പരിയേറും പെരുമാൾ BA.BL

October 27, 2018



“നാന്‍ ഊസി പോട്റ ഡാക്ടര്‍ ആകണുംന്ന് സൊല്ലലെ സാര്‍.. ഡാക്ടര്‍ അംബേദ്‌കര്‍ ആകണുംന്ന് സൊന്നേന്‍”

ആ ഡയലോഗുകളിൽ ഉണ്ടായിരുന്നു ചിത്രത്തെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയം. സാക്ഷാൽ അംബേദ്‌കറിന്റെ രാഷ്ട്രീയം. ദളിതർക്ക് വേണ്ടി, താഴ്ന്ന ജാതിക്കാർക്ക് വേണ്ടി പോരാടിയ, അവർക്കും സമത്വം വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച അംബേദ്ക്കറിന്റെ രാഷ്ട്രീയം. പരിയേറും പെരുമാളിന്റെയും രാഷ്ട്രീയം അത് തന്നെയാണ്.

🔻Sairat എന്ന മറാത്തി മൂവി പറഞ്ഞുവെച്ച രാഷ്ട്രീയമുണ്ട്. കേവലം വളരെ ചെറിയൊരു പ്രമേയത്തിൽ ഗംഭീരമായി അലിഞ്ഞുചേർന്ന സമത്വത്തിന്റെ രാഷ്ട്രീയം. ചെറിയ വിങ്ങലല്ല ആ സിനിമ സമ്മാനിച്ചത്. അത്തരത്തിലുള്ള രാഷ്ട്രീയം ചർച്ച ചെയ്തതിൽ സൈററ്റിനോളം ഇഷ്ടം തോന്നിയ ഒരു ചിത്രമില്ലായിരുന്നു ഇന്നലെവരെ. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിനേക്കാൾ പതിന്മടങ്ങ് ഊർജ്ജവും ആരവവുമുള്ള രാഷ്ട്രീയപ്രഖ്യാപനവുമായി 'പരിയേറും പെരുമാൾ' മനസ്സ് കീഴടക്കി.

🔻കബാലിയിലും കലയിലും പാ രഞ്ജിത്ത് പറഞ്ഞുവെച്ച രാഷ്ട്രീയം കൊമേഴ്ഷ്യൽ എലമെൻറ്സ് ചേർന്നപ്പോൾ വീര്യം കുറഞ്ഞെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അത്രയെങ്കിലും ഓപ്പൺ ആയി സിനിമകളിൽ കാണാൻ കഴിയുന്നതിൽ സന്തോഷവുമുണ്ട്. പാ രഞ്ജിത്ത് ഈ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത് ഇതിലെ രാഷ്ട്രീയം കണ്ടിട്ടാവണം. അദ്ദേഹത്തിന് സാധിച്ചതിനെക്കാളേറെ ഗംഭീരമായി ഈ സിനിമ അത് കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ കഥയോ വളരെ ലളിതവും.

🔻കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. എന്നാൽ ചില രംഗങ്ങളും സംഭാഷണങ്ങളും ഉൾകൊള്ളിക്കാതെ നിവൃത്തിയില്ല. കാരണം അത്രമേൽ മനസ്സിൽ പതിയുന്നുണ്ട് അവ. സിനിമയുടെ ആദ്യരംഗം തന്നെ അതിനുദാഹരണം. അവർ കുളിക്കുന്ന കുളത്തിലേക്ക് മറ്റുചിലർ വരുമ്പോൾ പറയുന്ന ഡയലോഗ്. “അവങ്കക്കിട്ടെ നമ്മ വയലും വരപും ഇരുക്ക്. നമ്മക്കിട്ടെ വായും വയറും താനേ ഇരുക്ക്". അവിടെ തുടങ്ങുന്നു സിനിമയുടെ ശരിയായ ദിശയിലേക്കുള്ള സഞ്ചാരം. പിന്നീടങ്ങോട്ട് ശക്തമായ ആശയങ്ങളുടെ വക്താവാകുകയാണ് പെരുമാൾ.

🔻ചിത്രത്തിൽ സംഭവിക്കുന്ന രണ്ട് മരണങ്ങൾ. ആദ്യം കറുപ്പിയുടേതാണ്. കറുപ്പിയെ തങ്ങളുടെ ചടങ്ങുകളനുസരിച്ച് തന്നെ സംസ്കരിക്കുമ്പോൾ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് മാത്രം കൊല ചെയ്യുന്ന ഒരു വൃദ്ധനെയും കാണാം. അദ്ദേഹത്തിന്റെ മരണം ഒരു അപകടമരണം മാത്രമായി അവസാനിക്കുന്നു. ഒരുപക്ഷെ തന്നെക്കാൾ താഴ്ന്ന ജാതിയിലുള്ള ഒരുവനെ കൊലപ്പെടുത്താൻ സാധിക്കാത്തതിലെ മനോവിഷമമാവാം അതിലേക്ക് നയിച്ചത്. (രണ്ടാമത്തെ കാഴ്ചയിൽ ശ്രദ്ധയിൽ പെട്ട സംഭവമാണ്. ആദ്യകാഴ്ചയിൽ ഇങ്ങനെയായിരുന്നില്ല മനസ്സിലാക്കിയത്.)

🔻വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ സിനിമയുടെ നട്ടെല്ലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആവശ്യത്തിന് മാത്രം കഥാപാത്രങ്ങളെ വന്നുപോവുന്നുള്ളൂ. നായകന്റെ അച്ഛൻ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ടൈപ്പ് ക്യാരക്റ്റർ ആയി വന്ന് ഞെട്ടിച്ചു. ആ രംഗങ്ങളൊക്കെ ഗംഭീരമായിരുന്നു. വല്ലാതെ മനസ്സ് നോവിച്ചു ആ രംഗം. അതുപോലെ തന്നെ നായികയുടെ അച്ഛനും സഹോദരനുമെല്ലാം അവരുടേതായ നിലനിൽപ്പുണ്ട്. അവരുടെ ജാതിക്കൂറും സവർണ്ണചിന്താഗതിയുമൊക്കെ കേവലം രംഗങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പോലീസിൽ നിന്ന് തല്ല് കിട്ടുമ്പോൾ തങ്ങളുടെ നേതാവ് പെരുമാളിനോട് പറയുന്നുണ്ട് ഇത് മറ്റാരോടും ചെന്ന് പറയരുതെന്ന്. അതുപോലെ തന്നെ ജോയുടെ കസിന് പെരുമാൾ തല്ല് കൊടുക്കുമ്പോൾ മറ്റാരും അറിയേണ്ടെന്നും അയാൾ പറയുന്നുണ്ട്. ആദ്യത്തേത് അവർക്കൊരു നേതാവിനെ നഷ്ടപ്പെടാതിരിക്കാനാണെങ്കിൽ രണ്ടാമത്തേത് ഒരു താഴ്ന്നജാതിക്കാരൻ തന്നെ തല്ലിയെന്ന് മറ്റുള്ളവർ അറിഞ്ഞാലുണ്ടാവുന്ന കൊറച്ചിൽ മൂലമായിരുന്നു.

🔻പ്രിൻസിപ്പൽ പരിയനോട്‌ പറയുന്ന ഒരു ഡയലോഗുണ്ട്. അദ്ദേഹത്തിന്റെ തന്നെ കഥ. ആ രംഗം കണ്ടപ്പോൾ ഒരു അദ്ദേഹത്തിന് ഒരു വിസിലടിക്കാൻ തോന്നി. അത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതുപോലെ തന്നെ അവസാന 20 മിനിറ്റിൽ പരിയൻ നായികയുടെ അച്ഛനോട് പറയുന്ന വാക്കുകൾ. ഒരുപക്ഷെ ഒരു കവലപ്രസംഗത്തിൽ ഘോരഘോര വിളിച്ചുപറഞ്ഞാൽ കിട്ടാത്തത്ര ആവേശം ആ വാക്കുകൾക്ക് നൽകാനാവുന്നുണ്ട്. അത്തരത്തിൽ ഒട്ടേറെ മികവുറ്റ ഡയലോഗുകൾ കൊണ്ട് സമൃദ്ധമാണ് പരിയേറും പെരുമാൾ.

🔻നീലനിറത്തിന് സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. ചുരുക്കം ചില രംഗങ്ങളിലൊഴിച്ചാൽ മുഴുവൻ സമയവും കറുപ്പിയെ കാണാനാവുക നീല നിറത്തിലാണ്. സമത്വത്തിന്റെ നിറം. അതാണ് നീല. കാലയിൽ ക്ലൈമാക്സിൽ നീലയുടെ അയ്യരുകളി ആയിരുന്നെങ്കിൽ പരിയനിൽ ആ പാട്ടുകൾ സൃഷ്ടിച്ചെടുക്കുന്നുണ്ട് ആ ഇമ്പാക്റ്റ്. അംബേദ്ക്കറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിറം. അദ്ദേഹത്തിന്റെ പാർട്ടിയുടെ കൊടിയുടെ നിറം. സമത്വത്തിന്റെ നിറം.

🔻പരിയനായി കതിരിന്റെ ഗംഭീരപ്രകടനം കൊണ്ട് വിസ്മയം തീർക്കുമ്പോൾ ഓരോ രംഗങ്ങളും അദ്ദേഹം മികച്ചതാക്കുന്നുണ്ട്. പ്രേക്ഷകനുമായി ഒരു ഇമോഷണൽ അറ്റാച്മെന്റ് സൃഷ്ടിക്കാൻ പരിയനിലൂടെ കതിരിന് സാധിക്കുന്നുണ്ട്. അതുപോലെ തന്നെ ബാക്കി കഥാപാത്രങ്ങളും മികവുറ്റ പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. ഒരിക്കലും മനസ്സിൽ നിന്ന് പോവില്ല ആ കഥാപാത്രങ്ങൾ. എന്തിനേറെ പറയുന്നു കറുപ്പി മാത്രം മതിയാവും അത് ശരിവെക്കാൻ.

🔻ഗാനങ്ങളും അതിലെ വരികളും സിനിമ ചർച്ച ചെയ്യുന്ന വിഷയത്തോട് യോജിച്ച് നിൽക്കുമ്പോൾ വളരെ ക്രിയേറ്റിവ് ആയ കൊറിയോഗ്രാഫി കൊണ്ട് അമ്പരപ്പിക്കുന്നുണ്ട് ചിത്രം. അത്രമേൽ മനസ്സിൽ തങ്ങിനിൽക്കും ആ പാട്ടുകളും രംഗങ്ങളും. നാൻ യാർ എന്ന ഗാനം ഗംഭീരം. അതിന്റെ ലിറിക്കൽ വീഡിയോ യുട്യൂബിൽ ഉണ്ട്. അതൊന്ന് കാണണം. കണ്ണ് നിറഞ്ഞേക്കും ചിലപ്പോൾ. ആൾക്കൂട്ടക്കൊലപാതകങ്ങൾ സ്ഥിരമായി നടക്കാറുള്ള ഇന്ത്യാമഹാരാജ്യത്ത് ന്യൂനപക്ഷങ്ങളും വർണ്ണവിവേചനത്തിന് ഇരയായവരും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അത്തരത്തിലുള്ളവരുടെ വക്താവാകുകയാണ് പരിയേറും പെരുമാൾ.

🔻FINAL VERDICT🔻

താഴ്ന്നജാതിയിലുള്ള ഒരുവനെ ഇഷ്ടപ്പെട്ടതിന് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കല്യാണദിവസം സ്വന്തം മകളെ കുത്തിക്കൊലപ്പെടുത്തിയ അച്ഛൻ വരെ ഈ സാക്ഷരസുന്ദരകേളത്തിൽ വസിക്കുമ്പോൾ അവസാനഷോട്ടിലെ രണ്ട് ചായഗ്ലാസ്സിൽ രാഷ്ട്രീയം വരച്ചിടുന്ന പരിയേറും പെരുമാളിന്റെ കാലികപ്രസക്തിയുടെ തട്ട് താണ് തന്നെയിരിക്കും. ഈ വർഷം എന്നല്ല തമിഴ് സിനിമയിൽ, അല്ല ഇന്ത്യൻ സിനിമയിൽ  ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് പരിയേറും പെരുമാൾ.

MY RATING :: ★★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments