കൂടെ (2018) - 155 min

July 15, 2018



"കനവ് പോൽ കൂടെയാരോ"

അതെ. ശരിയാണ്. എല്ലാം ജോഷ്വായുടെ കനവാണ്. ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണുകയാണ് ജോഷ്വാ. പഠനത്തിലും ഫുട്ബോളിലുമൊക്കെ മികവ് പുലർത്തിയിരുന്ന ജോഷ്വാക്ക് അതിൽ നിന്നൊക്കെയും പിന്മടങ്ങേണ്ട കാലം വിദൂരമായിരുന്നില്ല. ഒരു അനിയത്തിക്കുട്ടി പിറന്നതിൽ അതിയായി സന്തോഷിച്ച ഒരുവന് അവളുടെ ആരോഗ്യം കാക്കാൻ പതിനഞ്ചാം വയസിൽ തന്നെ കടൽ കടക്കേണ്ട അവസ്ഥയായിരുന്നു. പിന്നീട് സംഭവിച്ചത് അവൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെയാണ് അന്തർമുഖനായ ഒരുവനായി ജോഷ്വ രൂപാന്തരം പ്രാപിച്ചത്.

ചെറുപ്പത്തിൽ അവന്റെ മുഖത്ത് കണ്ടിരുന്ന പ്രസരിപ്പ് ഇപ്പൊൾ ഇല്ല. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ക്ഷീണിതനാണവൻ. താനെന്ന അസ്ഥിത്വം പോലും നഷ്ടപ്പെട്ടിരിക്കുന്നു ഒരുതരത്തിൽ. ആ സമയത്താണ് വീട്ടിലേക്ക് ഒരു തിരിച്ചുവരവ് നടത്തേണ്ട സാഹചര്യം അവനുണ്ടായത്. ആ ദിനങ്ങൾ അവനൊരു മാറ്റത്തിന്റേത് കൂടിയായിരുന്നു. നഷ്ടപ്പെട്ട തന്നെ കണ്ടെത്താനുള്ള ജോഷ്വാക്ക് ലഭിച്ച ഏക അവസരം. അത് ഉപയോഗിക്കാതെ വിട്ടാൽ അവന് ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. വെറും ജീവശ്ചവം മാത്രമായിരിക്കും പിന്നീടുള്ള കാലമത്രയും.

അവിശ്വസനീയമായ കഥാസന്ദർഭം. അതിനെ ഏറ്റവും വിശ്വസനീയമാം വിധം അവതരിപ്പിച്ചിരിക്കുകയാണ് "കൂടെ"യിലൂടെ അഞ്ജലി മേനോൻ എന്ന ക്രാഫ്റ്റ്മേക്കർ. മാനുഷികമൂല്യങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകിയ കഥകളായിരുന്നു അഞ്ജലി മേനോന്റെ ഓരോ സിനിമകളും. തന്റെ മൂന്നാം ചിത്രത്തിലേക്ക് അഞ്ജലി കടക്കുമ്പോൾ അവയുടെ ദൃഢത കടുക്കുന്നു. ആ ബന്ധങ്ങൾ കൂടുതൽ ഹൃദ്യമാവുന്നു. അവ കാണികളിലേക്കും തുളഞ്ഞുകയറുന്നു. കഥയിലെ ഓരോ വ്യത്യാനങ്ങളിൾക്കൊപ്പവും നമ്മുടെ മനസ്സും സഞ്ചരിക്കുന്നു.

യാത്രകൾ പലപ്പോഴും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാറുണ്ടെന്ന് പറയാറുണ്ട്. നമ്മുടെ സ്വഭാവവ്യതിയാനങ്ങൾക്ക് യാത്രകൾക്കും ഒരു പങ്കുണ്ട്. ചില മനുഷ്യർ നമ്മളിലൂടെ, നമ്മുടെ ഉള്ളിലൂടെ ഒരു യാത്ര നടത്താറുണ്ട്. നാമെന്ന വ്യക്തിയെ പൂർണ്ണമായി പരിവർത്തനത്തിന് വിധേയമാക്കുന്ന തരത്തിൽ അവർ നമ്മിൽ ഇഴുകിച്ചേരും. ജോഷ്വായും ജെനിയും അത്തരത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ജോഷ്വായിലൂടെ ജെനി നടത്തിയ യാത്രയാണ് കൂടെ. അല്ലെങ്കിൽ ജെനിയുടെ കൂടെ ജോഷ്വാ നടത്തിയ യാത്ര.


പിന്നീടവൻ ജോഷ്വാ അല്ല. "ച്ചാ"യാണ്. അവിടെ തുടങ്ങുന്നു മാറ്റത്തിന്റെ തുടക്കം. ജെനിയുടെ ഭാഷയിൽ പറഞ്ഞാൽ അതുവരെ 'കടമ' നിർവഹിച്ചവൻ പിന്നീട് ചെയ്യുന്നതെന്തും സ്നേഹത്തിന്റെ ലാളനയോടെയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോൾ അവനിലൊരു പുഞ്ചിരി വിരിയുന്നുണ്ട്. തുടക്കത്തിലേ ചെറിയ മാറ്റങ്ങൾക്ക് ശേഷം പിന്നീടുള്ളവ വ്യക്തിത്വം തന്നെ മാറുക എന്നതായിരുന്നു.


ഒരുപാട് കഥാപാത്രങ്ങളും അതിലുപരി അവരിലൂടെ ഒരുപാട് ബന്ധങ്ങൾക്കും വഴിവെക്കുന്ന കഥയാണ് കൂടെയുടേത്. അച്ഛൻ - മകൻ ബന്ധത്തിൽ തുടങ്ങി സാഹോദര്യവും സൗഹൃദവും അതിനുമപ്പുറം മറ്റെന്തൊക്കെയോ കാട്ടിത്തരുന്നുണ്ട് അഞ്ജലി എന്ന മജീഷ്യൻ. അവയൊക്കെയും ഒരു ഇന്ദ്രജാലം പോലെ സിനിമ കഴിയുമ്പോഴും കൂടെ പോരുന്നുണ്ട്. ബന്ധങ്ങൾ അവയുടെ ആഴത്തിൽ കാട്ടിത്തരികയും മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട് സംവിധായിക. തുടക്കത്തിലേ മെല്ലെപ്പോക്കിന് പ്രേക്ഷകരെ കഥാഗതിയിലേക്ക് പതിയെ വലിച്ചിടുകയാണ്. പിന്നീടങ്ങോട്ടുള്ള ഒഴുക്കിൽ നമ്മളും കൂടെ സഞ്ചരിക്കുന്നു. ഒരു നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നത് പോലെ.

കഥാപാത്രങ്ങളുടെ അസ്ഥിത്വം പൂർണ്ണമായും കാട്ടിത്തരുന്നുണ്ട്. ജോഷ്വായുടെ അച്ഛനയാലും അമ്മയായാലും ക്രിഷ് ആയാലും സോഫിയ ആണെങ്കിലും ജോഷ്വായോളം, അല്ലെങ്കിൽ ജെനിയോളം ഐഡന്റിറ്റി അവർക്കുമുണ്ട്. എല്ലാവരാലും പരസ്പരം ബന്ധപ്പെട്ട് കടക്കുകയാണ്. ഒരാൾ പൂർണ്ണമാവാതെ മറ്റൊരാൾക്ക് പൂർണ്ണത കിട്ടില്ല എന്ന അവസ്ഥ. സമയമെടുത്താണ് ഓരോരുത്തരെയും പരിചയപ്പെടുത്തുന്നതെങ്കിലും അതൊരു വിരസതയുടെ തലത്തിലേക്ക് കടക്കുന്നില്ല. ആ മെല്ലെപ്പോക്കിനും ഒരു സുഖമുണ്ട്. ആസ്വാദനം കൂടുതൽ ഉയരങ്ങളിലേക്ക് കടക്കാൻ അവ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.

അവസാനത്തെ 10 മിനിറ്റ്. അത്ര നേരം ഉണ്ടായിരുന്ന ഒഴുക്കിന് വേഗത കുറഞ്ഞെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അവ. രസച്ചരട് മുറിയാതെ സൂക്ഷിച്ച് പോന്ന കഥപറച്ചിലിൽ സംവിധായികക്ക് ഉണ്ടായിരുന്ന കയ്യടക്കം എവിടെയോ നഷ്ടമായെന്ന് തോന്നി ആ ഘട്ടങ്ങളിൽ. എന്ത് ചെയ്യണമെന്നോ എവിടെ നിർത്തണമെന്നോ അറിയാതെ കുഴങ്ങുന്നത് പോലെ ഒരു തോന്നൽ. എങ്കിലും അവിടെയും മോശമാക്കിയില്ല. തൃപ്തികരമായ ഒരു ഉപസംഹാരം നൽകാൻ സംവിധായികക്ക് ആയിട്ടുണ്ട്. എന്നാൽ തുടക്കം മുതൽ ആ 10 മിനിറ്റിന് മുമ്പുള്ള ഭാഗം വരെ നൽകിയ അനുഭൂതി അതിന് ശേഷം നഷ്ടമായെന്ന് പറയാതെ വയ്യ.

സിനിമയിൽ പൃഥ്വിരാജിനെയോ നസ്രിയയെയോ പാർവതിയെയോ കാണാൻ സാധിക്കില്ല. പകരം ജോഷ്വായും ജെനിയും സോഫിയയും മാത്രം. ഗംഭീരമെന്നെ പറയാനുള്ളൂ. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന് ശേഷം പൃഥ്വിയിലെ നടനെ ഇത്രത്തോളം മികവുറ്റ രീതിയിൽ ഉപയോഗിച്ച കഥാപാത്രം വേറെ കാണാൻ സാധിക്കില്ല. അന്തർമുഖനായ ജോഷ്വായായി ജീവിക്കുകയായിരുന്നു അദ്ദേഹം. 

സിനിമയുടെ പതിഞ്ഞ ഒഴുക്കിന് ചെറുതായെങ്കിലും ജീവൻ വെച്ചത് ജെനിയുടെ വരവോടെയാണ്. നസ്രിയയുടെ തിരിച്ചുവരവിൽ ഇതിലും മികച്ച ഒരു കഥാപാത്രത്തെ നൽകാനാവില്ല. ഹൈ വോൾട്ടേജ് പെർഫോമൻസ് എന്നെ പറയാനുള്ളൂ. എനർജി നിറഞ്ഞുനിൽക്കുന്ന കഥാപാത്രമായിരുന്നു ജെനിയുടേത്. നസ്രിയ തന്റെ തത്വസിദ്ധമായ ശൈലിയിൽ അത് ഗംഭീരമാക്കി.

പാർവ്വതി തന്റെ കഥാപാത്രം അനായാസം കൈകാര്യം ചെയ്തപ്പോൾ ഞെട്ടിച്ചത് രഞ്ജിത്താണ്. ഇത്രത്തോളം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അദ്ധേഹം മുമ്പ് അവതരിപ്പിച്ചിട്ടുണ്ടാവില്ല. തന്നിലെ സംവിധായകനുമപ്പുറം മികച്ച നടനെ കൂടി കാട്ടിത്തരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം. കൂടുതൽ ഉപയോഗപ്പെടുത്താൻ മലയാളസിനിമക്ക് സാധിക്കട്ടെ.

ലിറ്റിൽ സ്വയമ്പ് വീണ്ടും തന്റെ ഫ്രെയിമുകളിലൂടെ അമ്പരപ്പിക്കുന്നുണ്ട് ചിത്രത്തിൽ. എന്തൊരു മനോഹാരിതയാണ് ആ യാത്രയിലുടനീളം. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുത്തിട്ടില്ല. അത്രകണ്ട് കണ്ണഞ്ചിപ്പിക്കുന്നവയാണ് ഓരോ വിഷ്വൽസും. സിനിമയുടെ ജീവനുള്ള ഘടകങ്ങളിലൊന്നാവുന്നുണ്ട് ഛായാഗ്രഹണം. രഖു ദീക്ഷിത്തും ജയചന്ദ്രനും ചേർന്നൊരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും സുന്ദരമാണ്. സന്ദർഭങ്ങളുടെ ആക്കം കൂട്ടാൻ അവ ഒരുപാട് സഹായിച്ചിട്ടുണ്ട്. പാട്ടുകൾ ഒരിക്കലും സമയദൈർഘ്യം കൂട്ടുന്ന ഒന്നായി മാത്രം ഒതുങ്ങിയില്ല. കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു അവ.

🔻FINAL VERDICT🔻

ഹൃദ്യവും മനോഹരവുമായ കഥ പങ്കുവെക്കുന്ന സുന്ദരമായ ചിത്രം. സിനിമ കണ്ട് പോരുമ്പോൾ ജോഷ്വായും ജെനിയും നമ്മുടെ കൂടെയുണ്ടാവും. ചിരിയും നൊമ്പരവും ഒരു സ്ലോ പോയിസൺ കണക്കെ മനസ്സിലേക്ക് പകർന്നു നൽകും ഇരുവരും. മികച്ച അനുഭൂതി തന്നെയാണ് അജ്ഞലി മേനോൻ ഇത്തവണ സമ്മാനിച്ചത്. അത്രപെട്ടെന്ന് മനസ്സിൽ നിന്ന് പടിയിറക്കാൻ സാധിക്കാത്ത ഒന്ന്.

MY RATING :: ★★★★☆


NB :: സിനിമയെയാണോ അതോ താരങ്ങളെയാണോ മലയാളികൾ ഇഷ്ടപ്പെടുക എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാവും കൂടെയുടെ വിജയം. പൊസിറ്റിവ് റിവ്യൂകൾ കൊണ്ട് സോഷ്യൻ മീഡിയകൾ നിറയുന്നത് സൈബർ അറ്റാക്കിങ്ങ് ഗണത്തിൽ പെടാത്തതുകൊണ്ട് കഴിഞ്ഞയാഴ്ച സൈബർ അറ്റാക്കിങ്ങിന് ഇരയായെന്ന് സ്വയം പ്രഖ്യാപിച്ച നവാഗത സംവിധായികയെ ഓർത്തുപോവുകയാണ്. പറ്റൂച്ചാ അഞ്ജലി മേനോന്റെ സിനിമകളെ കണ്ടുപടിക്കുക. ഇല്ലെങ്കിൽ സ്വയം നല്ലൊരു പ്രോഡക്റ്റ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുക. അപ്പോളറിയാം മലയാളി പ്രേക്ഷകരെ. അവരുടെ പിന്തുണയെ.

You Might Also Like

0 Comments