പൂമരം (2018) - 152 min

March 21, 2018

"ഒരുത്തന്റെ കാഴ്ച കളഞ്ഞിട്ട് എന്ത് ഉൾക്കാഴ്ചയാണ് കലയിലൂടെ നിങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നത്."


അവസാനമായി ഒരു കലോത്സവം കൂടിയത് 10ആം ക്ലാസിൽ ജില്ലാ കലോത്സവം ആയിരുന്നു. കാണാൻ പോയതും അത് തന്നെ. എന്നാൽ ഇപ്പൊ ഒന്നുകൂടി ദർശിക്കാനായി. ആ കലോത്സവത്തിന്റെ പേരായിരുന്നു പൂമരം.

ഒരു പ്രതീക്ഷയുമില്ലാതെ, എന്താണ് കാണാൻ പോവുന്നതെന്ന് ഒരു സങ്കല്പവുമില്ലാതെയാണ് തീയേറ്ററിലേക്ക് കയറിയത്. എന്നാൽ കണ്ട് തിരിച്ചിറങ്ങിയത് ഒരു കുന്ന് ഓർമ്മകളുമായാണ്. ബാല്യകാലം മുതൽ പങ്കെടുത്ത പരിപാടികളുടെയും കലകളുടെ ഉത്സവങ്ങളുടെയും എങ്ങോ മാഞ്ഞ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് അലയടിച്ചിറങ്ങിയ നിമിഷങ്ങളായിരുന്നു ചിത്രം സമ്മാനിച്ചത്.

"Water Met Its Master And Blushed"

ആദ്യ രംഗത്തിൽ കോളേജ് യൂണിയൻ ചെയർമാനായ മകനും റിട്ടയേർഡ് അധ്യാപകനായ അച്ഛനും തമ്മിലുള്ള സ്വാഭാവിക സംഭാഷണങ്ങളിലൂടെയുള്ള തുടക്കം. എന്നാൽ അതിനിടയിൽ ഞെട്ടിച്ച് കളഞ്ഞത് ഈ വരികളാണ്. വെള്ളത്തെ വീഞ്ഞാക്കിയ ദൈവം. ഒറ്റ വാക്കിൽ എഴുതിയ ഇത്ര ഹൃദ്യമായ കവിത ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ്. അത്ഭുതം തോന്നിയ ആ നിമിഷം. അവിടെ പൂത്തുതുടങ്ങി ഈ പൂമരം.

കലയെന്നാൽ പ്രണയമാണ്. പ്രതിഷേധമാണ്. വിരഹമാണ്. വിപ്ലവമാണ്. കേവലം ആസ്വാദനത്തിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല കല. കലാകാരൻ തന്റെ ആശയങ്ങളെ കാണികളുടെ സംവദിക്കാനായി ഉള്ള മാർഗമായി കലയെ ഉപയോഗിക്കുമ്പോഴാണ് അതിന്റെ പൂർണ്ണത കൈവരിക്കുക. അത്തരത്തിൽ നോക്കുകയാണെങ്കിൽ ഒന്നിലധികം കലകൾക്ക് നമുക്കിവിടെ സാക്ഷിയാവാം. പ്രതിഷേധങ്ങൾക്കും.


"ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു"

മൈമിലൂടെയും കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പല കാര്യങ്ങളും ചിന്തിക്കാനായി ഇട്ടുതരുന്നുണ്ട് ചിത്രം. അത്ര അർത്ഥവത്തായ വരികളാണ് അവ ഉൾക്കൊള്ളുന്നത്. അവ ആവിർഭവിച്ചിരിക്കുന്നത് കേവലം ഈണങ്ങളല്ല, ഹൃദ്യമായ ആശയങ്ങൾ കൂടിയാണ്. പ്രണയത്തെ ഇത്ര സുന്ദരമായി കാട്ടിത്തരുന്ന രംഗങ്ങൾ കേവലം നോട്ടങ്ങളിലൂടെ കൈമാറിയത് മറക്കാനാവില്ല. രാത്രിയിൽ സാറിന്റെ കൂടെയിരുന്ന് കവിത ആസ്വദിക്കുന്ന കുട്ടികളിൽ ഒരുവനായി മാറാൻ അധികം സമയം വേണ്ടിവന്നില്ല.അത്ര ഗംഭീര അനുഭൂതിയാണ് ആ കവിത സമ്മാനിച്ചത്. രാത്രിയുടെ മൂകതയിൽ ഒരുപിടി ഓർമ്മകൾ.

പിന്നെ കാണാൻ സാധിച്ചത് കലോത്സവനഗരിയുടെ താളവും മേളവും ഉൾകൊള്ളുന്ന സ്റ്റേജുകളെയും കലാകാരന്മാരെയും ആയിരുന്നു. അവരിൽ പ്രമുഖരായി കലോത്സവത്തിന് വേദിയാവുന്ന മഹാരാജാസ് കോളേജും നിലവിലെ ചാമ്പ്യാന്മാരായ സെന്റ് തെരേസയും ആയിരുന്നു. ഇരുവരിലും അടങ്ങിയിരുന്നു ആവേശവും ആസക്തിയും പ്രകടമാക്കിയ രംഗങ്ങൾ അനവധിയാണ്. അത്തരത്തിൽ കലാപൂരിതമായ ദിവസങ്ങൾ കടന്നുപോയത് പോലും അറിഞ്ഞിരുന്നില്ല. അതിൽ പൂർണ്ണമായും മുഴുകിയിരിക്കുകയായിരുന്നു ഞാൻ എന്ന ആസ്വാദകൻ.


ചിത്രത്തിലൂടെ സംവിധായകൻ ആബ്രിഡ് ഷൈൻ പറയാനുദ്ദേശിച്ചിരുന്നത് മികച്ച ഒരു സന്ദേശം തന്നെയായിരുന്നു. എന്നാൽ അതിൽ പോരായ്മ പറ്റിയത് എവിടെയാണെന്ന് വളരെ വ്യക്തം. അവസാന ഭാഗങ്ങൾ അവയ്ക്ക് വേണ്ടി മാത്രം നീക്കിവെച്ച് അതുവരെയുണ്ടായിരുന്ന ആസ്വാദനത്തെ പാടെ നിലംപരിശാക്കുന്ന ഒരു ശ്രമമായി തോന്നി ആ ട്രീറ്റ്‌മെന്റ്.കോളേജ് നഗരി കടന്ന് പോലീസ് സ്റ്റേഷനിലേക്ക് കളി എത്തിയപ്പോൾ വിരസത മാത്രമാണ് തോന്നിയത്. മുൻ ചിത്രത്തിന്റെ ഹാങ്ങോവറിൽ നിന്ന് മുക്തനായിട്ടില്ല എന്ന് പലയിടങ്ങളിലും തോന്നി. എന്നാൽ കലോത്സവനഗരിയിൽ സംവിധായകൻ കാണിച്ച അവതരണത്തിലെ പക്വതയും സാമർത്യവും കുറച്ച് നേരത്തേക്ക് മാഞ്ഞുപോയത് പോലെയായിരുന്നു ആ രംഗങ്ങൾ സൂചിപ്പിച്ചത്.

അതിനുശേഷം വീണ്ടും കലോത്സവനഗരിയിൽ കുറച്ചുകൂടി ഓർമ്മകൾ സമ്മാനിച്ച് ചിത്രം അതിന്റെ അന്ത്യത്തിലേക്കടുക്കുമ്പോൾ നല്ലൊരു അനുഭവമായി തോന്നി ആ പാട്ടും അതിന്റെ ആവിഷ്കാരവും. അശോകചക്രവർത്തിയുടെ ജീവിതത്തിൽ അഹിംസ കൊണ്ടുവന്ന മാറ്റങ്ങൾ തന്നെ ആശയമായി അവതരിപ്പിക്കാൻ തിരഞ്ഞെടുത്തവർ ഹിംസ വിതറുന്ന കാഴ്ചയും അതിനെതിരെ സമാധാനത്തിന്റെ സന്ദേശവാഹകനായ ബുദ്ധയുടെ വരികളും കണ്ണുതുറപ്പിക്കാൻ പാകത്തിന് സ്വരുക്കൂട്ടി വെച്ചിരുന്നു ചിത്രത്തിൽ. എങ്കിലും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞോ എന്ന കാര്യം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഒരു നായകൻ-നായിക കേന്ദ്രീകൃത കഥയല്ല പൂമരം കൈകാര്യം ചെയ്യുന്നത്. സ്‌ക്രീനിൽ വരുന്നവരെല്ലാം നായകന്മാരാണ്. ഒപ്പം നായികമാരും. എങ്കിലും പോസ്റ്ററും പാട്ടുകളും കാളിദാസ് എന്ന നടനെ കേന്ദ്രീകരിച്ച് ആയതുകൊണ്ട് രണ്ടുവാക്ക് പറയാതെ തരമില്ല. അച്ഛനുമായുള്ള സംഭാഷണത്തിൽ നിന്ന് കലയോടുള്ള അഭിനിവേശം വ്യക്തമാണ് ഗൗതമനിൽ. അതുകഴിഞ്ഞ് പണ്ഡിത് കെ. പി കറുപ്പന്റെ ജീവിതാനുഭവം ചേർത്ത് കൊളുത്തിയ ആ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ശൈലി കയ്യടിക്കുവാൻ പ്രേരിപ്പിച്ചു എന്ന് പറയാതെ വയ്യ. അത്ര ഗാംഭീര്യമായിരുന്നു ആ വാക്കുകൾക്ക്. തുടർന്ന് മറ്റാരെയും പോലെ ആൾകൂട്ടത്തിൽ ഒരുവനായി അദ്ദേഹവും മാറി. എന്നാൽ അതിൽ പരിഭവം തോന്നിയതേ ഇല്ല. പിന്നീട് കണ്ടത് സെന്റ് തെരേസയുടെ ചെയർ പെഴ്സ്ൺ ഐറിന്റെ മികച്ച പ്രകടനമായിരുന്നു. നീതാ പോൾ തന്റെ വേഷം ഗംഭീരമാക്കി. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ഓർമയിൽ നിൽക്കുക ഐറിന്റെ വേഷമായിരിക്കും. തന്റെ കൂട്ടാളികൾക്ക് കൊടുക്കുന്ന ഊർജ്ജവും ആവേശവും പകരുന്ന പോസിറ്റിവ് എനർജി ചില്ലറയല്ല.

ഒരു കാവ്യം പോലെയാണ് ചിത്രത്തിലെ കവിതകളും ഗാനങ്ങളുമെല്ലാം തോന്നുക. വരികളിൽ നിറയുന്ന അർത്ഥങ്ങളും ആശയങ്ങളും ആലോചിക്കേണ്ടത് തന്നെയാണ്. പിന്നെ അവ സൃഷ്ടിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതിലടങ്ങിയിരിക്കുന്ന പ്രണയവും വിരഹവും പ്രതിഷേധവുമെല്ലാം ഏറ്റെടുക്കപ്പെടേണ്ടതാണ്. സംഗീതസാന്ദ്രമാണ് ഈ പൂമരം.

കലോത്സവനഗരിയിലെ കാഴ്ചകൾ അതിസുന്ദരമാണ്.ഒരു കല കാണാൻ ടിക്കെറ്റെടുത്ത് പല കലകൾ ആസ്വദിക്കുന്ന അനുഭൂതിയാണ് ആ സുന്ദരദൃശ്യങ്ങൾ സമ്മാനിക്കുക. ഒരു ക്യാമറയുമായി അവിടെ മുഴുവൻ ചുറ്റിക്കാണുന്ന ഫീൽ ആണ് അവ നൽകിയത്.

🔻FINAL VERDICT🔻

ക്യാമ്പസ് സിനിമകളിൽ വ്യത്യസ്തമായ ഒരനുഭവമാണ് പൂമരം സമ്മാനിച്ചത്. കലകളും കവിതകളും തുളുമ്പുന്ന ഒരു ക്യാമ്പസിൽ പര്യടനം നടത്തിയ അനുഭൂതിയാണ് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തോന്നിയത്. മനസ്സിൽ എങ്ങോ മാഞ്ഞ ഒരുപിടി ഓർമ്മകളും അനുഭവങ്ങളും വീണ്ടും ഉണർത്തിയ ഒരു സുന്ദരമായ ചിത്രം. എന്നാൽ സംവിധായകൻ സംവദിക്കാൻ ഉദ്ദേശിച്ച കാര്യം അതിന്റെ പൂർണ്ണതയിൽ എത്തിയോ എന്നുള്ളത് സംശയമാണ്. എങ്കിലും വ്യത്യസ്തതകളെ ആശ്രയിക്കുന്ന സംവിധായകൻ ആബ്രിഡ് ഷൈനെ കയ്യടിച്ച് അഭിനന്ദിക്കേണ്ട ശ്രമമാണ് പൂമരം.

MY RATING :: ★★★½

You Might Also Like

0 Comments