Harley And The Davidsons
October 22, 2018Year : 2016
Episodes : 3
Length : 1h 20min/Ep
🔻ബൈക്കുകളോടും കാറുകളോടും അത്ര വല്യ ക്രേസ് ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും കാറുകളിൽ ഔഡിയോടും ബൈക്കുകളിൽ ഹാർലിയോടും ചെറുതല്ലാത്ത ഒരിഷ്ടം മനസ്സിലുണ്ട്. അവ സ്വന്തമാക്കണമെന്ന നടക്കാത്ത സ്വപ്നവും പേറി നടക്കുന്ന ഒരാളെന്ന നിലക്ക് ഹാർലിയെ സംബന്ധിച്ച് ഒരു സീരീസ് ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ വളരെ ആകാംഷയായിരുന്നു.
🔻ഹാർലി ഡേവിഡ്സന്റെ ജനനം. ഹാർലിയും ഡേവിഡ്സണും വഹിച്ച പങ്ക്. അവിടെ നിന്നാണ് കഥ തുടങ്ങുന്നത്. കൗമാരത്തിൽ തന്നെ ബൈക്കുകളോട് പ്രിയമുണ്ടായിരുന്നവർ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കാനുള്ള ശ്രമം അവരുടെ ജീവിതത്തെ തന്നെ ഒട്ടേറെ മാറ്റങ്ങളിലേക്ക് നയിക്കുന്നു. തുടർന്ന് അതൊരു സ്വപ്നമായി നിലനിർത്തി അതിനായി പ്രയത്നിക്കുന്നു. അതിനിടയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇങ്ങനെ പോവുന്നു ഹാർലിയുടെ ചരിത്രവും.
🔻ഹിസ്റ്ററി സിനിമയിലെത്തുമ്പോൾ ഏത് വിധേനയുള്ള മാറ്റങ്ങൾ നേരിടുന്നുവോ അതൊക്കെയും ഇവിടെയും സീരീസ് വരുത്തിയിട്ടുണ്ട്. ഭൂരിഭാഗവും യഥാർത്ഥ സംഭവങ്ങളാണെങ്കിൽ കൂടി ചിലയിടങ്ങളിൽ അൽപ്പം മസാല കൂട്ടിയിട്ട് രുചികൂട്ടാൻ ശ്രമിച്ചതായി കാണാം. വിക്കിപ്പീഡിയയിൽ നോക്കിയാൽ അതൊക്കെയും വ്യക്തമായി അറിയാം. സംവിധായകൻ കഥയിൽ എടുത്തിരിക്കുന്ന സിനിമാറ്റിക്ക് ലിബർട്ടി ആസ്വാദനത്തിന് ഗുണം ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ കഥയാണെന്ന് വിശ്വസിക്കാൻ ചിലയിടങ്ങളിൽ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്.
🔻വളരെ മികച്ച തുടക്കമാണ് സീരീസിന്റെത്. ആദ്യ എപ്പിസോഡ് അവസാനിക്കുന്നതും ഒരു ഞെട്ടലിൽ തന്നെയാണ്. രണ്ടാം എപ്പിസോഡും പുലർത്തുന്നത് അതെ മികവ് തന്നെ. രണ്ട് എപ്പിസോഡിലും പലപ്പോഴായി വരുന്ന റേസിങ്ങ് രംഗങ്ങൾ ചില്ലറ ആവേശമല്ല ആ രംഗങ്ങൾക്ക് നൽകുന്നത്. രണ്ടാം എപ്പിസോഡ് അവസാനിക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന ഒരു തുടർച്ചയായിരുന്നില്ല അവസാനത്തേതിലേത്.
🔻കാലഘട്ടങ്ങളുടെ മാറ്റം വളരെ വേഗതയിലായിപ്പോയി. വാൾട്ടറിന്റെ മകൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന എപ്പിസോഡിൽ അദ്ദേഹത്തിന്റെ വളർച്ചയെക്കുറിച്ച് യാതൊന്നും പ്രതിപാദിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ കുറിച്ച് യാതൊരു ഐഡിയയും കിട്ടുന്നില്ല. എങ്കിലും മുന്നോട്ട് പോവുന്തോറും ആ പിഴവ് നികത്തിയെടുന്നുണ്ട്.
🔻മികച്ച ഛായാഗ്രഹണത്തിന്റെയും പാശ്ചാഹളസംഗീതത്തിന്റെയും പിന്തുണ വളരെ ഗുണം ചെയ്യുന്നുണ്ട് ഈ കഥക്ക്. അതോടൊപ്പം ഗംഭീര ആർട്ട് വർക്കുകളും. കൂടെ പല കമ്പനികളുടെയും പല പഴയ മോഡലുകളും പുനർസൃഷ്ടിച്ചത് മനോഹരമായ കാഴ്ചയാവുന്നുണ്ട്.
🔻അഭിനേതാക്കളുടെ ഗംഭീര പ്രകടനം സീരീസിന് മുതൽക്കൂട്ടാവുന്നുണ്ട്. അവരുടെ ആവേശം പലപ്പോഴും നമുക്കും ഊർജ്ജം പകരുന്നുണ്ട്. കൂട്ടത്തിൽ ആർതർ ഇഷ്ടകഥാപാത്രമായി.
🔻FINAL VERDICT🔻
സിനിമാറ്റിക്ക് ലിബർട്ടി പരമാവധി ഉപയോഗിക്കുമ്പോഴും വളരെ നല്ലൊരു സീരീസ് തന്നെയാണ് ഹാർലിയും കൂട്ടരും സമ്മാനിച്ചത്. ബൈക്ക് പ്രേമികൾക്ക് ഇഷ്ടവിരുന്ന് തന്നെ സമ്മാനിക്കും ഈ സീരീസ്. ഒടുവിൽ Knucklehead കൂടെ നിരത്തിലിറങ്ങുമ്പോൾ ഒരു പുഞ്ചിരിയാവും ചുണ്ടിൽ അവശേഷിക്കുക.
MY RATING :: ★★★½
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments