2018ൽ ഏതാണ്ട് 156ഓളം സിനിമകൾ മലയാളത്തിൽ നിന്നായി തീയേറ്ററുകൾ റിലീസായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചുരുക്കം ചില സിനിമകളൊഴിച്ചാൽ ബാക്കിയുള്ളവയെല്ലാം നിലവാരമില്ലാത്തതായിരുന്നു എന്ന് പറയേണ്ടി വരും. എണ്ണത്തിലെന്നത് പോലെ കലാമൂല്യത്തിലും പിന്നോട്ടായിരുന്നു ഭൂരിഭാഗവും. 2018ലെ ഇഷ്ടചിത്രങ്ങളിലേക്ക്ഒന്ന് കണ്ണോടിക്കുകയാണ് ഇനി. ഇഷ്ടപ്പെട്ട 10 ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
1. സുഡാനി ഫ്രം നൈജീരിയ.
സ്നേഹത്തിന്റെ ഭാഷയിൽ രചിച്ച കഥയും ഹൃദ്യമായ അവതരണവും സുഡാനിയേയും കൂട്ടരെയും ഈ വർഷത്തെ ഇഷ്ടചിത്രമാക്കി മാറ്റി. പതിവ് മുസ്ലിം സ്റ്റീരിയോടൈപ്പിങ്ങ് പൂർണ്ണമായി ഉപേക്ഷിച്ച് മലയാളസിനിമ പടുത്തുയർത്തിയ പൊതുബോധത്തെ തന്നെ തച്ചുടച്ച് ഹൃദയത്തിൽ നിന്ന് പടുത്തുയർത്തിയ ചിത്രം എന്നാവും സുഡാനിയെ ഞാൻ വിശേപ്പിക്കുക. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഊഷ്മളതയുടെ, മലപ്പുറത്തെ നിഷ്കളങ്കതയുടെ, സൗഹൃദത്തിന്റെ ആഴങ്ങളുടെ, അഭയാർത്ഥികളുണ്ട് ദുരിതങ്ങളുടെ ഹൃദ്യമായ കാഴ്ച. ഒറ്റവാക്കിൽ 'കണ്ണും മനസ്സും ഒരുപോലെ നിറച്ച ചിത്രം. ഈ വർഷം ഏറ്റവും കൂടുതൽ തവണ തീയേറ്ററിലും അല്ലാതെയും കണ്ട ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്. റിയലിസ്റ്റിക്ക് പരിചരണത്തിലെ മികവ് എല്ലാ മേഖലയിലും മികച്ച് നിന്നപ്പോൾ ഒരിക്കലും മറക്കാനാവാത്ത രണ്ട് ഉമ്മമ്മാരെ കൂടി ചിത്രം സമ്മാനിച്ചു.
To Read Review Click Here
2. ഈ മ യൗ
മരണം എന്ന ഭീകര സത്യത്തെ പ്രമേയമാക്കി ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രഗത്ഭൻ ഒരുക്കിയ അഭിമാനചിത്രമായിരുന്നു ഈ മ യൗ. പല ഫെസ്റ്റുകളിലും മലയാളസിനിമയുടെ മുഖമായി ഈ മ യൗ പ്രൗഢിയോടെ തലയുയർത്തി നിന്നപ്പോൾ ഈ വർഷത്തെ മികച്ച തീയേറ്റർ എക്സ്പീരിയൻസുകളിൽ ഒന്നായി മാറുകയും ചെയ്തു ഈ ലിജോ മാസ്റ്റർപീസ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ശബ്ദവിന്യാസത്തിലെ അപാര മികവ് കൊണ്ടും ക്യാമറവർക്കുകളിലെ സൂക്ഷ്മത കൊണ്ടും മറ്റൊരു തലത്തിലേക്ക് ചിത്രം ഉയർന്നു. മരണശേഷവും മനുഷ്യൻ ബന്ധനങ്ങളിൽ നിന്ന് മുക്തനല്ലെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയായി ഈ മ യൗ.
To Read Review Click Here
3. ഇബ്ലീസ്
ആമേന് ശേഷം മാജിക്കൽ റിയലിസം ഏറ്റവും നന്നായി ഉപയോഗിച്ച ചിത്രം ഇബ്ലീസ് ആണെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്. ഈ മ യൗവിലൂടെ മരണത്തെ ഭയപ്പെടുത്തിയപ്പോൾ അതിനെ ഏറ്റവും മനോഹരമായി ചിത്രീകരിക്കുകയായിരുന്നു ഇബ്ലീസ്. പ്രമേയത്തിലെയും അവതരണത്തിലെയും ഫ്രഷ്നെസ്സ് രണ്ട് തവണ കണ്ടപ്പോഴും ഒരുപോലെ കിട്ടിയെങ്കിൽ സംവിധായകന്റെ മികവിനെ പ്രശംസിക്കാതെ വയ്യ. ആദ്യ ഷോ തന്നെ കണ്ടതിൽ അഭിമാനം തോന്നിയ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നായി ഇബ്ലീസും മാറുന്നു.
To Read Review Click Kere
4. കൂടെ
ബന്ധങ്ങളുടെ ദൃഢത ഭംഗിയായി അവതരിപ്പിക്കുന്നതിൽ അഞ്ജലി മേനോന് ഒരു പ്രത്യേക കഴിവുണ്ടെന്ന് തോന്നിയിട്ടുണ്ട്. അത് കൂടെയിലും പ്രകടമായിരുന്നു. പൃഥ്വിരാജ് എന്ന നടനെ ഭംഗിയായി ഉപയോഗിച്ചപ്പോൾ മനസ്സിൽ നിന്ന് വിട്ടുപോകാറത്ത രണ്ട് കഥാപാത്രങ്ങൾ ചിത്രം സമ്മാനിച്ചു. നസ്രിയയുടെ തിരിച്ചുവരവ് കൂടി ചിത്രം അടയാളപ്പെടുത്തി.
To Read Review Click Here
5. കാർബൺ
സ്ക്രീനിൽ തെളിയുന്നത് ഫാന്റസിയാണോ യാഥാർഥ്യമാണോ എന്ന് പ്രേക്ഷകനെ ഓരോ നിമിഷവും ചിന്തിപ്പിച്ചുകൊണ്ടിരുന്ന ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചകൾക്കും നിർവചങ്ങൾക്കും ഇരയായ ഒന്നെന്ന് നിഷ്പ്രയാസം പറയാം. വേണുവിന്റെ സംവിധായകമികവ് ഓരോ ഘടകങ്ങളിലും പ്രകടമായപ്പോൾ വജ്രശോഭയിൽ തിളങ്ങിടുന്ന ദൃശ്യവിസ്മയമായി മാറി കാർബൺ.
To Read Review Click Here
6. വരത്തൻ
രണ്ട് തവണ തീയേറ്ററിൽ കണ്ട സിനിമയാണ് വരത്തൻ. എന്നാൽ രണ്ട് തവണയും ആസ്വാദനം വ്യത്യസ്തമായിരുന്നു. ആദ്യ തവണ കണ്ടപ്പോൾ ക്ലൈമാക്സ് രംഗങ്ങൾ നിർത്താതെ കോരിത്തരിപ്പിച്ചു. എന്നാൽ രണ്ടാം വട്ട കാഴ്ചയിൽ ആദ്യ ഭാഗങ്ങൾ നൽകിയ ഭയവും നിഗൂഢതയും ചില്ലറയല്ല. ചെറിയൊരു പ്രമേയത്തെ തന്റെ പതിവ് രീതികളിൽ നിന്ന് മാറി അമൽ നീരദ് സമീപിച്ചപ്പോൾ മിസ്റ്ററി നിറഞ്ഞ തീയേറ്റർ അനുഭവം സാധ്യമാക്കി വരത്തൻ. ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒരിടം സ്വന്തമാക്കുകയും ചെയ്തു ഈ ചിത്രം.
To Read Review Click Here
7. ജോസഫ്
വമ്പൻ കാസ്റ്റുകൾ ഇല്ലാതെയും ഒരു കൊച്ചു ചിത്രം സ്വീകാര്യമാവാം എന്ന് തെളിയിക്കുകയായിരുന്നു ജോസഫ്. പത്മകുമാർ എന്ന സംവിധായകന്റെ തിരിച്ചുവരവും ജോജുവെന്ന പ്രതിഭയുടെ അടയാളപ്പെടുത്തലും. ഇത് രണ്ടുമാണ് ജോസഫിൽ ഞാൻ കണ്ട ഗുണങ്ങൾ. നല്ലൊരു കഥയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുംവണ്ണം അവതരിപ്പിച്ചതും അതിനൊപ്പം ഒരു കുറ്റാന്വേഷണമായി മാറിയതും ഭംഗിയായി സ്ക്രീനിലെത്തിച്ചപ്പോൾ പ്രതീക്ഷിക്കാതെ നൽകിയ നല്ലൊരു ചിത്രമായി മാറി ജോസഫ്. ചിത്രത്തിലെ പാട്ടുകൾ ഇപ്പോഴും പ്ലേലിസ്റ്റിൽ ഒരു ഭാഗമാണ്.
To Read Review Click Here
8. ഹേയ് ജൂഡ്
നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് റോൾ എന്ന് വിശേഷിപ്പിക്കാം ജൂഡിനെ. ജൂഡ് എന്ന സ്പെഷ്യലി ഏബിൾഡിന്റെ കഥ രസകരമാണ് അതോടൊപ്പം ഹൃദ്യമായും അവതരിപ്പിക്കാൻ ശ്യാമപ്രസാദിന് ഭംഗിയായി സാധിച്ചിടത്ത് മനോഹരമായ ഒരു തീയേറ്റർ അനുഭവമായി ഈ ചിത്രം. ജൂഡിന്റെ ലോകം സുന്ദരമായ ഒന്നായി തോന്നിയപ്പോൾ സിദ്ധീഖും വിജയ് മേനോനും തങ്ങളുടെ കഴിവുകൾ ഒരിക്കൽ കൂടി ചിത്രത്തിലൂടെ കാണികൾക്ക് ബോധ്യമാക്കി.
To Read Review Click Here
9. പൂമരം
തീയേറ്ററിൽ കലോത്സവപ്രതീതി സൃഷ്ടിച്ച എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ ചിതമാണ് പൂമരം എന്ന് നിസ്സംശയം പറയാം. വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിൽ, ഒരു കലോത്സവത്തിന് നടുവിൽ ക്യാമറ പ്രതിഷ്ഠിച്ചത് പോലെയുള്ള ആവിഷ്കാരത്തിൽ ഓരോ പാട്ടുകളും അതിലെ വരികളും പോലും കാലികപ്രസക്തിയുടെ കാര്യത്തിൽ മുന്നിട്ട് നിന്നപ്പോൾ പല കലകൾ ഒന്നിച്ച് ദർശിച്ച ഫീലായിരുന്നു മനസ്സിൽ. പറയാനുദ്ദേശിച്ച കാര്യം പൂർണ്ണമായി അല്ലെങ്കിൽ കൂടി പ്രേക്ഷകരിലേക്ക് കൺവിൻസ് ചെയ്യാൻ പുതിയ മാർഗ്ഗം തേടിയ സംവിധായകനെ പ്രശംസിക്കാതെ വയ്യ.
To Read Review Click Here
10. കുട്ടൻപിള്ളയുടെ ശിവരാത്രി
ഫാന്റസി മോഡിൽ ഒരു കുടുംബകഥ പറഞ്ഞ കൊച്ചുചിത്രം. വളരെയേറെ രസകരമായ കഥാപാത്രങ്ങളും അവരെ ഉൾക്കൊള്ളിച്ച് കൊണ്ട് സാന്ദർഭിക നർമ്മങ്ങളിൽ പ്രേക്ഷകരെ കയ്യിലെടുക്കുന്ന അവതരണവും അതോടൊപ്പം കേരളത്തിലെ ഒരു മഹാദുരന്തത്തിന്റെ ഓർമ്മപെടുത്തലും കൂടിയാവുമ്പോൾ നല്ലൊരു തീയേറ്റർ അനുഭവമായി മാറി കുട്ടൻപിള്ളയും കൂട്ടരും. തീരെ പ്രതീക്ഷിക്കാതെ ഇഷ്ടം സമ്പാദിച്ച ചിത്രം.
To Read Review Click Here
'ഈട'യിലൂടെ മോശമല്ലാത്ത ഒരു തുടക്കമായിരുന്നു ര വർഷം ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇഷ്ടചിത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. സുഡാനിയും ഈ മ യൗവുമൊഴിച്ചാൽ കലാമൂല്യമുള്ള, മലയാളസിനിമയെന്ന് അഭിമാനപൂർവ്വം പറയാവുന്ന ചിത്രങ്ങൾ തീർത്തും കയ്യിലെണ്ണാവുന്നത് തന്നെ. സൂപ്പർസ്റ്റാറുകളുടേതായി വൻ ദുരന്തങ്ങൾ ഈ വർഷം ജനിച്ചപ്പോൾ ചില കൊച്ചുചിത്രങ്ങൾ തൃപ്തിപ്പെടുത്തി. മലയാളത്തേക്കാളേറെ തമിഴ്, ഹിന്ദി ചിത്രങ്ങൾ ഈ വർഷം കൂടുതൽ ആസ്വദിച്ചു എന്നതാണ് സത്യം.96, രാക്ഷസൻ, പരിയേറും പെരുമാൾ, കൊലമാവ് കോകില, ഇമൈക്ക നൊടികൾ, ഇരവുക്ക് ആയിരം കൺകൾ, സില സമയങ്ങളിൽ, സവരക്കത്തി, Badhaai Ho, Tumbbad, Andhadhun, Manmarziyaan, Mukkabaaz, October, Hichki, Blackmail, Stree, Once Again തുടങ്ങി നിരവധി ചിത്രങ്ങൾ അതിനുദാഹരണം. ഒടുവിൽ വർഷാവസാന സമ്മാനമായി 'ഞാൻ പ്രകാശൻ' മാത്രമാണ് സ്വീകാര്യമായത്. ഒരുപാട് പ്രതീക്ഷകളാൽ വന്ന് നിറം മങ്ങിയ നിരവധി ചിത്രങ്ങൾക്കും സാക്ഷിയായി 2018.
പുത്തൻ പ്രതീക്ഷകളുമായി മലയാളസിനിമ 2019നെ വരവേൽക്കുകയാണ്. ആകാംഷയുള്ള പ്രൊജക്റ്റുകളും പ്രതീക്ഷയുള്ള കൂട്ടുകെട്ടുകളും വരും വർഷത്തെ വർണ്ണാഭമാക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും നല്ല സിനിമകൾ ഉടലെടുക്കട്ടെ എന്ന പ്രാർത്ഥനയോടെ...
#AB