Karwaan

October 09, 2018



Year : 2018
Run Time : 1h 54min

🔻പുതുമയുള്ള പ്രമേയത്തിൽ പൊതിഞ്ഞ കണ്ടുമടുത്ത കഥ. ഇങ്ങനെ വിശേഷിപ്പിക്കാം ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാനേ. കാരണം നമ്മൾ കഥയിലേക്ക് ചെല്ലുന്ന വഴി രസകരമാണ്. എന്നാൽ അതിനുശേഷം കാണുന്നതൊക്കെയും പല തവണ ദർശിച്ചിട്ടുള്ള കാര്യങ്ങളും.

🔻തീർത്ഥയാത്രയിൽ ആയിരുന്ന അച്ഛൻ വഴിക്ക് വെച്ച് മരണപ്പെട്ടതിനെത്തുടർന്ന് ആ ശരീരം ട്രാവൽ ഏജൻസി വഴി അവിനാഷിന്റെ പക്കലേക്ക് വരുന്നു. എന്നാൽ അപ്പോഴാണ് അച്ഛന്റെ ശരീരത്തിന് പകരം മറ്റൊരു സ്ത്രീയുടെ ശരീരമാണ് തന്റടുക്കൽ എത്തിയതെന്ന് അവി അറിയുന്നത്. കിട്ടിയ വിവരം വെച്ച് അച്ഛന്റെ ഡെഡ്ബോഡി കൊച്ചിയിലാണെന്ന വാർത്ത കേൾക്കുന്നു. തുടർന്ന് സുഹൃത്ത് ഷൗക്കത്തിനൊപ്പം കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു.

🔻അവി എന്ന ഉൾവലിഞ്ഞ നായകനിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അൽപ്പം ഡീറ്റെയിൽഡ് ആയിത്തന്നെ അവിയെ പരിചയപ്പെടുത്തുന്നുണ്ട്. ശേഷം പ്രമേയത്തിലേക്ക് കടക്കുമ്പോൾ വളരെ രസകരമായി തോന്നുന്നുണ്ട് ഓരോ സംഭവങ്ങളും. ആദ്യ പകുതി അതെ രസത്തിൽ തന്നെ വേഗതയിൽ പോവുന്നുണ്ട്. ടാന്യ എന്ന കഥാപാത്രവും ആദ്യപകുതിയിൽ നല്ല എനർജി നൽകുന്നുണ്ട്. നല്ലൊരു രണ്ടാം പകുതിക്കുള്ള പ്രതീക്ഷയും നൽകുന്നുണ്ട്. എന്നാൽ ശേഷം കൈവിട്ടുപോവുകയായിരുന്നു.

🔻പിന്നീട് നമ്മൾ കാണുന്നത് പലവുരു കണ്ടുമടുത്ത കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ്. അവിടെ രസച്ചരട് നഷ്ടപ്പെടുന്നത് പിന്നീടൊരിക്കലും പഴയ രീതിയിലേക്ക് ഉയർത്തിക്കൊണ്ടുവരാനായിട്ടില്ല. ചില രംഗങ്ങളൊക്കെ എന്തിനെന്ന് പോലും അറിഞ്ഞൂടാ. ഷൗക്കത്ത് എന്ന കഥാപാത്രത്തിന്റെ ചില നർമ്മങ്ങൾ മാത്രമാണ് ആ സാഹചര്യങ്ങളിൽ ആശ്വാസം. ഒടുക്കം എപ്പോഴത്തെയും പോലെ തന്നെ ഉപസംഹരിച്ച് ആസ്വാദനം താഴേക്ക് പോവുന്നു.

🔻പ്രത്യേകിച്ച് എടുത്തുപറയത്തക്ക ഒന്നും പ്രത്യേകത സിനിമയിൽ കാണാനായിട്ടില്ല. അവിനാഷ് എന്ന കഥാപാത്രത്തെ ശരിക്ക് എക്സ്പ്ലോർ ചെയ്യുന്നുണ്ടെങ്കിലും അത് പിന്നീട് ക്ളീഷേ രീതിയിൽ തന്നെ ആക്കുന്നുണ്ട്. സ്പൂൺ ഫീഡിങ്ങ് അധികമായത് മൂലം പലപ്പോഴും വിരസത നൽകുന്നുണ്ട്. ആ കഥാപാത്രത്തെ ദുൽഖർ ഭംഗിയാക്കിയിട്ടുണ്ട്. മറ്റുള്ളവരെക്കാൾ സ്‌ക്രീൻ സ്‌പേസും ദുൽഖറിന് ലഭിച്ചിട്ടുണ്ട്. എങ്കിലും അത്ര മികച്ച ഒന്നായി തോന്നിയില്ല.

🔻ഇർഫാൻ ഖാനാണ് സിനിമയെ പിടിച്ചിരുത്തുന്ന ഘടകങ്ങളിലൊന്ന്. പലപ്പോഴും മടുപ്പുണ്ടാക്കുന്ന സന്ദർഭങ്ങളിൽ നർമ്മങ്ങളിലൂടെ രസം പകരുന്നുണ്ട് പുള്ളിക്കാരൻ. എന്നാൽ കഥാപാത്രപരമായി മേന്മ അവകാശപ്പെടാനില്ല. ടാന്യയെന്ന കഥാപാത്രം നന്നായിരുന്നു. അത് നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. എന്നാൽ ചില രംഗങ്ങൾ ആ കഥാപാത്രത്തിന് വേണ്ടിയിരുന്നില്ല എന്നുതോന്നി.

🔻FINAL VERDICT🔻

വ്യത്യസ്തമായ പ്രമേയത്തിലൂടെ സ്ഥിരം കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം ശരാശരിയിൽ കവിഞ്ഞ ആസ്വാദനത്തിൽ കൂടുതൽ ഒന്നും നൽകുന്നില്ല. ചില രസകരമായ സന്ദർഭങ്ങൾ ഒഴിച്ചാൽ ഒരു തവണ കണ്ടുമറക്കാവുന്ന ഒന്ന് മാത്രമാവുന്നു ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം.

MY RATING :: ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments