സുഡാനി ഫ്രം നൈജീരിയ (2018) - 123 min

March 26, 2018

ചില സിനിമകൾ പ്രേക്ഷകമനസ്സിൽ ഇടം നേടുക അത് സംസാരിക്കുന്ന ഭാഷയുടെ ലാളിത്യം കൊണ്ടാണ്. എത്ര പ്രാധാന്യമുള്ള വിഷയമാണെങ്കിലും അതിഭാവുകത്വം കൂടാതെ അവതരിപ്പിച്ചാൽ അവ ചിലപ്പോ കൂടുതൽ ഹൃദയസ്പർശി ആയേക്കാം.


മലയാളസിനിമയിൽ പണ്ടുമുതൽ തന്നെ തെറ്റിദ്ധാരണകൾക്ക് വിധേയമാക്കപ്പെട്ട ഒരു സമൂഹമാണ് മലപ്പുറം-കോഴിക്കോട് ഭാഗത്തെ മുസ്ലിം സമൂഹം. അരയിൽ പച്ചബെൽറ്റും തലയിൽ തൊപ്പിയും നെഞ്ചോളം നീളമുള്ള താടിയുമൊക്കെയായി അപരിഷ്കൃതരെന്ന് മുദ്രകുത്തിയ പല സിനിമകളും കഥാപാത്രങ്ങളും പരിശോധിച്ചാൽ കാണാൻ സാധിക്കും. കിളിച്ചുണ്ടൻ മാമ്പഴം അടക്കമുള്ള സിനിമകളിൽ വളരെ വികലമായി സൃഷ്ടിക്കപ്പെട്ട ഒരുപറ്റം കഥാപാത്രങ്ങളും സന്ദർഭങ്ങളും അവരെപ്പറ്റിയുള്ള തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരം സിനിമകൾക്കിടയിൽ ഒരപവാദമായി മാറിയത് KL 10 എന്ന ചിത്രമായിരുന്നു. ഒരുപക്ഷേ ആ പൊതുബോധത്തെ ആദ്യമായി തച്ചുടച്ച ചിത്രം അത് തന്നെയാവും.

ആലപ്പുഴയാണ് എന്റെ നാട്. ഓർമ്മവെച്ച കാലം മുതൽക്കേ ഫുട്ബോൾ മനസ്സിൽ കൂടിക്കയറിയിരുന്നു. വാപ്പിച്ചിയും സഹോദരങ്ങളുമെല്ലാമായി വേൾഡ് കപ്പ് കാണാൻ ടി.വിക്ക് മുന്നിൽ കൂട്ടം കൂടിയിരിക്കുന്നത് ഇപ്പോഴും മനസ്സിലെ മായാത്ത ഓർമ്മകളിൽ ഒന്നാണ്. ശേഷം കാഴ്ച നേരിട്ടായി. ആലപ്പുഴയിലെ ഫുട്ബോൾ ക്ലബുകൾ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂര്ണമെന്റുകളിലെ സ്ഥിരം കാണികളിൽ ഒരുവനായിരുന്നു ഞാൻ. എന്നാൽ അവിടെയെല്ലാം എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത എന്തെന്നാൽ, മലപ്പുറം ടീം കളിക്കാൻ ഉണ്ടെങ്കിൽ കാണികളുടെ സിംഹഭാഗവും അവരുടെ പിന്തുണക്കാരായിരിക്കും എന്നതാണ്. അപ്പോഴാണ് ബോധ്യമായത് മലപ്പുറവും ഫുട്ബോളും തമ്മിലുള്ള ബന്ധം. ISLന് പോലും കളി നേരിട്ട് കാണാൻ മലപ്പുറത്ത് നിന്ന് കാണികൾ എത്തുന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുവന്റെ ജനനത്തിൽ തന്നെ ചോരയിൽ അലിഞ്ഞുചേരുന്ന ഒന്നാണ് ഫുട്ബോൾ.

ഫുട്ബോൾ മജീദിന് കേവലം പണമുണ്ടാക്കാനുള്ള ഒരുപാധി മാത്രമല്ല. അതിന്റെ വീറും വാശിയും മറ്റെന്തിനേക്കാളും അവനെ സന്തോഷവാനാക്കുന്നുണ്ട്. ജീവിതത്തിൽ പരാജയം അനുഭവിക്കുന്നത് പലപ്പോഴും സഹിക്കാമെങ്കിലും ഫുട്ബോളിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഫുട്ബോൾ വേൾഡ് കപ്പുകളെക്കാൾ സെവൻസിനാണ് ആവേഷമുള്ളത് എന്ന വിശ്വാസം പുലർത്തിക്കൊണ്ട് നടക്കുന്ന ഒരുവനാണ് മജീദ്. അതുകൊണ്ട് തന്നെയാണ് കയ്യിൽ പണമില്ലാഞ്ഞിട്ടും ഒരു ക്ലബ്ബിന്റെ മാനേജരായി സേവനം അനുഷ്ഠിക്കുന്നത്. അദ്ദേഹത്തിന്റെ ക്ലബ്ബിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സുഡാനികളാണ്. ആഫ്രിക്കൻ കളിക്കാർക്ക് മുഴുവനായി കാണികൾ നൽകിയ വിളിപ്പേരാണ് സുഡാനികളെന്ന്.

അദ്ദേഹത്തിന്റെ ക്ലബ്ബിലെ സുഡാനികളിൽ ഏറ്റവും ഒരമുഖനാണ് സാമുവൽ. നൈജീരിയയിൽ നിന്നുള്ള ഇറക്കുമതി. കളി തുടങ്ങിയ നാൾ മുതൽ ഒരുപാട് കാണികളെ അദ്ദേഹം തന്റെ ആരാധകരാക്കി. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പരിക്ക് പറ്റിയ സാമൂവലിന്റെ സംരക്ഷണം മജീദിന് ഏറ്റെടുക്കേണ്ടി വരുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാവുന്ന ആത്മബന്ധമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെ പടുത്തുയർത്താൻ സംവിധായകൻ ഉപയോഗിച്ചത് മലപ്പുറത്തെ മണ്ണാണ്. അവിടുത്തെ ഫുട്ബോളാണ്. കാരണം അവിടുത്തെ ഓരോ തൂണിലും തുരുമ്പിലും അലിഞ്ഞുചേർന്നിരിക്കുന്ന ഒന്നാണ് ഫുട്ബോളും അതിന്റെ ആവേശവും. ഈ പ്രമേയത്തെ പ്ലേസ് ചെയ്യാൻ കേരളത്തിൽ ഇതിലും വളക്കൂറുള്ള മണ്ണ് ഉണ്ടെന്ന് തോന്നുന്നില്ല. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ആദ്യം തോന്നിയത് ഇതാണ്. അത്ര ഗംഭീരമായാണ് അവ ഇഴുകിച്ചേർന്ന് കിടക്കുന്നത്. സാമൂഹിക ജീവിതത്തിൽ ഇത്രയേറെ ഇഴുകിച്ചേർന്ന് കിടക്കുന്ന കാല്പന്തുകളിയെ മനുഷ്വത്വത്തിന്റെ വെളിച്ചത്തിൽ സുന്ദരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ സക്കറിയ.

ഫുട്ബോളിന്റെ ഭാഷയിലാണ് മജീദ് സുഡാനികളുമായി സംവദിച്ചിരുന്നത്. അവർക്കിടയിൽ ഒരുപോലെ നിൽക്കുന്ന ഘടകം അത് മാത്രമായിരുന്നു. എന്നാൽ മജീദിന്റെ വീട്ടിലേക്ക് സുഡാനി എത്തുമ്പോൾ ഭാഷയുടെ പരിവർത്തനം കാണാൻ സാധിക്കുന്നു. വീടിന്റെ നാല് ചുവർകൾക്കപ്പുറം വ്യാപിച്ച് കിടക്കുന്ന മജീദിന്റെ കുടുംബത്തിലെ മറ്റെല്ലാവരും സുഡാനിയുമായി സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാണ്. മനുഷ്വത്വത്തിന്റെ ഭാഷയിലാണ്. ഭാഷകളും ദേശങ്ങളും സ്നേഹത്തിന് അതീതമാണെന്ന സാർവ്വലൗകികമായ സത്യം ഓർമ്മപ്പെടുത്തുകയാണ് ചിത്രം.

KL 10ലൂടെ മുഹ്സിൻ പെരാറി പറഞ്ഞുവെച്ച കുറെ രാഷ്ട്രീയങ്ങളുണ്ട്. അതീവശ്രദ്ധ ആർഹിച്ചിരുന്നവയാണ് അവയിൽ ഭൂരിഭാഗവും. അതുവരെ മലയാള സിനിമയിൽ ഏതോ അജണ്ട കണക്കെ കെട്ടിപ്പടുത്ത കപട പൊതുബോധത്തിനുള്ള ഒരു കൊട്ട് കൂടിയായിരുന്നു അത്. മുസ്ലിം സമൂഹത്തിന്റെ കഥാപരിസരങ്ങളിൽ പൊതുവെ കാണപ്പെട്ട് വരുന്ന ഗിമ്മിക്കുകളെ എല്ലാ വിധത്തിലും ഒഴിവാക്കിക്കൊണ്ടുള്ള, യാതൊരു കൂട്ടിച്ചേർക്കലുകളുമില്ലാത്ത വളരെ സ്വാഭാവികമായ അവതരണമാണ് സക്കറിയ കൈപ്പറ്റിയിരിക്കുന്നത്. ജാതി-മത ഭേതമന്യേ ഏവരും ഒരുപോലെ വസിക്കുന്ന നാട്. ഭാഷയോ മതമോ നോക്കാതെ വീട്ടിൽ വരുന്ന ആരെയും ഊട്ടാൻ ആഗ്രഹിക്കുന്ന ഉമ്മമാർ. അതിൽ സന്തോഷം കൊള്ളുന്ന അവർ പ്രതീകങ്ങളാണ്. സ്നേഹത്തിന്റെ. പ്രതീകങ്ങൾ.

അതുപോലെ തന്നെയാണ് മുസ്ലിം സ്ത്രീകളുടെ വിദ്യാഭാസത്തെയും അവരുടെ സാമൂഹിക ജീവിതത്തെ പറ്റിയും ചിത്രം സംസാരിക്കുന്നത്. പെണ്ണ് കാണാൻ വന്ന ചെറുക്കന്റെ മുഖത്ത് നോക്കി "im sorry" എന്ന് പറയാൻ ധൈര്യപ്പെടുന്ന പെണ്കുട്ടിയെയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക. അതിലും അസ്വാഭാവികമായി ഒന്നുമില്ല എന്നത് തന്നെയാണ് ആ രംഗങ്ങളുടെ മേന്മ കൂട്ടുന്നത്. ഒരുപക്ഷേ ഈ കാലഘട്ടത്തിൽ ജീവന് ഏറ്റവും കൂടുതൽ ഭീഷണി നേരിടേണ്ടി വരിക മുസ്ലിം പൗരന്മാർക്കാണ്. NIAയും UAPAയുമൊക്കെ അവരോടൊപ്പം ചേർത്ത് വായിക്കപ്പെടുമ്പോൾ സുരക്ഷിതത്വമില്ലാത്ത ഒരു സമൂഹത്തെക്കൂടി കാട്ടിത്തരുന്നു ചിത്രം.

സംവിധായകന്റെ അസാധ്യ നിരീക്ഷണപാടവം ചിത്രത്തിലുടനീളം വീക്ഷിക്കാനാവുന്നുണ്ട്. രണ്ട് ഉമ്മമാർ തമ്മിലുള്ള സൗഹൃദവും അവരുടെ സ്നേഹവും മമ്പറത്ത് നേർച്ച പോവുന്നതും അതോടൊപ്പം തന്നെ ഭിക്ഷക്കാർക്കായി ഒരു പാത്രത്തിൽ പൈസ കരുതിവെക്കുന്നതുമൊക്കെ സുന്ദരമായ കാഴ്ചകളാവുന്നു. ഫുട്ബോളിനെ പ്രതിനിധാനം ചെയ്യുന്ന പല കാഴ്ചകളിലൂടെയും ക്യാമറ കടന്നുപോവുന്നുണ്ട് പലയിടങ്ങളിലും. രാവിലെ പന്തുമെടുത്ത് ഇറങ്ങി സന്ധ്യക്ക് തിരിച്ചുകയറുന്ന ഒരുപറ്റം കുട്ടികളും ഫുട്ബോളിന്റെ പേരിൽ ഊറ്റം കൊള്ളുന്ന മലപ്പുറത്തെ പ്രേമികളുമൊക്കെ നിരീക്ഷണപാടവത്തിന്റെ തെളിവുകളാണ്. 

കാല്പന്തുകളിയുടെയും മലപ്പുറത്തെ മനുഷ്വത്വത്തിന്റെയും മണ്ണിൽ നിന്ന് സംവിധായകൻ നമ്മെ ആനയിക്കുന്ന മറ്റൊരു ലോംകമുണ്ട്.  ഭരണ അസ്ഥിരതകളിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന, ക്രൂശിക്കപ്പെടുന്ന ഒരുപറ്റം മനുഷ്യരുടെ ലോകത്തേക്ക്. അഭയാർഥികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മനുഷ്യരുടെ ലോകത്തേക്ക്. ആവശ്യത്തിന് പോലും വെള്ളം ലഭിക്കാത്ത, പ്രാഥമികസൗകര്യങ്ങൾ പോലും വിരളമായ ഒരുപറ്റം മനുഷ്യർ. സ്വന്തം ജീവൻ പോലും ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാമെന്ന് ബോധ്യമുള്ള ഒരുപറ്റം സാധുജനങ്ങൾ. അവരുടെ ലോകത്തേക്ക് കൂടിയാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്. രോഹിങ്ക്യൻ അഭയാർഥികളുടെ പേരിൽ വിവാദങ്ങൾ ആഞ്ഞടിച്ച സാഹചര്യത്തിൽ കണ്ണുതുറപ്പിക്കുന്ന കാഴ്ചകളാവുന്നു അവ. സെനോഫോബിയ നിലകൊള്ളുന്ന ഈ കാലത്തും അത് പുലർത്തുന്നവരുടെ മുന്നിലേക്ക് വെച്ചുതന്ന കണ്ണാടിയാണ് ഈ ചിത്രം. അതിൽ കാണുക നമ്മുടെ തന്നെ സഹോദരന്റെ മറുചിത്രമാവും എന്ന് മാത്രം.


ദൃശ്യശ്രാവ്യമികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് സുഡാനി ഫ്രം നൈജീരിയ. റെക്സ് വിജയന്റെയും ഗാരി പെരേരയുടെയും പശ്ചാത്തലസംഗീതം കഥാസന്ദർങ്ങളുമായി സുന്ദരമായി ലയിച്ച് ചേരുന്നവയാണ്. അവയുടെ ശ്വാസവും താളവും രേഖപ്പെടുത്തുന്നുമുണ്ട് ചിത്രത്തിൽ. കൂടെ കാല്പന്തുകളിയുടെ ഊറ്റം കൊള്ളൽ കാട്ടിത്തരുന്ന "കുറാഹ്' ഗാനവും ആവേശമുണർത്തുന്നതാണ്. അതിന് ശേഷം ഒരു ഓളം പോലെ ഒഴുകിയെത്തുന്ന ചെറുകഥ പോൽ എന്ന ഗാനവും കിനാവുകൊണ്ടൊരു എന്ന ഗാനവും ഇഴചേർന്ന് കിടക്കുന്നത് വൈകാരികത കൂട്ടുന്ന രീതിയിലാണ്.

ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഭാഷ കൈകാര്യം ചെയ്യുന്ന രീതിയാണ്. പലപ്പോഴും സംസാരശൈലിയിൽ നർമ്മങ്ങൾ പടച്ചുവിടുന്നതിന് പലപ്പോഴും നാം സാക്ഷിയായിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഒരൊറ്റ സന്ദർഭങ്ങളിൽ പോലും കൃത്രിമമായി അവ ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമല്ല, സ്വാഭാവിക നർമ്മങ്ങൾ അല്ലാതെ മറ്റൊന്നുമില്ല എന്നത് കൂടിയാണ്. കൂടെ കഥാപാത്രങ്ങൾ നോക്കിയാലും അനാവശ്യമായി ഒന്ന് പോലും തിരുകിച്ചേർത്തിട്ടില്ല എന്നുകൂടി കാണാൻ കഴിയും. അവരെല്ലാം അവിടെ ചുറ്റുമുള്ളവർ തന്നെ എന്ന തോന്നലാണ് കാഴ്ചയിലുടനീളം കാണാൻ സാധിക്കുക. കോമഡി പീസുകളായോ രംഗം കൊഴുപ്പിക്കാനുള്ള ഉപകരണങ്ങളായോ ഒരൊറ്റ കഥാപാത്രങ്ങളെ പോലും ഉപയോഗിച്ചിട്ടില്ല എന്നത് കയ്യടി അർഹിക്കുന്ന കാര്യമാണ്.

ഇനി ചിത്രത്തിൽ അഭിനയിച്ചവരിലേക്ക്, അല്ല ജീവിച്ചവരിലേക്ക് കടക്കാം. സൗബിൻ സാഹിർ മാത്രമാണ് കേന്ദ്രകഥാപാത്രങ്ങളിൽ കണ്ടുപരിചിതമായ മുഖമായി തോന്നിയത്. സൗബിൻ എന്ന നടന്റെ അസാമാന്യ പ്രകടനത്തിന് സാക്ഷിയാവാം മജീദ് എന്ന കഥാപാത്രത്തിലൂടെ. ചില രംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ അഭിനയപാടവം പരമാവധി പുറത്തുകൊണ്ടുവരാൻ മജീദ് എന്ന കഥാപാത്രത്തിനായി. പിന്നീട് മനസ്സിൽ കയറിക്കൂടിയത് സ്നേഹം ഭാഷയാക്കിയ ആ ഉമ്മമാരാണ്. ഒരായിരം ഉമ്മകൾ ജമീലുമ്മക്കും ബീയുമ്മക്കും. ഇത്രയേറെ ഇഷ്ടം പിടിച്ചുപറ്റിയ ഉമ്മമാർ ഉണ്ടാവില്ല. ബോൾഡ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സമീപകാല സിനിമകൾക്കിടയിൽ വരച്ചിടേണ്ട രണ്ട് കഥാപാത്രങ്ങൾ തന്നെയാണ് അവരുടേത്. ഈ ചിത്രത്തിൽ നായികക്ക് പകരം ഇവരെ പ്ലേസ് ചെയ്തത് മികച്ച കഥാപാത്രനിർമ്മിതിയുടെ ഭാഗമായിരുന്നു. ഇടവേളക്ക് തൊട്ടുമുമ്പുള്ള രംഗങ്ങളിൽ അത് പ്രകടമാവുകയും ചെയ്തിരുന്നു.

ഉമ്മമാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും കഥയുടെ ശ്വാസമായിരുന്നു പലപ്പോഴും. അവരുടെ ശരീരഭാഷയിലും സംസാരശൈലിയിലുമൊക്കെ എന്തൊരു അനായാസവഴക്കമായിരുന്നു എന്നത് കണ്ടറിയേണ്ട കാഴ്ച്ചയാവുന്നു. പിന്നെ സുഡാനിയായി വന്ന സാമുവൽ റോബിൻസണിന്റെ മികച്ച പ്രകടനവും പ്രശംസ അർഹിക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത പല വഴിത്തിരിവുകളും ആ കഥാപാത്രത്തിൽ ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കെ ടി സി അബ്ദുള്ളയുടെ പുയ്യാപ്ല റോളാണ് ചിത്രത്തിൽ ആദ്യമായി കരയിച്ചത്.അസാധ്യ പ്രകടനം തന്നെ. ആ രംഗവും..!

KL 10ലൂടെ മലപ്പുറത്തെ ഫോർവെഡ് ഗിയറിട്ട് മുന്നോട്ട് നയിച്ചത് മുഹ്സിൻ പെരാറി ആയിരുന്നുവെങ്കിൽ ഗിയർ വീണ്ടും മുന്നോട്ട് ഷിഫ്റ്റ് ചെയ്യുന്നത് സക്കറിയ ആണ്. മുഹ്സിനും അതിന്റെ ഭാഗമാണ്. ഇരുവരും ചേർന്ന് ചേർന്ന് രചിച്ച തിരക്കഥയും ഡയലോഗുകളും സ്ക്രീനിൽ പകർത്തിയപ്പോൾ സംവിധായകന്റെ കുപ്പായമണിഞ്ഞത് സക്കറിയയാണ്. നവാഗതൻ ആണെങ്കിൽ കൂടി അതിന്റെ യാതൊരു പതർച്ചകളും ചിത്രത്തിൽ കാണാൻ സാധിക്കില്ല. എത്ര ഭംഗിയായിട്ടാണ് ഓരോ രംഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച ഒരു ക്രാഫ്റ്റ്മാനെ അദ്ദേഹത്തിൽ ദർശിക്കാനാവും. മലയാളസിനിമക്ക് ഒരു ഭാവി വാഗ്ദാനം തന്നെയാണ് അദ്ദേഹം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


സുഡാനിയുടെ കാഴ്ചകളെ ഇത്രമേൽ റിയലിസ്റ്റിക്ക് ആക്കുന്നതിൽ ക്യാമറാമാൻ ഷൈജു ഖാലിദിന് നിർണ്ണായക പങ്കുണ്ട്. പ്രേക്ഷകനും ആ പരിസരങ്ങളിൽ ഇഴുകിച്ചേരുന്ന കാഴ്ചകളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. സ്വാഭാവികതയോട് അങ്ങേയറ്റം ചേർന്നുനിൽക്കുന്ന ദൃശ്യപരിചരണം എല്ലാ തലത്തിലും ഒരുപോലെ പ്രീതി പിടിച്ചുപറ്റുന്നു. ഫുട്ബോൾ ഗ്രൗണ്ട് മുതൽ അഭയാർഥികളുടെ കാഴ്ച്ചകൾ വളരെ വിശ്വാസനീയമാം വിധം ഗംഭീരമായി പകർത്തിയിട്ടുണ്ട് ഷൈജു. കൂടെ നൗഫൽ അബ്ദുള്ളയുടെ കൃത്യമായ എഡിറ്റിങ്ങ് കൂടിയാവുമ്പോൾ ദൃശ്യമികവിന്റെ, റിയലിസ്റ്റിക്കിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ് സുഡാനി.

മിക്ക ഫുട്ബോൾ കളികളുടെയും അവസാനം, ഇരുടീമംഗങ്ങളും അതുവരെയുള്ള വൈരങ്ങൾ മറന്ന് ജേഴ്സി കൈമാറ്റം ചെയ്യാറുണ്ട്. അതുപോലെ ഒന്ന് തന്നെയാണ് സുഡാനിയിലെ കൈമാറ്റവും സാക്ഷ്യപ്പെടുത്താനാവുക. ഒരു മനുഷ്യൻ, ഭാഷയോ ദേശമോ ഒരു പ്രതിബന്ധമല്ലാതെ മറ്റൊരുവനിൽ നടത്തുന്ന മാനവികപരിവർത്തനത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ് സുഡാനി. അവയൊക്കെ വെറും ദൃശ്യപരിചരണത്തിലൂടെ കൈമാറ്റം ചെയ്യുന്നതിലെ അസാധാരണമികവ് അംഗീകരിക്കപ്പെടേണ്ടത് തന്നെ. സ്വാഭാവിക ഡയലോഗുകളുടെ വെളിച്ചത്തിൽ ഇത്രയേറെ കാര്യങ്ങൾ വിളിച്ചോതുക സാധ്യമോ.? തീർത്തും അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെ.

പലപ്പോഴും കണ്ണുകളെ ഈറനണിയിക്കുന്ന വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്തതിലെ കയ്യടക്കവും പക്വതയും മാതൃകയാക്കേണ്ടത് തന്നെയാണ്. നെടുനീളൻ ഡയലോഗുകളുടെ സഹായമില്ലാതെ, സിനിമാറ്റിക്ക് ഏലമെന്റ്സുകൾ പേരിന് പോലും ചേരുവയായി ചേർക്കാതെ, അത്രമേൽ ഹൃദയസ്പർശിയായ കാഴ്ചകളാവുന്നു അവ. മാനവികതയുടെ സ്വരമായി ഉയരുന്ന ചിത്രം മിനിമലിസത്തിന്റെ മനോഹരകാഴ്ച്ചകൾ സമ്മാനിക്കുന്നവയാണ്.

കണ്ടിട്ടും മതിവരാത്ത കാഴ്ചകളുടെ, എഴുതിയിട്ടും മതിവരാത്ത കുറിപ്പുകളുടെ ബാക്കിപത്രമാണ് സുഡാനി ഫ്രം നൈജീരിയ. പുതിയൊരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന സുഡാനി അത്യപൂർവ്വ കാഴ്ചയാണ് ഒരുക്കിവെച്ചിരിക്കുന്നത്.

🔻FINAL VERDICT🔻

ഇതൊരു പ്രതിഭാസമാണ്. മലയാളസിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസം. സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ച, ഹൃദയത്തിൽ നിന്ന് രചിച്ച ഒന്ന്. സാർവ്വലൗകികമായ ഈ ചിത്രത്തിന് ഒറ്റ ഭാഷയെ കാണൂ. കാരണം സ്നേഹത്തിന്, മനുഷ്വത്വത്തിന് എല്ലായിടത്തും ഒരേ ഭാഷയാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ഗോളടിച്ച് കൂട്ടട്ടെ സുഡാനിയും കൂട്ടരും. നേരത്തെ പറഞ്ഞത് പോലെ, സക്കറിയാ നിങ്ങൾ മലയാളസിനിമക്ക് സംഭാവന ചെയ്ത പൊൻതൂവലാണ് ഈ ചിത്രം. മലയാളസിനിമയുടെ ഭാവി വാഗ്ദാനം തന്നെയാണ് താങ്കൾ. ഇനിയും മലയാളസിനിമയുടെ വളർച്ചയിൽ താങ്കളുടെ പേരും കൂട്ടിയെഴുതപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിറകണ്ണുകളോടെ കയ്യടി ആർപ്പിച്ചുകൊണ്ട് കണ്ടു മതിവരാത്ത കാഴ്ച്ചകൾ വീണ്ടും കാണാൻ വരുമെന്ന് മനസ്സിൽ ഉറപ്പിച്ചാണ് തീയേറ്റർ വിട്ടതും.

ഒഴിവാക്കാൻ പാടില്ലാത്ത ഒരനുഭവം. അതാണ് സുഡാനി കരുതിവെച്ചിരിക്കുന്നത്. സ്നേഹത്തിന്റെയും മനുഷ്വത്വത്തിന്റെയും ഊഷ്മളതയുടെ, മലപ്പുറത്തിന്റെ നിഷ്കളങ്കതയുടെ, സാർവ്വലൗകികമായ കാഴ്ചപ്പാടുകളുടെ, പൊളിറ്റിക്കൽ ചിന്തകൾക്ക് വഴിതെളിക്കുന്ന സ്റ്റേറ്റ്‌മെന്റുകളുടെ, സൗഹൃദത്തിന്റെ ആഴങ്ങളുടെ കാല്പന്തുകളിയുടെ ആവേശത്തിന്റെ, കലർപ്പില്ലാത്ത മാനവികതയുടെ, അഭയാർഥികളുടെ ഞെട്ടലുകളുടെ അതിഗംഭീരമായ കാഴ്ച. തീയേറ്ററിൽ തന്നെ ഈ ചിത്രം കാണുക. കാരണം കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന ചിത്രങ്ങൾ എപ്പോഴും ലഭിക്കുക സാധ്യമല്ലല്ലോ.

സക്കറിയാ.. ഫലമെന്ത് കൊണ്ടും തീർച്ച..!! 

MY RATING :: ★★★★★

You Might Also Like

0 Comments