Mucize -AKA- The MIracle
December 01, 2018🔻ചില സിനിമകൾ നമ്മെ വല്ലാതെ സ്പർശിക്കാറുണ്ട്. അവ നമ്മെ ഒരുപാട് മോഹിപ്പിക്കും. അത്തരത്തിലുള്ളവ വിരളമാണ്. അങ്ങനെയൊരു അനുഭവമായിരുന്നു Mucize.
Year : 2015
Run Time : 2h 16min
🔻1960കളിലാണ് കഥ നടക്കുന്നത്. തുർക്കിയിലെ ഒരു ഗ്രാമപ്രദേശത്തിലേക്ക് ട്രാൻസ്ഫർ കിട്ടി വരികയാണ് മാഹിർ. കുടുംബത്തെ വിട പറയുന്നതിൽ അതീവ ദുഖിതനായ അദ്ദേഹം മനസ്സില്ലാമനസ്സോടെ അവിടേക്ക് ചെല്ലുന്നു. വാഹനഗതാഗതം പോലും സാധ്യമല്ലാത്ത അവിടേക്ക് മാഹിർ എത്തിച്ചേരുമ്പോൾ ഇരുകയ്യും നീട്ടി അവിടെയുള്ളവർ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. തുടർന്ന അദ്ദേഹത്തിലൂടെ കഥ വികസിക്കുന്നു.
🔻ഒരു നാടിന്റെ സംസ്കാരത്തെ ഇത്ര ഭംഗിയായും വൃത്തിയായും പരിചയപ്പെടുത്തുന്ന കാഴ്ച്ച അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. Borat അടക്കമുള്ള സിനിമകളിൽ വളരെ വികലമായി കൈകാര്യം ചെയ്തിരിക്കുന്ന ഈ രീതി പൊളിച്ചടുക്കുകയാണ് ഈ ചിത്രം. നർമ്മരംഗങ്ങൾക്കായി ചില കല്യാണരംഗങ്ങൾ പടച്ചതാണെന്ന തോന്നൽ നമ്മിൽ ഉണ്ടാക്കി ഏറ്റവും ഒടുവിൽ അതിനെയും മനോഹരമായി കവച്ചുവെച്ച രീതി പ്രശംസനീയമാണ്. അത്തരത്തിൽ ഒരുപാട് പ്രത്യേകതകൾ അവതരണത്തിൽ കാണാനാവും. ആ നാടിനെയും നാട്ടുകാരെയും നമ്മൾ വല്ലാതെ ഇഷ്ടപ്പെടും.
🔻മാഹിറിനെ ഫോക്കസ് ചെയ്ത് കഥ മുന്നോട്ട് പോവുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊന്നിലേക്ക് തെന്നിമാറുന്ന ആവിഷ്കാരതന്ത്രം കയ്യടി അർഹിക്കുന്നത് തന്നെ. നമ്മൾ പോലും അറിയാതെ ആ വഴുതിമാറൽ നമ്മെ അത്ഭുതപ്പെടുത്തും. പിന്നീട് അസീസിനെ മുൻനിർത്തി ഒരുക്കിയ രംഗങ്ങൾ മനുഷ്യത്വവും സ്നേഹവും വിളംബരം ചെയ്യുന്നുണ്ട്. അവയൊക്കെയും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നുമുണ്ട്.അത്തരത്തിൽ സ്നേഹത്താൽ നെയ്തെടുത്ത ഒരു പറ്റം മനുഷ്യരുടെ ജീവിതമാണ് Mucize. അതോടൊപ്പം ഭംഗിയായി കോർത്തിണക്കിയ നർമ്മരംഗങ്ങളും കണ്ണുകളെ ഈറനണിയിക്കുന്ന സന്ദർഭങ്ങളും നമ്മുടെ മനസ്സിനോട് ചേർന്നുനിൽക്കും. എന്നാൽ ഒടുവിൽ സിനിമ അവസാനിച്ച ഭാഗം അൽപ്പം നിരാശ നൽകിയെങ്കിലും ഫലത്തിൽ പൂർണ്ണമായും ആസ്വാദനം മറ്റൊരു തലത്തിലായിരുന്നു.
🔻അസീസ് ആയി ജീവിച്ച നടന്റെ പ്രകടനം. അതിപ്പോ എന്താ പറയ്ക. അത്ര ജീവനാണ് ആ കഥാപാത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്നത്. അസീസിന്റെ മാനസികവിസ്ഫോടനങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് കൺവെ ചെയ്യാൻ അദ്ദേഹത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്. കൂടെ കുട്ടികളടക്കം തങ്ങളുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
🔻ഓരോ ഫ്രെയിമിലും വർണ്ണശബളമായ വിഷ്വൽസ് ഒരുക്കി അമ്പരപ്പിക്കുന്നുണ്ട് ഛായാഗ്രാഹകൻ. ആ നാടിന് ഇത്ര ഭംഗിയോ എന്ന് തോന്നിപ്പോവും. ഒരിക്കലെങ്കിലും അവിടെയൊന്ന് സന്ദർശിക്കാനുള്ള മോഹം മനസ്സിൽ ഉദിക്കും. ഒപ്പം ഭംഗിയായി പശ്ചാത്തലത്തിൽ വരുന്ന സംഗീതവും ഓരോ രംഗങ്ങളുടെയും ശ്വാസതാളം ആവുന്നുണ്ട്.
🔻FINAL VERDICT🔻
എല്ലാ അർത്ഥത്തിലും ഒരു സിനിമാ സ്നേഹിയെ മോഹിപ്പിക്കും ഈ ചിത്രം. കഥയിലും അവതരണത്തിലും ഫ്രെയിമുകളിലും പശ്ചാത്തലസംഗീതത്തിലും അവരവരുടെ കരവിരുത് പ്രകടമാവുമ്പോൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കുറെ ജീവിതങ്ങൾ നമ്മിലേക്ക് കുടിയേറും. വിരളമായി മാത്രം ലഭിക്കുന്ന ഈ അനുഭൂതി നഷ്ടപ്പെടുത്താതിരിക്കുക.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments