ഈ മ യൗ (2018) - 120 min

May 07, 2018

ഒരാൾ ജനിച്ചുകഴിഞ്ഞാൽ പിന്നെ ഉറപ്പുള്ളതായി ഒന്നേ ഉള്ളൂ. അവന്റെ തന്നെ മരണം. മരണം സത്യമാണ്. അതുപോലെ തന്നെ ഭീകരവും. അത്തരത്തിൽ ഒരു മരണത്തിലേക്കാണ് ഇത്തവണ ലിജോ ജോസ് നമ്മെ കൊണ്ടുപോവുന്നത്.


മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തെ പിന്തുടരാതെ അവരുടെ ആസ്വാദനത്തെ തന്റേതായ വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകരിൽ മുൻപന്തിയുള്ളയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ ചിത്രമായ നായകൻ മുതൽ വേറിട്ട ആസ്വാദനശൈലിയും പ്രമേയങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയ ലിജോയുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. സിറ്റി ഓഫ് ഗോഡും മാജിക്കൽ റിയലിസത്തിലൂടെ ഗംഭീര അനുഭവമായി മാറിയ ആമേനും സെമി റിയലിസ്റ്റിക്ക് ചേരുവകളാൽ സമ്പന്നമായ അങ്കമാലി ഡയറീസിനും ശേഷം വീണ്ടുമൊരു പരീക്ഷണചിത്രവുമായി എത്തിയിരിക്കുകയാണ് ലിജോ ജോസ്. ഒറ്റ വക്കിൽ പറഞ്ഞാൽ വീണ്ടും പ്രേക്ഷകരെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വരവ്.

തന്റെ അപ്പന് താൻ ഒരുക്കിയ വിടവാങ്ങൽ ചടങ്ങ് അഥവാ ശവമടക്കിനെ കുറിച്ച് വീമ്പ് പറയുന്ന വാവച്ചൻ മേസ്തരിക്ക് മകൻ ഈഷി നൽകുന്ന വാക്കാണ് അത്. അപ്പന്റെ മരണശേഷം ആ കര ഇന്നേവരെ കാണാത്ത ശവമടക്ക് തന്നെ നടത്തിക്കൊടുക്കുമെന്ന്. അവിടെ തുടങ്ങുന്ന ചിത്രത്തിന്റെ കഥ.

സെമി റിയാലിസ്റ്റിക്കിൽ നിന്ന് പൂർണ്ണമായും റിയാലിസ്റ്റിക്ക് അപ്പ്രോച്ചിലേക്ക് സംവിധായകൻ കടക്കുന്നതാണ് ഈ മ യൗവിൽ നമുക്ക് കാണാൻ സാധിക്കുക. ചെല്ലാനത്തിലെ കടലോര നിവാസികളിലേക്കാണ് ഇത്തവണ സംവിധായകൻ ക്യാമറ ചലിപ്പിക്കുന്നത്. അവരുടെ ദൈനംദിന ജീവിതങ്ങളും കഥാപാത്രങ്ങളെയുമൊക്കെ കേവലം ഷോട്ടുകളിലൂടെ പരിചയപ്പെടുത്തി നീങ്ങുന്നിടത്ത് വാവച്ചൻ അരങ്ങേറുന്നു. പള്ളിയിലെ ഒറ്റത്തടിയിൽ അൾത്താര പണിത ആളെന്ന പേരിലാണ് വാവച്ചൻ സ്ഥലത്ത് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതവും മരണവും സാധാരണക്കാരിൽ സാധാരണക്കാരനായിട്ടാണ്.

അദ്ദേഹത്തിന്റെ മകനായ ഈഷിയുമായുള്ള ആത്മബന്ധം കേവലം ചില സീനുകളിലൂടെയും ഡയലോഗുകളികളിലൂടേയും കാട്ടിത്തരുന്നുണ്ട്.അത്തരത്തിലുള്ള ബന്ധമാണ് അച്ഛന്റെ ശവമടക്കിനെ പറ്റി ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നതും. ഒരു മകൻ അവന്റെ അപ്പന് നൽകിയ വാക്ക് പാലിക്കാനുള്ള നെട്ടോട്ടമാണ് പിന്നീട ചിത്രത്തിലുടനീളം കാണാൻ സാധിക്കുക.

Ingmar Bergman സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രമായ The Seventh Sealലാണ് ഇതിനുമുമ്പ് മരണത്തെ കഥാപാത്രമായി കണ്ടിട്ടുള്ളത്. ഈ മ യൗവിലും മരണമാണ് നായകൻ. മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്ന് പറയുന്നത് ശരിവെക്കുകയാണ് ചിത്രം. മരണം ഒരാളുടെ അന്തിമവിധിയാവുന്നില്ല. മരണത്തിന് ശേഷവും ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ജീവിതമാണ് ഒരുവന്റേത്. മതവും നിയമങ്ങളും സമൂഹവുമടക്കം പല ബന്ധനങ്ങൾക്കും പാത്രമാവുകയാണ് അയാൾ. ഈ ഒരു പ്രമേയത്തെ ബ്ളാക്ക് ഹ്യൂമറിന്റെ മേമ്പൊടിയോടെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.

ഓരോ കഥാപാത്രത്തിന്റെയും മനോനിലകൾ അവരുടെ ആദ്യകാഴ്ചകളിൽ തന്നെ മനസ്സിലാക്കി തരുവാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഗംഭീര ശവമടക്ക് കൊതിക്കുന്ന വാവച്ചനും അപ്പനെ സ്നേഹിക്കുന്ന ഈഷിയും എന്തിനും കൂടെ നിൽക്കുന്ന മെമ്പർ അയ്യപ്പനും ആമേനിലെ വിഷക്കോലിനെ അനുസ്മരിപ്പിക്കുന്ന ലാസറുമൊക്കെ അവയുടെ ചെറിയ ഉദാഹരണങ്ങൾ മാത്രം. അതുകൊണ്ട് തന്നെ ഡീറ്റെയിലിങ്ങിനായി അധികം സമയം വേണ്ടിവന്നിട്ടില്ല. രണ്ട് മണിക്കൂറിൽ എല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കുവാനും കൂട്ടായ പരിശ്രമത്തിന് സാധിച്ചിട്ടുണ്ട്.


സെവൻത് സീലിൽ മരണവും മനുഷ്യനും തമ്മിലുള്ള ചെസ്സ് കളിയായിരുന്നുവെങ്കിൽ അതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ മ യൗവിലെ ചീട്ടുകളി. പലതരം വ്യാഖ്യാനങ്ങൾക്ക് സാധ്യമാകുന്ന തരത്തിലുള്ള ചലനങ്ങളും സംഭാഷണങ്ങളും അവിടെ നിന്ന് ശ്രവിക്കാം. അതോടൊപ്പം തന്നെ മരണത്തിന് ശേഷം മറ്റൊരു ജീവിതവും ഉണ്ടെന്ന പറച്ചിലാണ് ചിത്രത്തിലെ അവസാന രംഗം സാധ്യമാക്കുക. അത്തരത്തിൽ ഒരു മരണത്തിന്റെ വിവിധ സാധ്യതകളിലേക്ക്, പലരുടെയും സ്വാർത്ഥതാൽപര്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ചിത്രം.

സംവിധായകന്റെ ഭ്രാന്തമായ ചിന്തകൾക്ക് പിന്തുണ നൽകുന്ന മികച്ച തിരക്കഥയാണ് മാത്യൂസ് ഒരുക്കിയിരിക്കുന്നത്. അതിന് ഗംഭീര ദൃശ്യഭാഷ്യമൊരുക്കി ഒരിക്കൽ കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ. കഥാപാത്രങ്ങളും ബ്ളാക്ക് ഹ്യൂമറുമൊക്കെ പ്ലേസ് ചെയ്തിരിക്കുന്ന വിധം അഭിനന്ദനാർഹമാണ്. ഒരിക്കൽ പോലും റിയലിസത്തിൽ നിന്ന് വഴുതി മാറാതെ പൂർണ്ണമായും ആഖ്യാനം തന്റെ കൈപ്പിടിയിൽ ഒതുക്കുന്നുണ്ട് സംവിധായകൻ. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മയും.


കൂട്ടായ് യന്തത്തിന്റ ഫലം കൂടിയാണ് ചിത്രം. ഛായാഗ്രാഹകൻ ഷൈജു ഖാലിദിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച സൃഷ്ടിയാവും ഈ മ യൗവിൽ ദർശിക്കാനാവുക. കടലോരങ്ങളും മരണത്തിന്റെ ഭാവങ്ങളും ഭാവാന്തരീക്ഷങ്ങളുമൊക്കെ സൃഷ്ടിച്ചെടുക്കാൻ മികച്ച പിന്തുണ നൽകിയിട്ടുണ്ട് ഷൈജുവിന്റെ ക്യാമറക്കണ്ണുകൾ. ഓരോ കഥാപാത്രത്തിനൊപ്പം നടന്ന് അയാളുടെ സ്വാഭാവം മനസ്സിലാക്കുന്ന തരത്തിലുള്ള പകർപ്പുകൾ വളരെ ഗുണം ചെയ്തിട്ടുണ്ട്. കൂടെ രാത്രിയെ വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നതും നമുക്ക് കാണാം.

തന്റെ എല്ലാ ചിത്രങ്ങളിലും സംഗീതത്തിനാണ് കൂട്ടുപിടിക്കുന്ന പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിലും ലിജോയുടെ സംഗീത സംവിധായകൻ. എന്നാൽ പശ്ചാത്തലസംഗീതം കൃത്രിമമായി കൊടുക്കുന്നതിലും ഭംഗിയായി മരണവീട്ടിൽ ബാന്റ് മേളക്കാരുടെയും ക്ലാർനെറ്റിന്റേയും ശബ്ദത്തിലൂടെയും ശബ്ദത്തിലൂടെ പൊലിമ നൽകുന്നുണ്ട് പ്രശാന്ത് പിള്ള.  അവസാനരംഗത്തിൽ പശ്ചാത്തലസംഗീതം നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ശബ്ദരൂപകല്പന എത്ര അഭിനന്ദിച്ചാലും മതിവരില്ല. കടലിന്റെ ഇരമ്പലും കാറ്റിന്റെ താളവും മരണവീട്ടിൽ ഓരോ നിമിഷങ്ങൾ പോലും ഗംഭീരമായി രൂപകൽപന ചെയ്തിട്ടുണ്ട് രംഗനാഥ് രവി. തീയേറ്ററിൽ മികച്ച അനുഭവം നൽകുന്നതിനും അത് സാധ്യമാക്കിയിട്ടുണ്ട്. മഴയും കാറ്റുമൊക്കെ മരണവീട്ടിലെ അതിഥികളായി എത്തുമ്പോൾ ആ സന്ദര്ഭങ്ങൾക്ക് അവ നൽകുന്ന ആക്കം വളരെ വലുതാണ്.

കാസ്റ്റിംഗിലെ മികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ മ യൗ. വാവച്ചനെ കൈനകരി തങ്കരാജ് തന്റെ ശരീരഭാഷ്യം കൊണ്ടും ശബ്ദവ്യതിയാനങ്ങൾ കൊണ്ടും ഗംഭീരമാക്കിയപ്പോൾ മകനായി ചെമ്പൻ വിനോദ് പകരക്കാരില്ലാത്ത കഥാപാത്രമായി ജീവിച്ചു. അച്ഛന്റെ അതെ ഛായ തന്നെ തോന്നും വിധമായിരുന്നു ഇരുവരുടെയും കാസ്റ്റിംഗ്. അച്ഛന്റെ ആഗ്രഹം സാധിക്കാനായി കഷ്ടപ്പെടുന്ന, പല ഘട്ടങ്ങളിലും നിരാശനാവേണ്ടി വരുന്ന ഈഷിയെ അതിഗംഭീരമായി സ്‌ക്രീനിൽ പകർന്നുനല്കിയിട്ടുണ്ട് ചെമ്പൻ. കൂടെ മെമ്പർ അയ്യപ്പനായി വന്ന വിനായകനും ഞെട്ടിക്കുന്ന പ്രകടനത്താൽ കയ്യടി വാങ്ങുന്നു. പള്ളി വികാരിയായി വന്ന തന്റെ  കഥാപാത്രത്തെ  മാനറിസങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട് ദിലീഷ് പോത്തൻ. കൂടെ മലയാള സിനിമ ഇന്നുവരെ ഉപയോഗിക്കാത്ത നടിയെ കൂടി ചിത്രത്തിലൂടെ കാണാൻ സാധിച്ചു. പോളി വിത്സൺ. എന്താ ഒരുഅഭിനയം. പെണ്ണമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൽ നിന്ന് മനസ്സിലാക്കാം പോളിയുടെ ഇനിയും ഉപയോഗിക്കാത്ത കഴിവുകളെ. അതോടൊപ്പം തന്നെ ചെറിയ റോളുകളിൽ വന്നുപോയവർ പോലും പുറത്തെടുത്ത പ്രകടനങ്ങൾ അഭിനന്ദനാർഹമാണ്.

🔻FINAL VERDICT🔻


മലയാളസിനിമയെ ലോകസിനിമയുടെ നെറുകയിൽ ഉയർത്താൻ ശേഷിയുള്ള ഗംഭീരസൃഷ്ടി. ഒറ്റ വാക്കിൽ അതാണ് ഈ മ യൗ. ലിജോ, നിങ്ങൾ ഈ തലമുറക്ക് പകർന്നുനൽകുന്ന ധൈര്യം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വ്യത്യസ്തതകളെ ചുവട് വെച്ച് നടക്കാൻ ഇഷ്ടപ്പെടുന്ന ലിജോ ജോസ് എന്ന സംവിധായകന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാം ഈ മ യൗവിനെ. തീയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ട, മരണത്തിന്റെ തണുപ്പും ഭയവും പ്രേക്ഷകരിലേക്കും അരിച്ചിറങ്ങുന്ന, കണ്ടുകഴിഞ്ഞാലും അതിൽ നിന്ന് മുക്തമാവാത്ത ഒരനുഭവം. ഇത്തരത്തിൽ ഒന്നേ കാണൂ. അത് നഷ്ടപ്പെടുത്താതിരിക്കുക.

MY RATING :: ★★★★☆

You Might Also Like

0 Comments