറുന്നുണ്ട് വിജയ് സേതുപതി. തന്റെ ഓരോ ശരീരഭാഷ്യത്തിലും ഒറ്റപ്പെടലും ഒളിച്ചോട്ടവുമൊക്കെ അദ്ദേഹത്തിൽ അടയാളപ്പെടുത്താനാവുന്നുണ്ട്. ജാനുവിനെ കണ്ടതുമുതല്കുള്ള രംഗങ്ങളിൽ തെല്ലൊന്നുമല്ല ആ പ്രതിഭ അത്ഭുതപ്പെടുത്തുന്നത്. തന്നിലൂടെ ആ പതിനഞ്ചുകാരൻ രാമചന്ദ്രനെ കൃത്യമായി സ്‌ക്രീനിലെത്തിക്കുകയാണ് അദ്ദേഹം. മറ്റൊരു നടനും ഇത്ര ഭംഗിയായി ഇതിന് സാധിക്കില്ലെന്ന് അടിവരയിടുന്നു മക്കൾ ശെൽവൻ. തനിക്കിഷ്ടമുള്ള പാട്ട് ജാനു പാടുമ്പോഴുള്ള രംഗത്തിലെ ഭാവഭദ്രത..!!

🔻തന്റെ മുൻ ചിത്രങ്ങളിലെ പ്രകടനങ്ങളുടെ നിഴൽ എങ്ങും സ്പർശിക്കാതെ ജാനുവിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട് തൃഷ. അത്രമേൽ കയ്യടക്കത്തോടെ ആ കഥാപാത്രത്തിന്റെ വികാരങ്ങളെ ഭംഗിയാക്കുന്നുണ്ട് തൃഷ. ജാനു തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയെന്ന കാര്യത്തിൽ തൃഷയ്ക്ക് അഭിമാനിക്കാം. തന്റെ പ്രണയം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന രംഗമൊക്കെ അപാരമായിരുന്നു.

🔻റാമിന്റെയും ജാനുവിന്റെയും ചെറുപ്പം അവതരിപ്പിച്ച ഗൗരി കൃഷ്ണയും ആദിത്യ ഭാസ്കറും മനം കവരുന്നുണ്ട് വല്ലാതെ. ഗൗരിയുടെ ചിരിയും ഊർജ്ജവും തൃഷയുടെ ജാനകിക്കും നല്ല മൈലേജ് നൽകുന്നുണ്ട്. ഡയലോഗുകൾ പോലും അധികമില്ലാത്ത ആദിത്യ ഭാസ്കർ റാമിനെ ഭംഗിയാക്കുന്നുണ്ട്. ഇരുവരും സിനിമ കഴിയുമ്പോഴും മനസ്സിൽ തങ്ങിനിൽക്കും.

🔻96ന്റെ ശ്വാസവും താളവുമാണ് ഗോവിന്ദ് മേനോന്റെ സംഗീതവും ഗാനങ്ങളും. സിനിമ റിലീസ് ആവുന്നതിന് മുമ്പിറങ്ങിയ കാതലേ എന്ന ഗാനത്തിനേക്കാൾ കേൾവിക്ക് ഇമ്പമേകുന്ന ഗാനങ്ങൾ വേറെയുമുണ്ട്. വിജയ് സേതുപതി സ്‌കൂൾ സന്ദർശിക്കുമ്പോഴുള്ള, ജാനകിയുടെ കല്യാണസന്ദർഭത്തിന്റെ കാര്യം പറയുമ്പോഴുള്ള, ഹോട്ടലിന് പുറത്ത് നിന്ന് ഫോൺ ചെയ്യുമ്പോഴുള്ള പശ്ചാത്തലസംഗീതങ്ങളൊക്കെയും ഇപ്പോഴും കാതിലൂടെ ഒഴുകി നടപ്പുണ്ട്. ഓരോ സന്ദർഭങ്ങളുടെയും തീവ്രത തെല്ലും ചോരാതെ ഇത്രമേൽ ഹൃദ്യമാക്കുന്നതിന് സംഗീതം വഹിച്ച പങ്ക് ചെറുതല്ല. സിനിമയുടെ നട്ടെല്ല് തന്നെ സംഗീതമാണെന്ന് ഒരുതരത്തിൽ പറയാം. പല ഉപകാരണങ്ങളിലൂടെ ഓരോ രംഗങ്ങളും പൂർത്തീകരിക്കുന്നത് സംഗീതമാണ്.

🔻ഇളയരാജയുടെയും ജാനകിയുടേയുമൊക്കെ പാട്ടുകൾ ചില സന്ദർഭങ്ങളിൽ നൽകുന്ന എനർജി ചില്ലറയല്ല. നല്ല മൊമന്റം കീപ്പ് ചെയ്യാനായിട്ടുണ്ട് അവിടങ്ങളിൽ. ഇരുകാലഘട്ടങ്ങൾ വളരെ ഭംഗിയായി പകർത്തിയിട്ടുണ്ട് ഷണ്മുഖ സുന്ദരത്തിന്റെ ക്യാമറ. അതോടൊപ്പം ആർട്ട് ഡയറക്ഷൻ വിശ്വസനീയമാം വിധം മനോഹരമാക്കിയിട്ടുണ്ട് ചിത്രത്തിലുടനീളം.

🔻FINAL VERDICT🔻

ജാനു സ്‌കൂൾ കാലഘട്ടത്തിൽ റാമിന്റെ നെഞ്ചിൽ കൈവെക്കുമ്പോൾ മിടിപ്പ് കൂടുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നതെങ്കിൽ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ തന്റെ നഷ്ടസ്വപ്നങ്ങളും ഓർമ്മകളും നിസ്സഹായതയുമൊക്കെയാണ് അനുഭവപ്പെട്ടത്. അത് തന്നെയാണ് ആ സംവിധായകന്റെ മിടുക്കും. അതുകൊണ്ട് തന്നെ തമിഴ് സിനിമയുടെ ഉയർച്ചയുടെ പാതയിൽ മുതൽക്കൂട്ടാവുന്ന ഒന്നായി മാറുന്നു 96 കലാഘട്ടത്തിലെ ഈ പ്രണയവും.

പ്രണയത്തിന്റെ ഹൃദ്യതയും സംഗീതത്തിന്റെ വശ്യതയും നൊസ്റ്റാള്ജിയയുടെ കുത്തൊഴുക്കും കൂടിച്ചേർന്ന അപൂർവ്വമായ ഒരനുഭവം. ഒരു സിനിമയെന്നതിനപ്പുറം അനുഭവിച്ചറിയേണ്ട ഒരു ജീവിതമാണ് 96.

MY RATING::★★★★½

You Might Also Like

0 Comments