The Vanished Elephant
December 05, 2018🔻ഒരു സിനിമ നമ്മെ ത്രില്ലടിപ്പിക്കാൻ ശരവേഗത്തിൽ സഞ്ചരിക്കുന്ന തിരക്കഥയോ അതിനോട് ചേർന്നുപോവുന്ന സംഗീതമോ ആവശ്യമില്ലെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയായിരുന്നു ഈ ചിത്രം. എത്രത്തോളം ശാന്തമായി കഥ സഞ്ചരിക്കുന്നോ അത്രത്തോളം ത്രിൽ എലമെൻറ്സ് നമുക്ക് സിനിമ പ്രദാനം ചെയ്യുന്നുണ്ട്.
Year : 2014
Run Time : 1h 49min
🔻ക്രൈം നോവലിസ്റ്റായ പ്രശസ്തിയാർജ്ജിച്ച എഡോ സെലെസ്റ്റോ അദ്ദേഹത്തിന്റെ അവസാന നോവലിന്റെ പണിപ്പുരയിലാണ്. പസ്സിലുകൾ കണക്കെ കുഴപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥകളാണ് ആരാധകവൃന്ദം ഇത്രയേറെ വർദ്ധിക്കാൻ കാരണം. അദ്ദേഹത്തിന്റെ കഥകളെയും കേന്ദ്രകഥാപാത്രമായ ഫിലിപ്പിനെയും കേന്ദ്രീകരിച്ചുള്ള ഒരു ഫോട്ടോഗ്രാഫി എക്സിബിഷനിൽ എത്തിച്ചേർന്നപ്പോൾ അദ്ദേഹത്തിന് കാണാനായത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പസ്സിൽ സോൾവ് ചെയ്യാൻ ഒരുങ്ങുന്നു.
🔻ഗംഭീര തിരക്കഥ. അതിനെ വളരെ ടൈറ്റായി വരിഞ്ഞുമുറുക്കിയ അവതരണം. ഓരോ നിമിഷവും കാണികളെ ചിന്തിപ്പിച്ചിരുത്തുന്ന പസ്സിൽ പീസുകൾ. മിസ്റ്ററിയെ അതിന്റെ അത്യുന്നതിയിൽ ആസ്വദിക്കാവുന്ന മികച്ച ചിത്രം. സിനിമയുടെ പേര് പോലും അതിൽ വലിയൊരു ഭാഗമാവുമ്പോൾ സസ്പെൻസ് ഒരുക്കിയിരിക്കുന്ന രീതി ആരെയും ഒരുനിമിഷം പിടിച്ചിരുത്തും. എന്നാൽ അത് എല്ലാവരും ഒരേ രീതിയിൽ സ്വീകരിക്കുമോ എന്നൊരു ചെറിയ സംശയം നിലനിൽക്കുന്നുണ്ട്.
🔻അവസാന അരമണിക്കൂർ കണ്ണെടുക്കാൻ സാധിക്കാത്ത വിധം അവതരണമികവ് സ്‌ക്രീനിൽ നമുക്ക് ദർശിക്കാൻ സാധിക്കും. കാരണം നമ്മൾ എത്രയൊക്കെ ഊഹിച്ചാലും, മനസ്സിൽ എന്തൊക്കെ സംശയമുദിച്ചാലും അവയൊക്കെയും നിഷ്പ്രഭമാക്കുന്ന വഴിത്തിരിവ് തെല്ലൊന്നുമല്ല കഥയുടെ ജീവനാവുന്നത്. ഒരു പക്ഷെ ഒന്നിൽ കൂടുതൽ തവണ നമ്മെ കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കും വിധം യാഥാർഥ്യത്തിനും കെട്ടുകഥക്കും ഇടയിലൂടെയുള്ള സഞ്ചാരം.
🔻കുറച്ച് കഥാപാത്രങ്ങൾ മാത്രം വന്നുപോവുന്ന തിരക്കഥയിൽ ഏവരും തങ്ങളുടെ റോൾ മികച്ചതാക്കിയിട്ടുണ്ട്.സംവിധായകനും നായകനും കൂടിയായ സാൽവദോർ എഡോയെ ഗംഭീരമാക്കി.
🔻ഒരേയൊരു ട്യൂൺ. അത് മാത്രമാണ് ഭൂരിഭാഗവും പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും ആ സന്ദർഭങ്ങളുടെ ജീവതാളമാവുന്നുണ്ട് ഈ സംഗീതം. നമ്മെ അതിശയിപ്പിക്കുന്ന ഭംഗി പല രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അവസാനരംഗങ്ങളൊക്കെ ഗംഭീരം.
🔻FINAL VERDICT🔻
ഒരു നിമിഷം കണ്ണെടുത്താൽ ശ്രദ്ധ പോവുമെന്ന് തോന്നിക്കും വിധം അവതരണത്തിലെ കൺകെട്ടുവിദ്യ കൊണ്ട് കാണികളെ സമർത്ഥമായി കബളിപ്പിക്കുന്ന സംവിധായകന്റെ കരവിരുത് ചിത്രത്തിലുടനീളം പ്രകടമാവുമ്പോൾ ഓരോരുത്തരിലും അവരവരുടേതായ അനുമാനങ്ങൾ വെച്ചുപുലർത്താവുന്ന ചിത്രമാവുന്നുണ്ട് The Vanished Elephant. മിസ്റ്ററി ത്രില്ലർ ജേണറിലേക്ക് ചേർത്തുവെക്കാവുന്ന മികച്ച ചിത്രം ഞാനെന്ന കാണിയെ പൂർണ്ണമായും തൃപ്തിപ്പെടുത്തി.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments